റോയല്‍ ഡ്രൈവ് ലക്ഷ്വറി മോഹം പൂവണിയുന്നിടം

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ രാജകീയ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു കാര്‍ വില്‍പ്പനശാല. കാറുകളുടെ നീണ്ടനിര കണ്ടാല്‍ എല്ലാത്തരം ആഡംബര കാറുകളുടെയും ഡീലര്‍ഷിപ്പ് ഒറ്റഷോറൂമില്‍ ഒരുക്കിയിരിക്കുകയാണെന്നേ തോന്നൂ.

അവിടെയെത്തുന്ന സന്ദര്‍ശകരില്‍ സാധാരണക്കാര്‍ മുതല്‍ കോടീശ്വരന്മാര്‍ വരെയുണ്ട്. ഇത് റോയല്‍ ഡ്രൈവ് എന്ന, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രീ ഓണ്‍ഡ് ആഡംബര കാര്‍ വില്‍പ്പനശാലയാണ്.

പോര്‍ഷെ, ഓഡി, ബെന്‍സ്, ബിഎംഡബ്ല്യു, ജാഗ്വാര്‍, റേഞ്ച് റോവര്‍, ലാന്‍ഡ് റോവര്‍, ലെക്‌സസ്, ബെന്റ്‌ലി തുടങ്ങിയ ആഡംബര കാര്‍ ബ്രാന്‍ഡുകളും ഹാര്‍ലി ഡേവിഡ്‌സണ്‍, ട്രയംഫ്, ഡ്യുക്കാട്ടി, ബിഎംഡബ്ല്യു തുടങ്ങിയ ലക്ഷ്വറി ബൈക്കുകളുടെയും വലിയ ശേഖരം ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഇവിടം വാഹന പ്രേമികളുടെ ഇഷ്ടയിടമാക്കി മാറ്റിയിരിക്കുന്നു.

ഈ മേഖലയില്‍ ഒരു ദശാബ്ദത്തിലേറെ കാലത്തെ അനുഭവ പരിചയമുള്ള സംരംഭകര്‍ രണ്ടു വര്‍ഷം മുമ്പ് മലപ്പുറത്ത് മച്ചിങ്ങലില്‍ തുടങ്ങിയ റോയല്‍ ഡ്രൈവ് പ്രീ ഓണ്‍ഡ് കാര്‍സ് എല്‍എല്‍പിയുടെ രണ്ടാമത്തെ ഷോറൂമാണ് കോഴിക്കോട്ടേത്.

വാഹനഭ്രമം ചെറുപ്പത്തിലേ സിരകളിലോടിയിരുന്ന കെ മുജീബ് റഹ്മാന്‍ എന്ന യുവാവാണ് ഈ സംരംഭത്തിന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ എന്ന നിലയില്‍ നേതൃത്വം നല്‍കുന്നത്. സനാഹുള്ള, കെ ടി മുജീബ്, റഹ്മത്തുള്ള, ഉസ്മാന്‍ ചോലയ്ക്കല്‍, മുജീബ് പി, സലാം കാളമ്പാടി എന്നിവരാണ് മറ്റു ബിസിനസ് പങ്കാളികള്‍.

റോയല്‍ ഡ്രൈവിന്റെ പ്രത്യേകത

ആഡംബര കാറുകള്‍ വാങ്ങാനും വില്‍ക്കാനും എക്‌സ്‌ചേഞ്ച് ചെയ്യാനും റോയല്‍ ഡ്രൈവ് ഉപഭോക്താക്കളെ സഹായിക്കുന്നു. ആഡംബര കാര്‍ വിപണിയില്‍ ആളുകളുടെ അജ്ഞത മൂലം കാറുകള്‍ക്ക് യഥാര്‍ത്ഥ വില ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. കാറുടമകള്‍ക്കോ ഇടനിലക്കാര്‍ക്കോ സെക്കന്റ് ഹാന്‍ഡ് കാറുകളുടെ യഥാര്‍ത്ഥ മതിപ്പ് വില എത്രയെന്ന് തിട്ടപ്പെടുത്താനാവാത്തതാണ് കാരണം. എന്നാല്‍ വാഹനങ്ങളുടെ വില ശാസ്ത്രീയമായി കണക്കാക്കി ആ തുക നിയമപരമായി തന്നെ ബാങ്ക് എക്കൗണ്ടില്‍ നല്‍കുകയാണ് റോയല്‍ ഡ്രൈവില്‍ ചെയ്യുന്നത്. ഇതു കൂടാതെ പ്രീ ഓണ്‍ഡ് കാറുകളുടെ കള്‍സള്‍ട്ടന്‍സി സ്ഥാപനമായും റോയല്‍ ഡ്രൈവ് പ്രവര്‍ത്തിക്കുന്നു. കാറുകളുമായി ബന്ധപ്പെട്ട ഏത് കാര്യത്തെ കുറിച്ചും മനസ്സിലാക്കുന്നതിനും വില കണക്കാക്കുന്നതിനുമെല്ലാം ഏതൊരാള്‍ക്കും റോയല്‍ ഡ്രൈവിനെ സമീപിക്കാം.

എന്തുകൊണ്ട് റോയല്‍ ഡ്രൈവില്‍ നിന്ന് വാങ്ങണം?

റോയല്‍ ഡ്രൈവില്‍ ലഭ്യമാകുന്ന കാറുകള്‍ മുമ്പ് അപകടത്തില്‍പ്പെട്ടതോ മറ്റു നിയമ നൂലാമാലകള്‍ ഉള്ളതോ ആയിരിക്കില്ല. എല്ലാ കാറുകള്‍ക്കും കമ്പനി തന്നെ നല്‍കുന്ന ഗാരണ്ടിയും ഉണ്ടാകും. അഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ ഇവിടെ വാങ്ങാറും വില്‍ക്കാറുമില്ല. 150 ലേറെ കാര്യങ്ങള്‍ പരിശോധിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയാണ് റോയല്‍ ഡ്രൈവ് കാര്‍ വില്‍പ്പന നടത്തുന്നത്. ഈ ഒരു വിശ്വാസം ഉള്ളതു കൊണ്ടാണ് ഏപ്രില്‍ രണ്ടിന് ഷോറൂം ഉദ്ഘാടന ദിവസം തന്നെ കോഴിക്കോട്ട് പത്ത് ആഡംബര കാറുകള്‍ വില്‍പ്പന നടത്താന്‍ റോയല്‍ ഡ്രൈവിനായത്. പ്രമുഖ പ്രവാസി സംരംഭകന്‍ ഡോ ആസാദ് മൂപ്പനും മുനവറലി ശിഹാബ് തങ്ങളും ചേര്‍ന്നാണ് ഷോറൂമിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ഉപഭോക്താവിന് വാങ്ങിയ കാര്‍ തിരികെ വില്‍ക്കണമെന്നുണ്ടെങ്കില്‍ ആ സമയത്തെ വിപണി വിലയില്‍ തിരിച്ചെടുക്കാനും റോയല്‍ ഡ്രൈവ് തയാറാകുന്നു.

ശൃംഖല വ്യാപിപ്പിക്കും

ചെറുപ്പത്തിലേ വാഹനങ്ങളോട് കമ്പം തോന്നിയിരുന്ന മുജീബ് എന്ന സംരംഭകന്‍ എട്ടു വര്‍ഷത്തോളം സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 2007 ല്‍ മലപ്പുറത്ത് കാര്‍ ആക്‌സസറീസ് കട തുടങ്ങി. ഒപ്പം ഇന്നോവയുടെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയും ആരംഭിച്ചു. 2015 ലാണ് ആഡംബര കാറുകള്‍ക്കായി ഒരു പ്രീ ഓണ്‍ഡ് ഷോറൂം തുറക്കുന്നത്. കോഴിക്കോടിന് പിന്നാലെ കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കൂടി റോയല്‍ ഡ്രൈവ് ഷോറൂമുകള്‍ തുറക്കാനുള്ള പദ്ധതിയിലാണ് മുജീബ് റഹ്മാനും സംഘവും.

കാര്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ശ്രദ്ധിക്കാന്‍

ആഡംബര കാര്‍ എന്നത് ഇന്ന് വെറും ആഡംബരം മാത്രമല്ല. ഒരാവശ്യവുമാണ്. 15 ലക്ഷം രൂപ മുതല്‍ മികച്ച കണ്ടീഷനിലുള്ള ആഡംബര കാറുകള്‍ റോയല്‍ ഡ്രൈവില്‍ ലഭ്യമാകുന്നുണ്ട്. അത് സുരക്ഷയുടെ കാര്യത്തില്‍ പൂര്‍ണമായ ഉറപ്പ് യാത്രക്കാര്‍ക്ക് നല്‍കുന്നു. വാങ്ങുന്നതിലല്ല, കൊണ്ടു നടക്കാനാണ് ചെലവ് ഏറെ എന്ന ആശങ്കയ്ക്കും ഇപ്പോള്‍ വകയില്ല. കാരണം, ബ്രേക്ക് പാഡ് മുതല്‍ വൈപ്പര്‍ ബ്ലേഡ് വരെ സൗജന്യമായി ലഭ്യമാക്കുന്ന വാറന്റി സ്‌കീമുകള്‍ ഇന്ന് ലഭ്യമാണ്. വാങ്ങുമ്പോള്‍ തന്നെ മൂന്നു വര്‍ഷം കമ്പനി വാറന്റി നല്‍കുന്നുണ്ട്. ഇത് രണ്ടു വര്‍ഷം വരെ നീട്ടുകയും ചെയ്യാം. പിന്നെയും രണ്ടു വര്‍ഷം കൂടി നീട്ടാവുന്ന ഓപ്ഷനുമുണ്ട്. ആകെ ഏഴു വര്‍ഷം വരെ ഇങ്ങനെ നീട്ടാം. എന്നാല്‍ ഏതൊരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നേട്ടമാക്കാം.

വില്‍ക്കുന്ന കാറിന് മികച്ച വില കിട്ടാന്‍ അതാത് കമ്പനി സര്‍വീസ് സെന്ററുകളില്‍ സമയാസമയങ്ങളില്‍ സര്‍വീസ് നടത്തണമെന്നുണ്ട്.

വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ആര്‍സി സംബന്ധമായ വിവരങ്ങള്‍ അന്വേഷിക്കണം. 90 രൂപ അടച്ചാല്‍ ആര്‍ടിഒ ഓഫീസില്‍ നിന്ന് ആര്‍സി സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാകും. അമിതവേഗതയ്ക്ക് ഈടാക്കിയ പിഴ സംബന്ധിച്ച വിവരങ്ങള്‍ പോലും ഇതിലൂടെ അറിയാനാകും.

വാഹനത്തിന്റെ വായ്പ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാന്‍ വായ്പ നല്‍കിയ ബാങ്കിനെ സമീപിക്കാം. ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞിരിക്കണം. നോ ക്ലെയിം ബോണസ് ഉള്ളതാണോ എന്നത് അപകടങ്ങളെ കുറിച്ച് അറിയാന്‍ സഹായിക്കും.

പല കാറുകളുടെയും സര്‍വീസ് സംബന്ധിച്ച വിവരങ്ങള്‍ അഖിലേന്ത്യാതലത്തില്‍ തന്നെ അതാത് കമ്പനികളുടെ സര്‍വീസ് സെന്ററുകളില്‍ നിന്ന് അറിയാനാകും. മാത്രമല്ല, സര്‍വീസ് റിമാര്‍ക്ക്‌സ് പരിശോധിച്ചാല്‍ സര്‍വീസ് ഹിസ്റ്ററി ലഭ്യമാകുകയും സമീപഭാവിയില്‍ എന്തൊക്കെ പ്രശ്‌നങ്ങളാണ് കാറിന് ഉണ്ടാവുകയെന്നും ഏതൊക്കെ സ്‌പെയര്‍പാര്‍ട്‌സ് വാങ്ങണമെന്നും അറിയാനാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it