കുതിക്കുന്ന ഇന്ധനവില: ടെസ്‌ലയ്ക്ക് കൊയ്ത്തു കാലം വരുമോ

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നു കൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ അടുത്ത വർഷം ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുമെന്ന് കരുതപ്പെടുന്ന ടെസ്‌ലയുടെ ഇലക്ട്രിക്‌ കാറുകൾ രാജ്യത്ത് വളരെ വലിയ ആവേശം സൃഷ്ടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പെട്രോൾ ലിറ്ററിന് തൊണ്ണൂറ് രൂപ കഴിഞ്ഞ സ്ഥിതിക്ക് ധാരാളം പേർ ഇലക്ട്രിക്ക് കാറിലേക്ക് ചുവടു മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

എന്നാൽ ടെസ്‌ല കാറിന്റെ വില 55 മുതൽ 60 ലക്ഷം രൂപ വരെ ആയിരിക്കാൻ സാധ്യതയുള്ളതിനാൽ, ഇത് എത്ര പേർക്ക് താങ്ങാനാകും എന്ന കാര്യത്തിൽ സംശയങ്ങൾ ബാക്കിയാവുന്നു. ലോകത്തിലെ ഏറ്റവും വലിയ കാർ കമ്പനികളിലൊന്നായ ടെസ്‌ല തുടക്കത്തിൽ ഇറക്കുമതിയുടെ പാത സ്വീകരിക്കുമെന്നതിനാൽ ഈ കാർ വാങ്ങിക്കുന്നവർ ഉയർന്ന തീരുവ നൽകേണ്ടി വരും.
യു എസ് ഇലക്ട്രിക്‌ വാഹന കമ്പനിയായ ടെസ്‌ല 2021 ന്റെ തുടക്കത്തിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിക്കഴിഞ്ഞു. ടെസ്‌ല ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നത് ഇലക്ട്രിക്‌ കാറുകളുടെ കാര്യത്തിൽ രാജ്യത്തെ ഉപയോക്താക്കൾക്ക് വളരെയധികം ആവേശവും താൽപ്പര്യവും സൃഷ്ടിക്കുമെന്ന് നിസംശയം പറയാം എന്നാണ് മന്ത്രി പറഞ്ഞത്.
എന്നാൽ ടെസ്‌ല കാറുകൾ രാജ്യത്ത് ഓടിത്തുടങ്ങാൻ ഇനിയും സമയം എടുക്കുമെന്നാണ് ഓട്ടോമോട്ടീവ് മേഖലയിലെ പ്രമുഖരായ ഇ വൈ ഇന്ത്യയുടെ വിനയ് രഘുനാഥ്പറയുന്നത്.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇന്ത്യയിൽ ഇതിനകം തന്നെ സാന്നിദ്ധ്യം അറിയിച്ച ഓ ഇ എമ്മുകൾ (ഒറിജിനൽ ഉപകരണ നിർമ്മാതാക്കൾ) ഇലക്ട്രിക്ക് വാഹനങ്ങൾ ഉണ്ടാക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചു കഴിഞ്ഞു എന്നത് നല്ല സൂചനയാണ്. ചില കമ്പനികൾക്ക് ഇന്ത്യൻ ഉപഭോക്താവിന് അനുയോജ്യമായ രീതിയിൽ അവരുടെ ഇലക്ട്രിക്ക് വാഹന പോർട്ട്‌ഫോളിയോ വിപുലീകരിക്കാനും കമ്പനിയുടെ വാല്യൂ പ്രൊപോസിഷൻസ് മിനുക്കിയെടുക്കാനും ആഗ്രഹമുണ്ട്.
വ്യക്തിഗത മൊബിലിറ്റിയുടെ മേഖലയിൽ ഇലക്ട്രിക്‌ വാഹനങ്ങൾക്കുള്ള വഴിത്തിരിവായി ടെസ്‌ലയുടെ പ്രവേശനം അടയാളപ്പെടുത്തുമെന്ന് സെയിൽസ് ഫോർകാസ്റ്റിംഗ് ആന്റ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐ.എച്ച്.എസ്. മാർക്കിറ്റിന്റെ ഡയറക്ടർ പുനീത് ഗുപ്ത പറയുന്നു.
ടാറ്റ നെക്സൺ, എം‌ ജി സെഡ് എസ്, ഹ്യുണ്ടായ് കോന എന്നിവയുൾപ്പെടെ ഏതാനും നിർമ്മാതാക്കളുടെ വിരലിലെണ്ണാവുന്ന മോഡലുകൾ മാത്രമാണ് ഈ മേഖലയിലുള്ളത്. കഴിഞ്ഞ വർഷം ഇന്ത്യ 3,000 ഇലക്ട്രിക്‌ കാറുകൾ വിറ്റഴിച്ചു. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്ക് വാർഷികാടിസ്ഥാനത്തിൽ ചെറിയ ഇടിവ് വന്നേക്കാൻ ഇടയുടെണ്ടെന്നാണ് സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക്‌ വെഹിക്കിൾസ് പ്രസിഡന്റ് സോഹിന്ദർ ഗിൽ പറഞ്ഞത്.
മുകളിൽ നിന്ന് താഴോട്ട് എന്ന സമീപനം തന്നെയാണ് കാർ മാർക്കറ്റിൽ വിജയിക്കുക എന്ന് ടെസ്‌ലയുടെ ഇന്ത്യൻ മാർക്കറ്റിലെ തന്ത്രങ്ങളെ പരാമർശിച്ച് ഗിൽ പറഞ്ഞു. "ഇന്ത്യയിൽ ഒരു ടെസ്‌ല സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ഉണ്ടാകും," ബ്രാൻഡിന്റെ പ്രവേശനം ഒരു പ്രധാന വഴിത്തിരിവ് സൃഷ്ടിക്കുമെന്നും ഇ വികൾക്ക് ഉത്തേജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതോടെ ഇന്ത്യൻ കമ്പോളത്തെ നന്നായി മനസ്സിലാക്കാൻ ടെസ്‌ലയ്ക്ക് കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇന്ത്യൻ മാർക്കറ്റിലെ തന്ത്രങ്ങളുടെ രണ്ടാം ഘട്ടത്തിൽ, ടെസ്‌ല അതിന്റെ മോഡലുകൾ ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കാൻസാധ്യതയുണ്ട്. 2023 ഓടെ ഇങ്ങനെ പ്രാദേശികമായി നിർമ്മിച്ച മോഡലുകൾ പുറത്തിറക്കാൻ തുടങ്ങും.


Ismail Meladi
Ismail Meladi  

Related Articles

Next Story

Videos

Share it