നിങ്ങൾക്ക് റോയൽ എൻഫീൽഡ് ബുള്ളറ്റുണ്ടോ? എങ്കിൽ ഇക്കാര്യം അറിയണം
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് 2.37 ലക്ഷത്തോളം മോട്ടോര്‍ സൈക്കിളുകള്‍ തിരിച്ചുവിളിക്കുന്നു. 2020 ഡിസംബറിനും 2021 ഏപ്രിലിനുമിടയില്‍ ഇന്ത്യയിലടക്കം വില്‍പ്പന നടത്തിയ മോട്ടോര്‍ സൈക്കിളുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. ഇഗ്‌നിഷന്‍ കോയിലില്‍ തകരാറ് കണ്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ സൈക്കിളുകള്‍ തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
2020 ഡിസബര്‍- 2021 ഏപ്രില്‍ കാലയളവില്‍ ഇന്ത്യ, തായ്ലന്‍ഡ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ എന്നിവിടങ്ങളില്‍ വിറ്റഴിച്ച ക്ലാസിക്, മെറ്റിയര്‍ എന്നീ വിഭാഗങ്ങളിലാണ് തകരാറുകള്‍ കണ്ടെത്തിയത്. 'ഇഗ്‌നിഷന്‍ കോയിലിലാണ് തകരാറ് കണ്ടെത്തിയിട്ടുള്ളത്. അത് തെറ്റായ പ്രവര്‍ത്തനത്തിനും വാഹന പ്രകടനം കുറയ്ക്കുന്നതിനും അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഒരു ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടിനും കാരണമാകും,' കമ്പനി പ്രസ്താവനയില്‍ പറയുന്നു.
ഈ കാലയളവില്‍ മോട്ടോര്‍സൈക്കിളുകള്‍ വാങ്ങിയ ഉപഭോക്താക്കളുമായി കമ്പനി ബന്ധപ്പെടും. ഇവ പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റിസ്ഥാപിക്കും. ഈ മോട്ടോര്‍സൈക്കിളുകളില്‍ 10 ശതമാനത്തില്‍ താഴെ എണ്ണത്തില്‍ ഇഗ്നിഷന്‍ കോയില്‍ മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് കണക്കാക്കുന്നത്.