പ്രതിദിനം 150 യൂണിറ്റുകളുടെ വില്‍പ്പന, ഒരു ലക്ഷം നാഴികക്കല്ല് പിന്നിട്ട് ടാറ്റയുടെ ഈ മോഡല്‍

മോഡല്‍ അവതരിപ്പിച്ച് 20 മാസങ്ങള്‍ക്കകം വില്‍പ്പനയില്‍ ഒരു ലക്ഷം നാഴികക്കല്ല് പിന്നിട്ട് ടാറ്റ ആള്‍ട്രോസ്. പ്രതിദിനം 150 യൂണിറ്റെന്ന നിലയിലാണ് ടാറ്റയുടെ ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസിന്റെ വില്‍പ്പന. 2019 നവംബറിലായിരുന്നു തങ്ങളുടെ ഉല്‍പ്പാദന നിരയില്‍ നിന്ന് ആദ്യത്തെ ആള്‍ട്രോസ് ടാറ്റ പുറത്തിറക്കിയത്. 2020 ജനുവരിയില്‍ അതിന്റെ പ്രീമിയം മോഡലും അവതരിപ്പിച്ചു. കോവിഡ് മഹാമാരി ഏറെ പ്രതികൂലമായി ബാധിച്ച 2020 ലും മികച്ചവില്‍പ്പനയാണ് ആള്‍ട്രോസ് നേടിയതെന്നതാണ് ശ്രദ്ധേയം.

അതേസമയം, ആള്‍ട്രോസിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പന രേഖപ്പെടുത്തിയത് ഈ വര്‍ഷം മാര്‍ച്ച് മാസത്തിലാണ്. 7,550 യൂണിറ്റുകളാണ് മാര്‍ച്ചില്‍ വിറ്റഴിച്ചത്. കൂടാതെ, 2022 സാമ്പത്തിക വര്‍ഷത്തില്‍ ഹാച്ച്ബാക്ക് സെഗ്മെന്റില്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനവും ഈ മോഡലിനാണ്.
''ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങലും ഒരു വലിയ നാഴികക്കല്ല് പിന്നിട്ടതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു, പ്രീമിയം ഹാച്ച്ബാക്ക് പോലുള്ള ഏറെ
വെല്ലുവിളി നിറഞ്ഞ വിഭാഗത്തില്‍ ഒരു ലക്ഷം വില്‍പ്പന നേടിയത് ആള്‍ട്രോസിന്റെ വിജയത്തിന്റെ മറ്റൊരു തെളിവാണ്. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന അംഗീകാരവും വര്‍ധിച്ചുവരുന്ന വിപണി വിഹിതവും നേടിക്കൊണ്ട് ഭാവിയില്‍ കൂടുതല്‍ വിജയം ആള്‍ട്രോസ് നേടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്'' ടാറ്റ മോട്ടോഴ്‌സിന്റെ പിവിബിയു സെയില്‍സ്, മാര്‍ക്കറ്റിംഗ് & കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് ശ്രീ രാജന്‍ അംബ പറഞ്ഞു.
5 സ്റ്റാര്‍ ഗ്ലോബല്‍ എന്‍എസിഎപി ക്രാഷ് ടെസ്റ്റ് റേറ്റിംഗുള്ള ടാറ്റ ആള്‍ട്രോസ് 5.84 ലക്ഷം രൂപ മുതല്‍ 9.59 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിലാണ് വിപണിയിലെത്തുന്നത്. 1.2 എന്‍ റിവോട്രോണ്‍ പെട്രോള്‍, 1.2 എല്‍ ഐ-ടര്‍ബോ പെട്രോള്‍, 1.5 എല്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ആറ് വേരിയന്റുകളാണ് ഈ മോഡലിനുള്ളത്. എന്നിരുന്നാലും, 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രമാണ് ആള്‍ട്രോസ് വരുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മോഡല്‍ ലഭ്യമല്ല.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it