ജി.എസ്.ടി ഇളവ് കുരുക്കായി! നാലാം മാസവും വണ്ടിക്കച്ചവടം കുറഞ്ഞു, ഇരുചക്ര വില്‍പ്പനയില്‍ വര്‍ധന, ഇരട്ടിമധുരത്തിന്റെ പ്രതീക്ഷയില്‍ വാഹന ലോകം

ഡീലര്‍ഷിപ്പുകളിലേക്കുള്ള വിതരണം വാഹന കമ്പനികള്‍ പുന:ക്രമീകരിച്ചതും ഡിമാന്‍ഡ് കുറഞ്ഞതുമാണ് വില്‍പ്പന ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍
bunch of cars in a yard a sales man with car key
image credit : canva
Published on

രാജ്യത്തെ യാത്രാ വാഹനങ്ങളുടെ ഓഗസ്റ്റിലെ വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) റിപ്പോര്‍ട്ട്. എന്നാല്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്. നിര്‍മാതാക്കളില്‍ നിന്നും ഓഗസ്റ്റില്‍ 3,21,840 യാത്രാവാഹനങ്ങളാണ് ഡീലര്‍ഷിപ്പുകളില്‍ എത്തിയത്. മുന്‍വര്‍ഷത്തെ സമാനകാലയളവില്‍ ഇത് 3,52,921 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായ നാലാം മാസമാണ് വില്‍പ്പന കണക്കുകളില്‍ കുറവുണ്ടാകുന്നത്.

അതേസമയം, രാജ്യത്തെ ഇരുചക്ര വാഹന വിപണി കാര്യമായ മുന്നേറ്റത്തിലാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. മുന്‍വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം വില്‍പ്പന ഓഗസ്റ്റില്‍ കൂടി. കഴിഞ്ഞ വര്‍ഷം 17,11,662 ഇരുചക്ര വാഹനങ്ങള്‍ നിരത്തിലെത്തിയെങ്കില്‍ ഇക്കുറിയിത് 18,33,921 എണ്ണമായി വര്‍ധിച്ചു. ഉത്സവ സീസണിന് മുമ്പായുള്ള വില്‍പ്പനയും ഉയര്‍ന്ന ഗ്രാമീണ ഡിമാന്‍ഡുമാണ് കാരണം.

മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയും ഓഗസ്റ്റില്‍ വര്‍ധിച്ചെന്നും കണക്കുകള്‍ പറയുന്നു. എട്ട് ശതമാനം വളര്‍ച്ചയോടെ 75,759 മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയാണ് നടന്നത്. മുന്‍വര്‍ഷത്തെ സമാനകാലയളവില്‍ ഇത് 69,962 എണ്ണമായിരുന്നെന്നും കണക്കുകള്‍ പറയുന്നു. യാത്രാ വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞെങ്കിലും വിപണി കണക്കുകള്‍ കുറയാതെ സൂക്ഷിച്ചത് ഇരുചക്ര-മുച്ചക്ര സെഗ്‌മെന്റാണെന്നും സിയാം വൃത്തങ്ങള്‍ അറിയിച്ചു.

ജി.എസ്.ടി ഇളവ് കുരുക്കായി

ഡീലര്‍ഷിപ്പുകളിലേക്കുള്ള വിതരണം വാഹന കമ്പനികള്‍ പുന:ക്രമീകരിച്ചതും ഡിമാന്‍ഡ് കുറഞ്ഞതുമാണ് വില്‍പ്പന ഇടിയാന്‍ കാരണമെന്നാണ് സിയാമിന്റെ വിലയിരുത്തല്‍. വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നവര്‍ ജി.എസ്.ടി ഇളവിന് വേണ്ടി കാത്തിരിക്കുന്നതും വില്‍പ്പനയെ ബാധിച്ചു. ചെറുകാറുകളുടെയും 350 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങളുടെയും ജി.എസ്.ടി 28ല്‍ നിന്നും 18 ശതമാനമാക്കി കുറച്ചിരുന്നു. സെപ്റ്റംബര്‍ 22ന് നിലവില്‍ വരുന്ന ഇളവിന് മുന്നോടിയായി മിക്ക കമ്പനികളും വിലയിലും കുറവ് വരുത്തിയിട്ടുണ്ട്.

പ്രതീക്ഷ ഇങ്ങനെ

ജി.എസ്.ടി ഇളവ് പ്രഖ്യാപിച്ചതോടെ മിക്ക കാര്‍ മോഡലുകളുടെയും വിലയില്‍ 10 ശതമാനത്തോളം കുറവുണ്ടാകും. 1,500 സിസി വരെയുള്ള കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമാക്കി. എസ്.യു.വി പോലുള്ള വലിയ വാഹനങ്ങളുടെ ജി.എസ്.ടി 40 ശതമാനമാക്കിയെങ്കിലും നഷ്ടപരിഹാര സെസ് എടുത്തുകളഞ്ഞതോടെ ഇവയുടെ വിലയും കുറയും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അഞ്ച് ശതമാനമാക്കി നിലനിറുത്തി. സെപ്റ്റംബര്‍ 22ന് പുതിയ നിരക്കുകള്‍ നിലവില്‍ വരും. രാജ്യത്ത് ഉത്സവ സീസണ്‍ വില്‍പ്പന തുടങ്ങുന്ന സമയമാണിത്. ഉത്സവകാല ഡിമാന്‍ഡും വിലക്കുറവും ഒത്തുവന്നത് വിപണിക്ക് ഇരട്ടി മധുരമായി. ഇതോടെ വില്‍പ്പനയില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് വാഹന വിപണിയുടെ പ്രതീക്ഷ.

SIAM reports car sales fell in August 2025, but two-wheeler sales gained momentum on festive demand. Check India’s latest auto industry sales trends andtwo-wheeler growth festive season sector performance.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com