Royal Enfield Hunter 350; അറിയേണ്ട കാര്യങ്ങള്‍
റോയല്‍ എന്‍ഫീല്‍ഡിന്റെ (Royal Enfield) ഏറ്റവും പുതിയ മോഡല്‍ ഹണ്ടര്‍ 350 (Hunter 350) ഇന്ത്യയില്‍ അവതരിപ്പിച്ചു. റെട്രോ, മോട്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. ജെ-പ്ലാറ്റ്‌ഫോം എഞ്ചിനില്‍ എത്തുന്ന മൂന്നാമത്തെ മോഡലാണ് ഹണ്ടര്‍ (Hunter).
മീറ്റിയോര്‍ 350, പുതിയ ക്ലാസിക് 350 എന്നിവയാണ് ജെ-പ്ലാറ്റ്‌ഫോമിലുള്ള മറ്റ് മോഡലുകള്‍. 349 സിസി, 2 വാല്‍വ് എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹണ്ടറിനും നല്‍കിയിരിക്കുന്നത്. അതേ സമയം ജെ-പ്ലാറ്റ്‌ഫോമിലെ മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഷാസി, എക്‌സോസ്റ്റ് സിസ്റ്റം, വീലുകള്‍ തുടങ്ങിയവയുടെ ഭാരം ഹണ്ടറില്‍ കമ്പനി കുറച്ചിട്ടുണ്ട്. വിലകുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
രണ്ട് വേരിയന്റുകള്‍ക്കും 300 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിട്ടുണ്ട്. വില കുറഞ്ഞ വേരിയന്റായ റിട്രോയില്‍ പിന്നില്‍ ഡ്രം ബ്രേക്കും മെട്രോയില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കുമാണ് ലഭിക്കുക. സിംഗില്‍ ചാനല്‍ എബിഎസ്, ഹാലജന്‍ ടെയില്‍ ലാംപ്, എന്നിങ്ങനെയാണ് റെട്രോയുടെ മറ്റ് സവിശേഷതകള്‍. രണ്ട് വേരിയന്റുകളുടെയും റിം സൈസ് 17 ഇഞ്ചാണ്.
അലോയി വീലും ട്യൂബ് ലെസ് ടയറും മെട്രോ വേരിയന്റിന് മാത്രമാണ് നല്‍കിയിട്ടുള്ളത്. എല്‍ഈഡി ടെയില്‍ ലാംപ്, ഡ്യുവല്‍ എബിഎസ്, എന്നിവയും മെട്രോയുടെ പ്രത്യേകതയാണ്. യാഥാക്രമം 178 കി.ഗ്രാം, 181 കി.ഗ്രാം എന്നിങ്ങനെയാണ് റെട്രോ, മെട്രോ വേരിയന്റുകളുടെ ഭാരം.
എന്‍ട്രി-ലെവല്‍ റെട്രോയുടെ വില 1,49,900 രൂപയും മെട്രോയ്ക്ക് 1,63,900 -168,900 രൂപയുമാണ് വില (എക്‌സ് ഷോറൂം ചെന്നൈ). ഹോണ്ട സിബി350 ആര്‍എസ്, ജാവ 42, യെസ്ഡി റോഡ്‌സ്റ്റര്‍ എന്നിവയോടാവും ഹണ്ടര്‍ മത്സരിക്കുക.