
വാഹനലോകത്തെ ആഡംബര ബ്രാന്‍ഡുകളിലെ അവസാനവാക്കുകളിലൊന്നാണ് ബ്രിട്ടീഷ് കമ്പനിയായ റോള്‍സ്-റോയ്‌സ്. കാലത്തിനൊത്ത മാറ്റം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനും റോള്‍സ്-റോയ്‌സ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്ന ഇക്കാലത്ത് അതേ ട്രെന്‍ഡിനൊപ്പം നില്‍ക്കാന്‍ റോള്‍സ്-റോയ്‌സും ശ്രദ്ധിച്ചു. കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാറായ 'സ്‌പെക്ടര്‍' ഇതാ ഇന്ത്യന്‍ വിപണിയിലും എത്തി. എക്‌സ്‌ഷോറൂം വില തന്നെ 7.5 കോടി രൂപയാണ്.
577 ബി.എച്ച്.പി കരുത്തും പരമാവധി 900 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്‌പെക്ടറിന്റെ ഹൃദയം. ഓരോ ആക്‌സിലിലും ഒന്ന് വീതം ഘടിപ്പിച്ചിരിക്കുന്നു. 2,890 കിലോഗ്രാം ഭാരമുണ്ട് ഈ കാറിന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സ്‌പെക്ടറിന് വെറും 4.5 സെക്കന്‍ഡ് മതി
Image courtesy: Rolls Royce
195 കിലോ വാട്ട് ഡി.സി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 34 മിനിറ്റിനുള്ളില്‍ 10-80 ശതമാനം ചാര്‍ജ് ചെയ്യാനും കഴിയും. റോള്‍സ് റോയ്സിന്റെ ഓള്‍-അലൂമിനിയം സ്പേസ് ഫ്രെയിം പ്ലാറ്റ്ഫോമിലാണ് സ്പെക്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗോസ്റ്റ്, കള്ളിനന്‍, ഫാന്റം തുടങ്ങിയയും ഈ പ്ലാറ്റ്ഫോം പങ്കിടുന്നു. ഫോര്‍ വീല്‍ സ്റ്റിയറിംഗും ആക്ടീവ് സസ്‌പെന്‍ഷന്‍ സംവിധാനവും ഇതിലുണ്ട്. ഏറെ നീളമുള്ള വണ്ടിയായതിനാലും 4-വീല്‍ സ്റ്റിയറിംഗ് നല്‍കിയിട്ടുള്ളതിനാലും ടേണിംഗ് റേഡിയസ് കുറവായിരിക്കും.
Image courtesy: Rolls Royce
സ്‌പെക്ടറിന്റെ ഇന്റീരിയറില്‍ വിപുലമായ ഫീച്ചറുകളാണുള്ളത്. ഈ വാഹനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലേക്കും സമഗ്രമായ പ്രവേശനം പ്രദാനം ചെയ്യുന്ന കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയായ പുതിയ ഡിജിറ്റല്‍ ഇന്റര്‍ഫേസ് 'സ്പിരിറ്റ്' എന്ന സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്ഫോമാണ് ശ്രദ്ധേയമായ ഘടകം. ഡോര്‍ പാഡുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്റ്റാര്‍ലൈറ്റ് ലൈനര്‍ യാത്രകളെ കൂടുതല്‍ പ്രീമിയമാക്കും.
ഡാഷ്ബോര്‍ഡിലെ സ്‌പെക്ടര്‍ നെയിംപ്ലേറ്റ് 5,500ല്‍ അധികം നക്ഷത്രങ്ങള്‍ പോലെയുള്ള ഇല്യൂമിനേഷനുകളുടെ ഒരു ക്ലസ്റ്റര്‍ ഉപയോഗിച്ച് പ്രകാശിപ്പിക്കുന്നു. ഡയലുകളുടെ നിറം പോലും മാറ്റാനുള്ള കഴിവ് ഉള്‍പ്പെടെയുള്ള കസ്റ്റമൈസേഷന്‍ ഓപ്ഷനുകളുള്ള സ്പിരിറ്റ് യു.ഐ ബെസ്പോക്ക് സേവനങ്ങളും കാറിനൊപ്പം വാഗ്ദാനം ചെയ്യും.
Image courtesy: Rolls Royce
Read DhanamOnline in English
Subscribe to Dhanam Magazine