സ്‌ക്രാപ്പേജ് നയം വരുമ്പോള്‍ പഴയ കാറുള്ളവര്‍ക്ക് പണിയാകുമോ? ഇതാ അറിയേണ്ട 3 കാര്യങ്ങള്‍

ബജറ്റില്‍ നിര്‍മല സീതാരാമന്‍ ശക്തമായി പ്രതിപാദിച്ച സ്‌ക്രാപ്പേജ് നയം എങ്ങനെയാണ് സാധാരണക്കാരെ ബാധിക്കുക. എന്താണ് സ്‌ക്രാപ്പേജ് നയം? എത്ര വര്‍ഷം വരെ പഴയ വാഹനങ്ങള്‍ ഉപയോഗിക്കാം. ഇങ്ങനെ 'പൊളിക്കല്‍' നയത്തെക്കുറിച്ചുള്ള ആശങ്കകളാണ് പലര്‍ക്കും. സ്‌ക്രാപ്പേജ് നയം അനുസരിച്ച് രാജ്യത്തെ വാണിജ്യ വാഹനങ്ങള്‍ പുതുതായി വാങ്ങുന്നത് മുതല്‍ 15 വര്‍ഷത്തേക്കും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷത്തേക്കുമാണ് പരമാവധി ഉപയോഗിക്കാന്‍ കഴിയുക. എന്നാല്‍ അധികം ഉപയോഗിക്കാത്തതും കേടുപാടുകള്‍ സംഭവിക്കാത്തതുമായ വാഹനങ്ങള്‍ പൊളിക്കേണ്ടി വന്നേക്കില്ല എന്നാണ് അറിയുന്നത്.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് രക്ഷിക്കും
നിങ്ങളുടെ വാഹനങ്ങള്‍ സ്വകാര്യവാഹനമാണെങ്കില്‍ 20 വര്‍ഷം കഴിഞ്ഞും ഉപയോഗിക്കണമെങ്കില്‍ ഫിറ്റ്നസ് ടെസ്റ്റിന് ആദ്യം വിധേയമാക്കണം. വാണിജ്യ വാഹനമെങ്കില്‍ 15 വര്‍ഷം കഴിഞ്ഞ് ടെസ്റ്റ് നടത്തുക. ഫിറ്റ്നസ് ടെസ്റ്റിന് ശേഷമായിരിക്കും വാഹനം പൊളിക്കണോ വേണ്ടയോ എന്ന തീരുമാനിക്കപ്പെടുക. ഒരു വാഹനം മൂന്നിലേറെ പ്രാവശ്യം ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെടുകയാണെങ്കില്‍ അത് നിര്‍ബന്ധമായും പൊളിക്കണമെന്നാണ് നിയമം. ഓട്ടോമാറ്റിക് സൗകര്യങ്ങളുള്ള ഫിറ്റ്നസ് കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം ഇതിനായി സ്ഥാപിക്കാനും കേന്ദ്രം പദ്ധതിയിട്ടിട്ടുണ്ട്.
നിരക്ക് കൂടും
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിരക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ അറിയുന്നത്. സ്‌ക്രാപ്പേജ് നയത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഏതായാലും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിരക്ക് ഇപ്പോഴുള്ളതിന്റെ അറുപത് മടങ്ങോളം വര്‍ധിച്ചേക്കുമെന്ന് മേഖലയിലുള്ളവര്‍ പറയുന്നു. പഴയ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാനുള്ള നിരക്കും എട്ടു മടങ്ങ് കൂടും ഇത് സ്വകാര്യ വാഹന ഉടമകള്‍ക്കും ബാധ്യതയായേക്കും.
ഇതിനൊപ്പം ഹരിത നികുതി (ഗ്രീന്‍ ടാക്സ്) കൂടി ചേര്‍ക്കുന്നതോടെ പഴയ വാഹനങ്ങള്‍ കൊണ്ടുനടക്കുക വലിയ ചെലവുള്ള കാര്യമായി മാറുമെന്ന് സാരം.
നിലവില്‍ മോട്ടോര്‍ വാഹന നിയമം പ്രകാരം 8 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ എല്ലാ വര്‍ഷവും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെന്നാണ് ചട്ടം. ഈ വാഹനങ്ങള്‍ക്ക് റോഡ് നികുതിയുടെ 10 മുതല്‍ 25 ശതമാനം വരെ ഹരിത നികുതി ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദമുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കകം പുതിയപോളിയി സംബന്ധിച്ച വിശദ വിവരങ്ങള്‍ കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ടേക്കും.
രജിസ്ട്രേഷന്‍ പുതുക്കല്‍
കാലാവധി കഴിഞ്ഞ സ്വകാര്യ കാറുകളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍ നിരക്ക് 600 രൂപയില്‍ നിന്നും 5,000 രൂപയായാണ് കൂടാനിരിക്കുന്നത്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നിരക്ക് 300 രൂപയില്‍ നിന്നും 1,000 രൂപയായി വര്‍ധിക്കും. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഈടാക്കാന്‍ കേന്ദ്രം അനുവാദം നല്‍കിയിട്ടുണ്ട്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ 5 വര്‍ഷം കൂടി ഓടണമെങ്കില്‍ ഓരോ വര്‍ഷവും ഹരിത നികുതിയൊടുക്കണം. പഴയ വാഹനങ്ങള്‍ വായു മലിനീകരണം ക്രമാതീതമായി വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നയരൂപീകരണം നടത്തുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it