പൂരത്തിന് മുമ്പേ കൊടികയറി ബൈക്ക് വില്‍പ്പന, കാര്‍ കച്ചവടത്തില്‍ നിരാശ, വാഹന വിപണിയില്‍ സംഭവിക്കുന്നതെന്ത്?

ഉത്സവ സീസണിന് മുന്നോടിയായി സെപ്റ്റംബറില്‍ രാജ്യത്തെ ഇരുചക്രവാഹന വില്‍പ്പനയില്‍ വര്‍ധന. കാറുകളുടെ വില്‍പ്പന തുടര്‍ച്ചയായ മൂന്നാം മാസവും താഴോട്ട്. ഷോറൂമുകളില്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഫാക്ടറികളില്‍ നിന്നും ഡീലര്‍മാരിലെത്തുന്ന വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു. രാജ്യത്ത് നവരാത്രി, ദീപാവലി, ദസറ ആഘോഷങ്ങള്‍ തുടങ്ങിയത് വില്‍പ്പന വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് വാഹനവിപണി.

ഇരുചക്ര വിപണിയില്‍ ഉണര്‍വ്

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പ്രധാന ബ്രാന്‍ഡുകളായ ഹീറോ മോട്ടോകോര്‍പ്പ്, ടി.വി.എസ് മോട്ടോര്‍, ഹോണ്ട തുടങ്ങിയവരെല്ലാം സെപ്റ്റംബറില്‍ മികച്ച നേട്ടമുണ്ടാക്കി. കയറ്റുമതി ഇനത്തിലുള്‍പ്പെടെ ബജാജ് ഓട്ടോ 4,00,489 യൂണിറ്റുകളാണ് സെപ്റ്റംബറില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം 3,27,712 യൂണിറ്റുകളാണ് ബജാജ് വിറ്റത്, ഇത്തവണ 22 ശതമാനം വര്‍ധന. ഇന്ത്യന്‍ വിപണിയില്‍ 2,59,333 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയപ്പോള്‍ ബാക്കി വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു.
കഴിഞ്ഞ മാസം ടി.വി.എസിന്റെ വില്‍പ്പന 4,71,792 യൂണിറ്റിലെത്തി. മുന്‍വര്‍ഷത്തെ സമാന കാലയളവില്‍ 3,86,955 യൂണിറ്റുകളാണ് വിറ്റത്. 3,69,138 യൂണിറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ തന്നെ വില്‍പ്പന നടത്താനും കഴിഞ്ഞു. ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ 5,36,391 യൂണിറ്റുകളും ഹീറോ മോട്ടോര്‍കോര്‍പ്പ് 6,37,050 യൂണിറ്റുകളും ഇന്ത്യന്‍ നിരത്തുകളിലെത്തിച്ചു. ഓല ഇലക്ട്രിക്കിന്റെ സ്വാധീനം കുറയുന്നതും ബജാജിന്റെയും ടി.വി.എസിന്റെയും വളര്‍ച്ച വേഗത്തിലാകുന്നതുമാണ് സെപ്റ്റംബറില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ പ്രധാന മാറ്റം
.

കാര്‍ വിപണിയില്‍ നിരാശ

ഉത്സവകാലത്ത് അടിപൊളി ഓഫറുകള്‍ നല്‍കിയിട്ടും യാത്രാവാഹന ശ്രേണിയിലെ വില്‍പ്പന തുടര്‍ച്ചയായ മൂന്നാം മാസവും കുറഞ്ഞു. ഡൊമസ്റ്റിക് പാസഞ്ചര്‍ വാഹന ശ്രേണിയില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന 4 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 1,50,812 യൂണിറ്റുകളാണ് മാരുതി വിറ്റത്. ഇത്തവണ വില്‍പ്പന 1,44,962 യൂണിറ്റായി. എസ്പ്രസോ, ആള്‍ട്ടോ എന്നീ മോഡലുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ വര്‍ധനയുണ്ടെങ്കിലും ബലേനോ, സെലേറിയോ, സ്വിഫ്റ്റ് എന്നിവയുടെ വില്‍പ്പന ഇടിഞ്ഞു. എന്നാല്‍ ബ്രെസ, എര്‍ട്ടിഗ എന്നീ മോഡലുകളുടെ കച്ചവടത്തില്‍ 4 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം 59,272 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഇത്തവണ വില്‍പ്പന 61,549 യൂണിറ്റായി.
ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ 41,063 വാഹനങ്ങളാണ് ടാറ്റ മോട്ടോര്‍സ് സെപ്റ്റംബറില്‍ നിരത്തിലെത്തിച്ചത്. മുന്നത്തെ വര്‍ഷത്തെ സമാനകാലയളവില്‍ 44,809 യൂണിറ്റുകളാണ് വിറ്റത്. 8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, മഹീന്ദ്രയുടെ എസ്.യു.വി വില്‍പ്പനയില്‍ കാര്യമായ വര്‍ധനയും സെപ്റ്റംബറിലുണ്ടായി. 51,062 യൂണിറ്റുകളാണ് മഹീന്ദ്ര കഴിഞ്ഞ മാസം വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24 ശതമാനം വര്‍ധന. ടൊയോട്ട 14 ശതമാനവും കിയ 17 ശതമാനവും വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തി.

ഷോറൂമുകളിലേക്ക് എത്തുന്ന വണ്ടികളും കുറഞ്ഞു

രാജ്യത്തെ ഷോറൂമുകളില്‍ വില്‍പ്പന നടക്കാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ ഡീലര്‍മാര്‍ക്ക് നല്‍കുന്ന വണ്ടികളുടെ എണ്ണത്തിലും കമ്പനികള്‍ കുറവുവരുത്തി. ഏതാണ്ട് 73,000 കോടി രൂപ വിലവരുന്ന ഏഴ് ലക്ഷത്തോളം വാഹനങ്ങള്‍ ഷോറൂമുകളിലുണ്ടെന്നാണ് ഓഗസ്റ്റിലെ കണക്ക്. ഇത് ഡീലര്‍മാര്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്ന പരാതിയും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഫാക്ടറികളില്‍ നിന്നും ഡീലര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിലും മാറ്റം വരുത്താന്‍ വാഹന നിര്‍മാതാക്കള്‍ തയ്യാറായത്.
Related Articles
Next Story
Videos
Share it