മഴക്കാല ഡ്രൈവിംഗ്: അപകടം ഒഴിവാക്കാന്‍ ശ്രദ്ധിക്കൂ ഇക്കാര്യങ്ങള്‍

മഴക്കാല ഡ്രൈവിംഗ്: അപകടം ഒഴിവാക്കാന്‍ ശ്രദ്ധിക്കൂ ഇക്കാര്യങ്ങള്‍
Published on

മഴക്കാലം രസകരം തന്നെ. പക്ഷെ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് മഴക്കാലത്താണ്. അതുകൊണ്ട് ഈ സമയത്ത് ഡ്രൈവിംഗില്‍ അതീവജാഗ്രത പുലര്‍ത്തണം. മുന്നിലുള്ള കാഴ്ച അവ്യക്തമാകുന്നതും റോഡില്‍ വഴുക്കലുണ്ടാകുന്നതും തുടങ്ങിയ നിരവധി ഘടകങ്ങള്‍ അപകടകാരണങ്ങളാകുന്നു. അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം.

1. തിടുക്കം വേണ്ട

മഴക്കാലത്ത് ധൃതി പിടിച്ചുള്ള യാത്രകള്‍ അപകടം ക്ഷണിച്ചുവരുത്തും. മഴയുള്ള ദിവസങ്ങളില്‍ കുറച്ചുനേരത്തെ ഇറങ്ങുന്നതാണ് നല്ലത്. തിരക്കിട്ട് പോകുമ്പോള്‍ പെട്ടെന്ന് സ്റ്റിയറിംഗ് വെട്ടിത്തിരിക്കുന്നതും ബ്രേക്ക് ചവിട്ടുന്നതും മഴക്കാലത്ത് ഇരട്ടി അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയില്‍ വേഗത ക്രമപ്പെടുത്തി വാഹനം ഓടിക്കുക. മഴയെത്തുടര്‍ന്ന് നഗരങ്ങളില്‍ ട്രാഫിക് ബ്ലോക് പതിവാണ്. മരം വീണും വെള്ളക്കെട്ടുണ്ടായുമൊക്കെ യാത്ര തടസപ്പെടാറുണ്ട്. അതുകൊണ്ട് നേരത്തെ ഇറങ്ങിയില്ലെങ്കില്‍ സമയത്ത് നിങ്ങള്‍ക്ക് എത്തിച്ചേരാനായി എന്നുവരില്ല.

2. ടയറുകള്‍ ശ്രദ്ധിക്കുക

ടയറുകളുടെ കാര്യത്തില്‍ 'പോകുന്നിടത്തോളം പോട്ടെ' എന്ന സമീപനം പാടില്ല. മഴക്കാലത്തിനുമുമ്പേ ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തണം. മൊട്ടയായ ടയറുകള്‍ മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നത് ഏറെ അപകടകരമാണ്. റോഡ് നനയുമ്പോള്‍ അക്വാപ്ലെയ്‌നിംഗ് എന്ന പ്രതിഭാസം ഉണ്ടാകും. റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയ്ക്കുന്ന വെള്ളത്തിന്റെ ഒരു പാട ഇവയ്ക്കിടയില്‍ ഉണ്ടാകുന്നതാണിത്. ബ്രേക്ക് ചവിട്ടുമ്പോള്‍ വാഹനം പാളിപ്പോകുന്നത് ഇതുകൊണ്ടാണ്. അതുപോലെ ടയര്‍ പ്രഷര്‍ കൃത്യമായിരിക്കണം.

3. വാഹനം പരിശോധിക്കുക

വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമത പരിശോധിക്കണം. എല്ലാ വര്‍ഷവും മഴക്കാലത്തിനുമുമ്പേ അവ മാറ്റി സ്ഥാപിക്കുന്നതായിരിക്കും നല്ലത്. കാരണം വേനല്‍ക്കാലത്തെ കടുത്ത ചൂട് റബര്‍ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താറുണ്ട്. ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, എല്ലാ ഇന്‍ഡിക്കേറ്ററുകളും തുടങ്ങിയവ പരിശോധിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ബ്രേക്കിന്റെ കാര്യക്ഷമയ്ക്ക് ഏറെ പ്രധാന്യം കൊടുക്കണം. വിന്‍ഡ്ഷീല്‍ഡ് വൃത്തിയാക്കിവെക്കുക. എയര്‍ കണ്ടീഷണറിന്റെ പ്രവര്‍ത്തനവും പരിശോധിക്കുക.

4. അമിതവേഗം ഒഴിവാക്കുക

വെള്ളവും വാഹനങ്ങളില്‍ നിന്നുള്ള ഗ്രീസും ചേര്‍ന്ന് നനഞ്ഞുകിടക്കുന്ന റോഡുകളില്‍ വഴുക്കലുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് വഴിതെളിക്കുന്നു. പതുക്കെ വാഹനമോടിച്ചാല്‍ ഈ സാഹചര്യത്തില്‍ അപകടം പരമാവധി കുറയ്ക്കാനാകും. അമിത വേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

5. റോഡിലെ കുഴികള്‍ അപകടകരം

മഴക്കാലമാകുന്നതോടെ നമ്മുടെ റോഡുകളില്‍ കുണ്ടും കുഴിയും രൂപപ്പെടും. പരിചയമില്ലാത്ത റോഡുകളിലൂടെ പോകുമ്പോള്‍ അതീവജാഗ്രത പുലര്‍ത്തണം. റോഡിന്റെ ഇരുവശങ്ങളിലുമാണ് വെള്ളം കെട്ടിനില്‍ക്കാന്‍ കൂടുതല്‍ സാധ്യതയെന്നതിനാല്‍ റോഡിന്റെ മധ്യഭാഗമാണ് വാഹനമോടിക്കാന്‍ സുരക്ഷിതം. അപടകരമായ ചെറുറോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കി പ്രധാനപാതകള്‍ തന്നെ തെരഞ്ഞെടുക്കുക.

6. വെള്ളക്കെട്ടുകള്‍ ശ്രദ്ധിക്കുക

വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. വെള്ളത്തിന് എത്രത്തോളം ആഴമുണ്ടെന്ന് പുറമേ നിന്ന് അറിയാന്‍ കഴിഞ്ഞേക്കില്ല. എന്‍ജിനിലും ബ്രേക്ക് പാഡുകളിലുമൊക്കെ വെള്ളം കയറിയാല്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കും.

7. ശക്തമായ മഴയില്‍ ജാഗ്രത പുലര്‍ത്തുക

മുന്നിലേക്കുള്ള കാഴ്ച തടസപ്പെടുത്തുന്ന അതിശക്തമായ മഴയത്ത് വാഹനം ഓടിക്കാതിരിക്കുന്നതാവും നല്ലത്. വലിയ മരങ്ങളില്ലാത്ത സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം. മഴയുള്ളപ്പോള്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകള്‍ തെളിച്ചാല്‍ എതിരേ വരുന്ന ഡ്രൈവര്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം ്അറിയാനാകും. എന്നാല്‍ ഹൈബീം ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com