

ആഗോളതലത്തില്‍ ഇലക്ട്രിക് വാഹന വില്പനയില്‍ കുതിപ്പിന്റെ വര്‍ഷമാണ് 2026. മിഡില്‍ ഈസ്റ്റ് യുദ്ധത്തെതുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നതും ഇവി സാങ്കേതികവിദ്യ കൂടുതല്‍ ശക്തമായതും ഇവി വില്പനയ്ക്ക് ശക്തി പകരുകയാണ്.
പെട്രോള്‍ വില വര്‍ധന കുടുംബബജറ്റിനെ താളംതെറ്റിച്ച് തുടങ്ങിയതോടെ കേരളത്തിലും ഇവിയിലേക്കുള്ള മാറ്റത്തിന് വേഗം കൈവന്നിട്ടുണ്ട്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് മേയില്‍ ഇവി വില്പനയില്‍ വലിയ കുതിപ്പുണ്ടായെന്ന് വിവിധ കമ്പനികളുടെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
'ഒരു കിലോമീറ്ററിന് പെട്രോള്‍ വാഹനത്തേക്കാള്‍ വളരെ കുറഞ്ഞ ചെലവ് മാത്രമാണ് ഇവിക്ക് വരുന്നുള്ളൂ. രണ്ടാമതൊരു ഒരു സ്‌കൂട്ടര്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഒന്നും നോക്കാതെ ഇവി തിരഞ്ഞെടുക്കാന്‍ കാരണമതാണ്. ഇപ്പോള്‍ ഓഫീസില്‍ പോകുന്നതും വരുന്നതുമെല്ലാം ഇവിയിലാണ്. വലിയൊരു തുക ലാഭിക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ട്- കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ജെയ്‌സണ്‍ ജോസഫ് ധനംഓണ്‍ലൈനിനോട് പറഞ്ഞു.
കേരളത്തിലെ ഇവി വിപണിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്നത് ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗമാണ്. നഗരപ്രദേശങ്ങളില്‍ ദിവസേന യാത്ര ചെയ്യുന്ന യുവാക്കളും കുടുംബങ്ങളും ഇന്ധനച്ചെലവ് കുറയ്ക്കാന്‍ ഇലക്ട്രിക് സ്‌കൂട്ടറുകളെ തിരഞ്ഞെടുക്കുന്നു.
ടിവിഎസ്, ഏതര്‍, ടിവിഎസ്, ബജാജ് തുടങ്ങിയ കമ്പനികളുടെ മോഡലുകള്‍ക്ക് മികച്ച പ്രതികരണമാണുള്ളത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കുറഞ്ഞ പലിശയില്‍ ഇവി വായ്പകള്‍ നല്‍കുന്നത് ആവശ്യകത വര്‍ധിപ്പിക്കുന്നു.
ഇലക്ട്രിക് കാര്‍ വിഭാഗത്തിലും കേരളം വളര്‍ച്ചയില്‍ മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണ്. ടാറ്റ മോട്ടോഴ്‌സ്, എംജി മോട്ടോര്‍, മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ മോഡലുകള്‍ക്ക് ആവശ്യകത ഉയര്‍ന്നിട്ടുണ്ട്. പ്രതിമാസം 1,500 മുതല്‍ 2,000 കിലോമീറ്റര്‍ വരെ യാത്ര ചെയ്യുന്നവര്‍ക്ക് ഇലക്ട്രിക് വാഹനങ്ങളിലൂടെ ഗണ്യമായ ലാഭം നേടാനാകുമെന്ന് വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തികവര്‍ഷം ഇവി വില്പനയില്‍ വലിയ കുതിപ്പുണ്ടാകുമെന്നാണ് കാര്‍ നിര്‍മാണ കമ്പനികളുടെ പ്രതീക്ഷ.
