വണ്ടി ഭ്രാന്തന്മാരെ മയക്കാന്‍ വരുന്നു, പുതിയ മോഡല്‍! റോയല്‍ എന്‍ഫീല്‍ഡ് 650 സിസി സ്‌ക്രാംബ്ലര്‍, കിടിലന്‍ ലുക്ക്

വണ്ടിഭ്രാന്തന്മാരുടെ രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 (Bear 650) പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. ഇന്റര്‍സെപ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന അതേ 650 സിസി എഞ്ചിനില്‍ 60കളില്‍ യുവത്വത്തിന്റെ ഹരമായിരുന്ന സ്‌ക്രാംബ്ലര്‍ ലുക്കിലാണ് ആശാന്റെ വരവ്. എന്നാല്‍ സസ്‌പെന്‍ഷനിലും ടയറിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ലോകപ്രശസ്ത അഡ്വഞ്ചര്‍ ബൈക്ക് റൈഡായ ബിഗ് ബിയര്‍ റണ്ണിന്റെ 1960ലെ പതിപ്പില്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നേടിയ വിജയത്തിന്റെ ഓര്‍മയ്ക്കായാണ് വാഹനത്തിന് ബിയര്‍ 650 എന്ന് പേര് നല്‍കിയിരിക്കുന്നത്.

മാസ് ലുക്ക്

അഞ്ച് നിറങ്ങളിലാണ് ബിയര്‍ 650 നിരത്തിലെത്തുക.

നിലവിലെ ഇന്റര്‍സെപ്റ്റര്‍ ജിമ്മിലൊക്കെ പോയി മസില്‍ പെരുക്കി കൂടുതല്‍ സുന്ദരനായ പോലെ തോന്നിപ്പിക്കുന്ന ലുക്കാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ആധുനിക രീതിയിലുള്ള പെയിന്റ് സ്‌കീം, കൂടുതല്‍ മികച്ച സൈലന്‍സര്‍, ഏത് വഴിയും കീഴടക്കാവുന്ന കിടിലന്‍ ടയറുകള്‍, സ്‌ക്രാംബ്ലര്‍ സ്‌റ്റൈലിലുള്ള സീറ്റ് തുടങ്ങിയവ വാഹനത്തിന് മാസ് നല്‍കുന്നുണ്ട്. എല്‍.ഇ.ഡി ലൈറ്റുകളുള്ള വാഹനത്തിന്റെ മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും സ്‌പോക്ക് വീലുകളാണുള്ളത്. ബിയര്‍ 650 വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത എം.ആര്‍.എഫ് നൈലോറെക്‌സ് ടയറുകളാണിവ. സ്‌ക്രാംബ്ലര്‍ ലുക്ക് കിട്ടാന്‍ വേണ്ടി സീറ്റ് അല്‍പ്പം ഉയര്‍ത്തിയിട്ടുണ്ട്. 830 മില്ലി മീറ്ററാണ് സീറ്റ് ഹൈറ്റ്. 650 സീരീസിലെ ഉയരം കൂടിയ വണ്ടികളിലൊന്നാണിത്. പുതിയ ഹിമാലയനിലെ സിംഗിള്‍ പോഡ് ഡിജിറ്റര്‍ ഡിസ്‌പ്ലേയാണ് ബിയര്‍ 650യിലും ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിള്‍ മാപ്പ് പോലുള്ള ആധുനിക സൗകര്യങ്ങള്‍ ഈ ഡിസ്‌പ്ലേയില്‍ ലഭ്യമാണ്.

എഞ്ചിന്‍ ഇന്റര്‍സെപ്റ്ററിലേത്

ഇന്റര്‍സെപ്റ്ററിലും ഷോട്ഗണ്ണിലും കരുത്ത് പകര്‍ന്ന അതേ 648 സിസി പാരലല്‍ ട്വിന്‍ എയര്‍/ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ബിയര്‍ 650യിലും ഉപയോഗിച്ചിരിക്കുന്നത്.

7,150 ആര്‍.പി.എമ്മില്‍ 47 എച്ച്.പി കരുത്തും 5,150 ആര്‍.പി.എമ്മില്‍ 56.5 എന്‍.എം ടോര്‍ക്കും നല്‍കാന്‍ ഈ എഞ്ചിന് കഴിയും. 6 സ്പീഡ് ഗിയര്‍ ബോക്‌സുള്ള വാഹനത്തില്‍ 650 സിസി കുടുംബത്തിലെ മറ്റംഗങ്ങളെപ്പോലെ ഇരട്ട പുകക്കുഴലുകള്‍ നല്‍കിയിട്ടില്ല. സ്‌ക്രാംബ്ലര്‍ ലുക്ക് നിലനിറുത്തുന്നതിന് കൂടുതല്‍ ആക്രമണ സ്വഭാവം കാണിക്കുന്ന ഒറ്റ പുകക്കുഴലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വിച്ചബിള്‍ ഡുവല്‍ ചാനല്‍ എ.ബി.എസ്, യു.എസ്.ബി സി ചാര്‍ജിംഗ് പോര്‍ട്ട്, വൈഡ് ഹാന്‍ഡില്‍ ബാര്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്. എന്നാല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ പോലുള്ള ഫീച്ചറുകള്‍ ഒഴിവാക്കിയത് വാഹന പ്രേമികളെ നിരാശപ്പെടുത്തി.

എന്ന് വരും?

നവംബര്‍ അഞ്ചിന് ഇറ്റലിയില്‍ നടക്കുന്ന മിലാന്‍ ഓട്ടോ ഷോയില്‍ വാഹനത്തിന്റെ ഓദ്യോഗിക ലോഞ്ചിംഗ് നടക്കും. നവംബര്‍ 22 മുതല്‍ ഗോവയില്‍ നടക്കുന്ന മോട്ടോവേഴ്‌സ് 2024 വേദിയിലാകും ഇന്ത്യയിലേക്കുള്ള വാഹനത്തിന്റെ ഔദ്യോഗിക എന്‍ട്രി. വാഹനത്തിന്റെ വിലയും ഈ വേദിയില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. 3.5 ലക്ഷം രൂപ (എക്‌സ് ഷോറൂം)യ്ക്ക് വാഹനം ലഭ്യമാകുമെന്നാണ് സൂചന. ഈ സെഗ്‌മെന്റില്‍ ബിയര്‍ 650ക്ക് മറ്റൊരു എതിരാളിയുമില്ല.
Related Articles
Next Story
Videos
Share it