റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബൈക്ക് വരുന്നു, കാത്തിരിപ്പ് നീളില്ല

ക്രൂസര്‍ ബൈക്ക് ശ്രേണിയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ് റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield). ബുള്ളറ്റ് (Bullet), ക്ലാസിക് 350 (Classic 350) എന്നിങ്ങനെ കമ്പനിയുടെ തനത് മോഡലുകള്‍ക്കൊപ്പം തന്നെ പരമ്പരാഗത രൂപകല്‍പനാ ശൈലിയില്‍ നിന്ന് വിട്ടുമാറി യുവാക്കളെ ലക്ഷ്യമിട്ട് അവതരിപ്പിച്ച ഹിമാലയന്‍ (Himalayan), ഹണ്ടര്‍ (Hunter) തുടങ്ങിയവയും മികച്ച സ്വീകാര്യതയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കമ്പനിയുടെ മൊത്തം വില്‍പന 8.3 ലക്ഷം യൂണിറ്റുകളെന്ന റെക്കോഡ് ഉയരത്തിലെത്തിയതും ഈ സ്വീകാര്യത ശരിവയ്ക്കുന്നു.

ഇപ്പോഴിതാ, പുതിയ കാലത്തിന്റെ ട്രെന്‍ഡായ വൈദ്യുത വാഹനമേഖലയിലേക്കും ചുവടുവയ്ക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ തനത് ഡി.എന്‍.എ നിലനിര്‍ത്തിത്തന്നെ വിപണിയിലെ മറ്റ് ഇ-മോഡലുകളില്‍ നിന്ന് തികച്ചും വേറിട്ടുനില്‍ക്കുന്ന ഇലക്ട്രിക് ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സി.ഇ.ഒ ബി. ഗോവിന്ദരാജന്‍.
1,000 കോടി നിക്ഷേപം
ഇലക്ട്രിക് ബൈക്കുകളുടെ നിര്‍മ്മാണത്തിന് ഉള്‍പ്പെടെ 1,000 കോടി രൂപയുടെ നിക്ഷേപമാണ് നടപ്പുവര്‍ഷത്തേക്കായി (2023-24) കമ്പനി നീക്കിവയ്ക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ പ്ലാന്റില്‍ നിന്ന് തന്നെ കമ്പനിയുടെ ഇലക്ട്രിക് ബൈക്കുമെത്തും. ഈ നിക്ഷേപത്തില്‍ മുന്തിയപങ്കും ഇലക്ട്രിക് ബൈക്ക് വികസനത്തിനും നിര്‍മ്മാണത്തിനുമാണ്. ബാക്കി, നിലവിലെ മോഡലുകളുടെ വിപുലീകരണത്തിനും. ഇലക്ട്രിക് ബൈക്കുകള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നേറുകയാണെന്ന് ബി. ഗോവിന്ദരാജന്‍ പറഞ്ഞു. നിരവധി ഇ-ബൈക്ക് മാതൃകകള്‍ (പ്രോട്ടോടൈപ്പ്/Prototype) ഇതിനകം ടെസ്റ്റ് ചെയ്തു കഴിഞ്ഞു.
ഇലക്ട്രിക് കുതിപ്പിന് സ്പാനിഷ് പെരുമയും
പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ഐഷര്‍ മോട്ടോഴ്‌സിന്റെ (Eicher Motors) ഉടമസ്ഥതയിലുള്ള കമ്പനിയാണ് റോയല്‍ എല്‍ഫീല്‍ഡ്. ഇലക്ട്രിക് ശ്രേണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ സ്പാനിഷ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണക്കമ്പനിയായ സ്റ്റാര്‍ക്ക് ഫ്യൂച്ചറിന്റെ (Stark Future) 10.35 ശതമാനം ഓഹരികള്‍ റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ ഡിസംബറില്‍ 5 കോടി യൂറോയ്ക്ക് (ഏകദേശം 500 കോടി രൂപ) സ്വന്തമാക്കിയിരുന്നു. സ്റ്റാര്‍ക്ക് ഫ്യൂച്ചറുമായി കൈകോര്‍ത്താകും ഇലക്ട്രിക് ശ്രേണിയിലേക്ക് റോയല്‍ എല്‍ഫീല്‍ഡിന്റെ ചുവടുവയ്പ്പ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it