പെട്രോള്‍ വില കൂടിയ ശേഷം എന്‍ക്വയറിയും ബുക്കിംഗും കൂടിയിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷത്തെ ഉയര്‍ന്ന വില്പനയാണ് കഴിഞ്ഞ മാസം നടന്നത്. പെട്ടെന്ന് ഡിമാന്‍ഡ് കൂടിയത് ഡെലിവറി കാലയളവ് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഡെലിവറി സമയം 18-30 ദിവസത്തിനുള്ളിലാണ്. ഡിമാന്‍ഡ് ഇനിയും കൂടിയാല്‍ ഇത് ഉയരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം ഒരു ഷോറൂമില്‍ മാത്രം 96 യൂണിറ്റുകളാണ് വിറ്റുപോയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ വളര്‍ച്ച വില്പനയിലുണ്ടായിട്ടുണ്ട്. ബജാജ് ചേതക് ഇവിയുടെ കൊച്ചിയിലെ വിതരണക്കാരായ കെവിആര്‍ ചേതക്കിന്റെ ജനറല്‍ മാനേജര്‍ അമല്‍രാജ് തമ്പി ധനംഓണ്‍ലൈനോട് പറഞ്ഞു.
പലരെയും ഇവിയിലേക്ക് മാറുന്നതില്‍ നിന്ന് പിന്നോട്ടുവലിക്കുന്നത് ചാര്‍ജിംഗ് കേന്ദ്രങ്ങളുടെ അഭാവമാണ്. നിലവില്‍ ദേശീയപാതകളിലും നഗര കേന്ദ്രങ്ങളിലുമാണ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ കൂടുതലുള്ളത്. ഗ്രാമീണ മേഖലകളില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നിലാണ്. കാറായാലും ഇരുചക്ര വാഹനങ്ങളായാലും വില്പന കൂടുതലും നഗരമേഖലയിലാകാന്‍ കാരണവും ഇതുതന്നെ.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ദീര്‍ഘകാലം തുടരുകയും ക്രൂഡ് ഓയില്‍ വില വീണ്ടും ബാരലിന് 90-100 ഡോളര്‍ നിലവാരത്തിലേക്ക് ഉയരുകയും ചെയ്താല്‍ പെട്രോള്‍, ഡീസല്‍വില വീണ്ടും ഉയര്‍ന്നേക്കും. അങ്ങനെ സംഭവിച്ചാല്‍ ഇവിയിലേക്കുള്ള കുടിയേറ്റത്തിന്റെ വേഗത ഇനിയും ഉയരും.
കഴിഞ്ഞവര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഇത്തവണ രാജ്യത്തെ ഇരുചക്ര ഇവി വില്പനയില്‍ 62.76 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വിവിധ കമ്പനികള്‍ ചേര്‍ന്ന് കഴിഞ്ഞ മാസം ആകെ വിറ്റത് 1,70,733 യൂണിറ്റുകളാണ്. 2025 മെയില്‍ വില്പന 1,04,896 യൂണിറ്റുകളായിരുന്നു.
ടിവിഎസ് മോട്ടോര്‍ ആണ് ഈ മാസവും വില്പനയില്‍ ആധിപത്യം പുലര്‍ത്തിയത്. തൊട്ടുപിന്നില്‍ ബജാജ് ഓട്ടോ ഉണ്ട്. കടുത്ത മത്സരം കാഴ്ച്ചവച്ച് ഏഥര്‍ എനര്‍ജി മൂന്നാംസ്ഥാനം നിലനിര്‍ത്തി. ഒരുകാലത്ത് ഇന്ത്യന്‍ വിപണി ഭരിച്ചിരുന്ന ഒല ഇലക്ട്രിക് നെഗറ്റീവ് വളര്‍ച്ചയോടെ നാലാംസ്ഥാനത്താണ്.
ഇവി കാറുകളില്‍ ടാറ്റ മോട്ടോഴ്‌സ് ആണ് വിപണി വിഹിതത്തില്‍ മുന്നില്‍. മേയ് മാസം 10,339 യൂണിറ്റുകളാണ് കമ്പനി വിറ്റത്. മഹീന്ദ്ര 6,210 യൂണിറ്റുകളും എംജി മോട്ടോഴ്‌സ് 4,985 യൂണിറ്റുകളും വിറ്റഴിച്ചു. കേരള വിപണിയിലും ഇവി കാര്‍ വില്പനയും ബുക്കിംഗും ഉയര്‍ന്ന നിലയില്‍ തന്നെയാണുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine