റോയല്‍ എല്‍ഫീല്‍ഡിന്റെ ആദ്യ ഇ-ബൈക്ക് എന്നെത്തും? മറുപടിയുമായി സിഇഒ

ഐഷര്‍ മോട്ടോഴ്‌സിന് കീഴിലുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ (Royal Enfield) ആദ്യ ഇലക്ട്രിക് ബൈക്ക് (E-Bike) 2025ല്‍ വിപണിയിലെത്തും. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമ്പനി സിഇഒ ബി ഗോവിന്ദരാജന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവി ഇക്കോസിസ്റ്റം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി കരാറുകള്‍ ഒപ്പിട്ട് തുടങ്ങി. 2025 മുതല്‍ ഒന്നിനു പിറകെ ഒന്നായി എന്‍ഫീല്‍ഡിന്റെ ഇവി ബൈക്കുകള്‍ പുറത്തിറങ്ങുമെന്നും ഗോവിന്ദരാജന്‍ പറഞ്ഞു.

ഏത് സമയത്ത് മോഡലുകള്‍ അവതരിപ്പിക്കണം എന്ന കാര്യത്തിലുള്‍പ്പടെ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ 2-3 വര്‍ങ്ങളായി ഇവി അവതരിപ്പിക്കാന്‍ വേണ്ടി നടത്തിയ തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ നിര്‍വ്വഹണ ഘട്ടത്തിലാണെന്നും സിഇഒ അറിയിച്ചു. 250 സിസി മുതലുള്ള മിഡില്‍ വെയ്റ്റ് സെഗ്മെന്റില്‍ ആഗോളതലത്തില്‍ ഒന്നാമതാവുകയാണ് എന്‍ഫീല്‍ഡിന്റെ ലക്ഷ്യം.

വണ്‍ സിറ്റി വണ്‍ ഷോറൂം നയമാണ് അന്താരാഷ്ട്ര തലത്തില്‍ കമ്പനി സ്വീകരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് 60 രാജ്യയങ്ങളിലായി 850-900 ഷോറൂമുകള്‍ എന്‍ഫീല്‍ഡിനുണ്ട്. രാജ്യത്ത് പ്രമുഖ വാഹന നിര്‍മാതാക്കളൊന്നും ഇ-ബൈക്കുകള്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. റിവോള്‍ട്ട്, അള്‍ട്രൈവയലെറ്റ്, കൊമാക്കി, വണ്‍ ഇലക്ട്രിക് തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ മാത്രമാണ് രാജ്യത്ത് ഇ- ബൈക്കുകള്‍ പുറത്തിറക്കുന്നത്.

നിലവില്‍ 3,227.90 രൂപയാണ് (2.45 PM) ഐഷര്‍ മോട്ടോഴ്‌സ് (Eicher Motors Ltd) ഓഹരികളുടെ വില. ഈ വര്‍ഷം ഇതുവരെ 18.43 ശതമാനം നേട്ടമാണ് ഐഷര്‍ മോട്ടോഴ്‌സ് നിക്ഷേപകര്‍ക്ക് നല്‍കിയത്.

Related Articles
Next Story
Videos
Share it