

പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ മൊബിലിറ്റിയുടെ ഇന്‍ഡി ഇനി ഫ്‌ലിപ്കാര്‍ട്ടിലൂടെ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വില്‍പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഫ്‌ലിപ്കാര്‍ട്ടുമായി കൈകോര്‍ക്കുന്നത്. ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്സില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കും.
റിവറിന്റെ നിലവിലുള്ള ഷോറൂം ശൃംഖലയെയും ഫ്‌ലിപ്കാര്‍ട്ടിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനെയും സംയോജിപ്പിച്ചാണ് വില്‍പന നടത്തുക. ഫ്‌ലിപ്കാര്‍ട്ടിലെ റിവര്‍ ബ്രാന്‍ഡ് സ്റ്റോറിലൂടെ സ്‌കൂട്ടറിന്റെ വിവരങ്ങള്‍ അറിയാനും ഓണ്‍ലൈനായി ബുക്ക് ചെയ്യാനും ഉപഭോക്താക്കള്‍ക്ക് കഴിയും.
നിലവില്‍ 48 നഗരങ്ങളിലായി 72 സ്റ്റോറുകളിലൂടെ ഇന്‍ഡി ലഭ്യമാണെന്ന് കമ്പനി വ്യക്തമാക്കി. ഷോറൂം ശൃംഖല വികസിക്കുന്നതിനനുസരിച്ച് കൂടുതല്‍ വിപണികളിലും ഫ്‌ലിപ്കാര്‍ട്ട് വഴിയുള്ള ബുക്കിംഗ് ലഭ്യമാക്കും.
ഓണ്‍ലൈന്‍ ഉപഭോക്താക്കളിലേക്ക് ഇന്‍ഡിയെ കൂടുതല്‍ അടുപ്പിക്കാനും വിപണിയിലെ സാന്നിധ്യം വിപുലീകരിക്കാനും പങ്കാളിത്തം സഹായിക്കുമെന്ന് റിവര്‍ മൊബിലിറ്റി സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് മണി പറഞ്ഞു.
ഒറ്റ ചാര്‍ജില്‍ 163 കിലോമീറ്ററാണ് റിവര്‍ ഇന്‍ഡിക്ക് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.7 സെക്കന്‍ഡ് മതി.
ഇക്കോ, റൈഡ്, റഷ് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ലഭ്യമാണ്. സീറ്റിനടിയില്‍ 43 ലിറ്ററും മുന്നില്‍ 12 ലിറ്ററും സംഭരണശേഷിയുണ്ട്. ആറ് ഇഞ്ച് ഡിജിറ്റല്‍ ഡിസ്‌പ്ലേ, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റ്, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയുമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine