Begin typing your search above and press return to search.
ഒറ്റക്ക് വഴിവെട്ടുന്നവരെ തേടി റോയല്‍ എന്‍ഫീല്‍ഡ്! ബുള്ളറ്റ് പ്രേമികളെ മയക്കിയ ഗോവൻ ക്ലാസിക്കിന്റെ വിലയെത്തി
ഹിപ്പി സംസ്‌ക്കാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് നിര്‍മിച്ച ഗോവന്‍ ക്ലാസിക് 350 നിരത്തുകളിലേക്ക്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യില്‍ മാറ്റങ്ങള്‍ വരുത്തി ബോബര്‍ ലുക്കിലേക്ക് മാറ്റിയാണ് വാഹനമെത്തുന്നത്. ഏറെ ശ്രദ്ധനേടിയ ജെ പ്ലാറ്റ്‌ഫോമിലാണ് ഗോവന്‍ ക്ലാസിക്കിന്റെയും വരവ്. നേരത്തെ മിറ്റിയോര്‍ 350, ഹണ്ടര്‍, ക്ലാസിക്, ബുള്ളറ്റ് എന്നീ വാഹനങ്ങളിലും സമാനമായ പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചത്. വെറൈറ്റി ലുക്ക് കിട്ടാന്‍ വേണ്ടി കിടിലന്‍ പെയിന്റ് സ്‌കീമും വാഹനത്തിന് നല്‍കിയിട്ടുണ്ട്.
റെട്രോ സ്‌റ്റൈല്‍ ലുക്കിന് വേണ്ടി റൗണ്ട് ഷേപ്പിലുള്ള ഹെഡ്‌ലാംപുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഹെഡ്‌ലാംപും സൈഡ് ഇന്‍ഡിക്കേറ്ററുമെല്ലാം എല്‍.ഇ.ഡിയാക്കി. സിംഗിള്‍ സീറ്റ് ലേ ഔട്ടിലാണ് വാഹനം തയ്യാറാക്കിയിരിക്കുന്നത്. അതായത് ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന സീറ്റ് മാത്രമേ വാഹനത്തിലുള്ളൂ. എന്നാല്‍ ആവശ്യമെങ്കില്‍ ഒരു സീറ്റ് കൂടി ഉള്‍പ്പെടുത്താവുന്ന സംവിധാനം റോയല്‍ എന്‍ഫീല്‍ഡ് ഏര്‍പ്പെടുത്തുമെന്നാണ് വിവരം. ആയാസരഹിതമായി വാഹനം ഓടിക്കാന്‍ യു ഷേപ്പിലുള്ള വലിയ ഹാന്‍ഡില്‍ ബാറും മികച്ച രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഫുട്‌പെഗ്ഗും വാഹനത്തിലുണ്ട്. ബോബര്‍ ലുക്ക് നല്‍കാനായി സീറ്റിന്റെ ഉയരം 750 എം.എം ആയി കുറച്ചു. 170 എം.എം ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്.
എന്നാല്‍ വണ്ടിയുടെ എഞ്ചിന്‍ പാര്‍ട്ടില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ ആന്‍ഡ് ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. 6,100 ആര്‍.പി.എമ്മില്‍ 19.72 ബി.എച്ച്.പി കരുത്തും 4,000 ആര്‍.പി.എമ്മില്‍ 27 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ എഞ്ചിന് കഴിയും. 5 സ്പീഡ് ഗിയര്‍ ബോക്‌സും നിലനിറുത്തിയിട്ടുണ്ട്. ക്ലാസികിന് സമാനമായതെന്ന് തോന്നുമെങ്കിലും വ്യത്യസ്ത സെറ്റിംഗിലുള്ള സസ്‌പെന്‍ഷനാണ് വാഹനത്തിലുള്ളത്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 16 ഇഞ്ചും ട്യൂബ് ലെസ് സ്‌പോക്ക് വീലുകളാണ് നല്‍കിയിരിക്കുന്നത്.
ലുക്ക് പഴഞ്ചന്‍, ഫീച്ചറില്‍ പുതു പുത്തന്‍
എല്‍.ഇ.ഡി ലൈറ്റുകള്‍ക്ക് പുറമെ ഡ്യുവല്‍ ചാനല്‍ എ.ബി.എസ്, ഓഡോ മീറ്റര്‍, ഫ്യുവല്‍ ഗേജ് എന്നിവക്കായി ചെറിയ എല്‍.സി.ഡി സ്‌ക്രീന്‍, അഡ്ജസ്റ്റബിള്‍ ബ്രേക്ക്, ക്ലച്ച് ലിവറുകള്‍ തുടങ്ങിയ നിരവധി ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാവ 42 ബോബര്‍, ജാവ പെരാക്ക് എന്നീ മോഡലുകളോടാകും ഗോവന്‍ ക്ലാസിക്കിന്റെ മത്സരം. പല ബുള്ളറ്റ് ആരാധകരുടെയും ഉറക്കം കെടുത്തിയ മോഡലിന്റെ വിലയും ഒടുവില്‍ കമ്പനി പുറത്തുവിട്ടു. സിംഗിൾ ടോൺ പതിപ്പിന് 2.35 ലക്ഷം രൂപയും ഡ്യുവൽ ടോൺ മോഡലിന് 2.38 ലക്ഷം രൂപയുമാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
Next Story
Videos