എഞ്ചിന്‍ നിര്‍മ്മാണ കമ്പനി റോള്‍സ് റോയ്സ് കരാറുകള്‍ നേടാന്‍ 75 കോടി കൈക്കൂലി നല്‍കിയെന്ന് സി.ബി.ഐ

എഞ്ചിന്‍ നിര്‍മ്മാണ കമ്പനി റോള്‍സ് റോയ്സ് കരാറുകള്‍ നേടാന്‍ 75 കോടി കൈക്കൂലി നല്‍കിയെന്ന് സി.ബി.ഐ
Published on

ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള കോണ്‍ട്രാക്റ്റുകള്‍ നേടിയെടുക്കാന്‍ ഇലക്ട്രോ മെക്കാനിക്കല്‍ എഞ്ചിന്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനിയായ ബ്രിട്ടനിലെ റോള്‍സ് റോയ്സ്് 75 കോടി രൂപ കൈക്കൂലി നല്‍കിയതായി ആരോപിക്കുന്ന കേസ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തു

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഗെയില്‍ എന്നിവയില്‍ നിന്നുമുള്ള കോണ്‍ട്രാക്റ്റുകള്‍ക്കായി റോള്‍സ് റോയ്സ് ഡല്‍ഹിയിലെ അവരുടെ പ്രതിനിധിയായ മിസ്സ് ആഷ്‌മോര്‍ പ്രൈവറ്റ് ലിമിറ്റഡ് വഴി തുകകള്‍ നല്‍കിയതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

റോള്‍സ് റോയ്സുമായുള്ള എച്ച്എഎല്ലിന്റെ മൊത്തം ബിസിനസ്സ് 2000 മുതല്‍ 2013 വരെ 4,700 കോടിയിലധികമായി ഉയരാന്‍ സഹായിച്ച എച്ച്എഎല്ലിന്റെ ഉദ്യോഗസ്ഥര്‍ക്ക് വേറെ കൈക്കൂലി നല്‍കിയതായും ആരോപിക്കുന്നു.

2014 ല്‍ ഇതു സംബന്ധിച്ച പരാതി ലഭിച്ചപ്പോള്‍ അന്നു പ്രതിരോധ മന്ത്രിയായിരുന്ന എ.കെ.ആന്റണിയാണ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കാന്‍ നടപടിയെടുത്തത്. ഒപ്പിട്ട സമഗ്ര ഉടമ്പടിയിലെ വ്യവസ്ഥകള്‍ ലംഘിച്ച് 2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഒഎന്‍ജിസിക്ക് ഉപകരണങ്ങള്‍ നല്‍കിയ 38 ഇടപാടുകളില്‍ റോള്‍സ് റോയ്സ് കമ്മീഷന്‍ നല്‍കിയതായും സിബിഐ ആരോപിക്കുന്നു.

'റോള്‍സ് റോയ്സിന്റെ പ്രധാന വിപണിയാണ് ഇന്ത്യ. സിബിഐയില്‍ നിന്നുള്ള സംഘം ബന്ധപ്പെടുന്നപക്ഷം അന്വേഷണത്തോട് ഉചിതമായ രീതിയില്‍ പ്രതികരിക്കും. ഉയര്‍ന്ന നൈതിക നിലവാരം പുലര്‍ത്താന്‍ പ്രതിജ്ഞാബദ്ധരായ ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സ് ദുരുപയോഗം അംഗീകരിക്കില്ല. നിലവില്‍ ഇന്ത്യയില്‍ റോള്‍സ് റോയ്സിനായി പ്രവര്‍ത്തിക്കുന്ന ആരും ഈ ഇടപാടുകളില്‍ ഒരു പങ്കും വഹിച്ചിട്ടില്ല.' - റോള്‍സ് റോയ്സ് വക്താവ് പ്രതികരിച്ചു.

ബ്രിട്ടന്‍ ആസ്ഥാനമായി  1884 മുതല്‍ പ്രവര്‍ത്തിച്ചുവന്ന റോള്‍സ് റോയ്സ് കമ്പനിയുടെ കാര്‍ നിര്‍മ്മാണ, വിപണന വിഭാഗം 1973 മുതല്‍ വേര്‍പെടുത്തി. വിവാദത്തില്‍ പെട്ടിരിക്കുന്ന ഇലക്ട്രോ മെക്കാനിക്കല്‍ എഞ്ചിന്‍ നിര്‍മ്മാണ കമ്പനിയായ  റോള്‍സ് റോയ്സിന് 1998 മുതല്‍ ബി.എം.ഡബ്‌ളിയുവിന്റെ നിയന്ത്രണത്തിലായ റോള്‍സ് റോയ്സ് കാര്‍ വിഭാഗവുമായി ബന്ധമില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com