

ഇന്‍പുട്ടിന്റെയും ഘടകകളുടെയും ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ഇവികളുടെ വില ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങളുടെ വില എട്ട് ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ഒരുങ്ങുന്നത്. രണ്ട്, മൂന്ന്, നാല് ചക്ര വാഹന നിര്‍മാതാക്കള്‍ വില വര്‍ധന സമ്മര്‍ദത്തിലാണെന്നും അടുത്ത മാസം മുതല്‍ മോഡലുകളില്‍ 6-8 ശതമാനം വില വര്‍ധനവുണ്ടായേക്കുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടാറ്റ മോട്ടോഴ്സ്, ഏഥര്‍ എനര്‍ജി എന്നിവയുള്‍പ്പെടെ ചില കമ്പനികള്‍ ഇതിനകം വില വര്‍ധിപ്പിച്ചിട്ടുണ്ട്, അതേസമയം ഹീറോ ഇലക്ട്രിക്, കൈനറ്റിക് ഗ്രീന്‍ എനര്‍ജി തുടങ്ങിയ നിരവധി കമ്പനികള്‍ എത്രത്തോളം വില വര്‍ധനവ് നടപ്പാക്കണമെന്ന അവലോകനത്തിലാണ്.
'അപ്സ്ട്രീം അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധം നിക്കല്‍, ലിഥിയം, മറ്റ് വസ്തുക്കള്‍ എന്നിവയുടെ വിലയെ സാരമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി ഇവി ബാറ്ററി വില 5 ശതമാനം കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' ഓട്ടോമോട്ടീവ് ബിസിനസ് ഇന്റലിജന്‍സിന്റെ ആഗോള വിതരണക്കാരായ ജാറ്റോ ഡൈനാമിക്സിന്റെ പ്രസിഡന്റ് രവി ഭാട്ടിയ പറഞ്ഞു. ഇവികളില്‍ ഉപയോഗിക്കുന്ന ബാറ്ററികളിലെ നിര്‍ണായക ഘടകമായ നിക്കലിന്റെ 20 ശതമാനം വിതരണവും റഷ്യയില്‍നിന്നാണ്. ഇവികളുടെ ആകെ വിലയുടെ 50 ശതമാനത്തോളം വരുന്നത് ബാറ്ററികള്‍ക്കാണ്. 2022 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആഗോള സെല്ലുകളുടെ വില 20-30 ശതമാനം വരെ ഉയരുമെന്ന് ഇരുചക്രവാഹനങ്ങളുടെ ബാറ്ററി പാക്ക് വിതരണക്കാരായ Batrixx ന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആനന്ദ് കബ്ര പറഞ്ഞു.
നിലവില്‍, ടാറ്റയുടെ ഇലക്ട്രിക് എസ്യുവിയായ നെക്സണിന്റെ വിലയില്‍ 25,000 രൂപ വില വര്‍ധനവാണ് കമ്പനി പ്രഖ്യാപിച്ചത്. ഏപ്രിലില്‍ അടുത്ത പര്‍ച്ചേസ് വിന്‍ഡോ തുറക്കുമ്പോള്‍ സ്‌കൂട്ടര്‍ വില 3-5 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഒല ഇലക്ട്രിക്കും ലക്ഷ്യമിടുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine