Begin typing your search above and press return to search.
'കട കട' ഗാംഭീര്യം ഇനിയെത്ര നാള്‍? റോയല്‍ എന്‍ഫീല്‍ഡ് ഇ.വി യുഗത്തിലേക്ക്; സീന്‍ മാറ്റാന്‍ ഒന്നല്ല, രണ്ട് ഫ്ളൈയിംഗ് ഫ്ളീ
ഇലക്ട്രിക് വാഹന രംഗത്തേക്ക് റോയല്‍ എന്‍ഫീല്‍ഡും. കമ്പനിയുടെ ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളായ ഫ്‌ളൈയിംഗ് ഫ്‌ളീ സി6, ഫ്‌ളൈയിംഗ് ഫ്‌ളീ എസ്6 എന്നിവ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. 250-750 സിസി സെഗ്‌മെന്റ് ലക്ഷ്യം വച്ചാണ് വാഹനത്തിന്റെ വരവ്. ക്ലാസിക് സ്റ്റൈലിലുള്ള ഫ്‌ളൈയിംഗ് ഫ്‌ളീ സി6ലും സ്‌ക്രാംബ്ലര്‍ ലുക്കിലുള്ള ഫ്‌ളൈയിംഗ് ഫ്‌ളീ എസ്6ലും നിരവധി ആധുനിക ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. 2026ല്‍ വാഹനം നിരത്തുകളിലെത്തുമെന്നാണ് വിവരം.
123 വര്‍ഷത്തെ പാരമ്പര്യമുള്ള റോയല്‍ എന്‍ഫീല്‍ഡ് ഏറെക്കാലമായി ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനുള്ള പരീക്ഷണങ്ങളിലായിരുന്നു. ഇടക്ക് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനില്‍ ചില ഇലക്ട്രിക് പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും അതൊന്നും റോഡിലേക്ക് ഇറക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പകരം രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഡിസൈന്‍ കടമെടുത്താണ് പുതിയ മോഡലുകള്‍ തയാറാക്കിയിരിക്കുന്നത്. വിമാനങ്ങളില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് എയര്‍ഡ്രോപ്പ് ചെയ്യാവുന്ന തരത്തിലായിരുന്നു വാഹനത്തിന്റെ നിര്‍മാണം. പഴമ നിലനിര്‍ത്തിയതിനൊപ്പം നിരവധി ആധുനിക സൗകര്യങ്ങളും വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഇവന്‍ സീന്‍ മാറ്റും
റെട്രോ-മോഡേണ്‍ ഡിസൈനാണ് ഫ്‌ളൈയിംഗ് ഫ്‌ളീയെ മറ്റ് വാഹനങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. മുന്‍ വശത്തെ റൗണ്ട് ഹെഡ്‌ലൈറ്റ്, ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഫോര്‍ക്ക്, അലൂമിനിയം ഫ്രെയിം, 17 ഇഞ്ചിന്റെ ചെറിയ ടയര്‍, മികച്ച സീറ്റിംഗ് പൊസിഷന്‍ എന്നിവ റോയല്‍ എന്‍ഫീല്‍ഡിന്റെ ഡിസൈന്‍ മികവ് എടുത്തു കാണിക്കുന്നു. ആധുനിക കണക്ടിവിറ്റി ഫീച്ചറുകള്‍ക്കായി റൗണ്ട് ടി.എഫ്.ടി ഡിസ്‌പ്ലേയും നല്‍കിയിട്ടുണ്ട്. കോര്‍ണറിംഗ് എ.ബി.എസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ട്. 100-150 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്ന ബാറ്ററി പാക്കാകും ബൈക്കിലുണ്ടാവുക. മറ്റ് ഫീച്ചറുകള്‍ സംബന്ധിച്ച സസ്‌പെന്‍സ് നിലനിറുത്തിയ കമ്പനി ഇവയെല്ലാം പിന്നീട് പറയാമെന്ന നിലപാടിലാണ്.
വിലയെത്ര?
ഇന്ത്യന്‍ ഇലക്ട്രിക് ബൈക്ക് വിപണിയില്‍ നിലവിലുള്ള റിവോള്‍ട്ട് ആര്‍.വി 400, മറ്റേര്‍ ഐറ (Matter Aera ) 5000, ഒബെന്‍ റോര്‍ (Oben Rorr) , റപ്തീ ടി30 എന്നിവയെ വെല്ലുന്ന വിലയിലാകും വാഹനം നിരത്തിലെത്തുകയെന്നാണ് വാഹന ലോകത്തെ സംസാരം. 2.5 ലക്ഷം രൂപ മുതലാകും ഇന്ത്യയില്‍ എക്‌സ്‌ഷോറൂം വിലയുണ്ടാവുക എന്നാണ് പ്രതീക്ഷ.
വേണ്ടിയിരുന്നില്ലെന്ന് ബുള്ളറ്റ് ആരാധകര്‍
ഗാംഭീര്യം നിറഞ്ഞ കട കട ശബ്ദമില്ലാതെ എന്ത് റോയല്‍ എന്‍ഫീല്‍ഡെന്ന വിമര്‍ശനവും ഒരു വിഭാഗം ബുള്ളറ്റ് ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് കാണിക്കുന്ന തമാശ ഞങ്ങളും കണ്ടു എന്നാണ് ഇവരുടെ ആത്മഗതം. റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കുകള്‍ 'നിശബ്ദമായപ്പോള്‍' ഒരു യുഗം അവസാനിച്ചുവെന്നും ഇവര്‍ പറഞ്ഞു വെക്കുന്നു. ബുള്ളറ്റ് ആരാധകരുടെ കണ്ണീരില്‍ ഫ്‌ളൈയിംഗ് ഫ്‌ളീക്ക് എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണാം.
Next Story
Videos