നിരത്തിലിറങ്ങാന്‍ സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍; ഓലയ്ക്കും ഏഥറിനും ഭീഷണിയോ
ക്ലീന്‍ എനര്‍ജി സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ 'സിമ്പിള്‍ വണ്‍' പുറത്തിറക്കി. ഇതിന്റെ പ്രാരംഭ വില 1.45 ലക്ഷം രൂപയാണ്. ഒറ്റ ചാര്‍ജില്‍ 212 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഐ.ഡി.സി (ഇന്ത്യന്‍ ഡ്രൈവിംഗ് കണ്ടീഷനുകള്‍) ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് സിമ്പിള്‍ വണ്‍ എന്ന് കമ്പനി അവകാശപ്പെടുന്നു.നിലവില്‍ നിരത്ത് വാഴുന്ന് ഓല എസ്1പ്രോ, ഏഥര്‍ 450 എക്‌സ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഭീഷണിയായേക്കും സിമ്പിള്‍ എനര്‍ജി.
സവിശേഷതകള്‍
സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്തേകുന്നത് 5 kWh ലിഥിയം-അയണ്‍ പോര്‍ട്ടബിള്‍ ഡ്യുവല്‍ ബാറ്ററി പായ്ക്കാണ്. ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് സ്‌കൂട്ടറിനെ അപേക്ഷിച്ചും ഏറ്റവും ഉയര്‍ന്ന ബാറ്ററി കപ്പാസിറ്റിയാണിത്. സിമ്പിള്‍ വണ്‍ ബാറ്ററി അതിവേഗ ചാര്‍ജിംഗ് ലഭിക്കുന്നു. 5 മണിക്കൂര്‍ 54 മിനിറ്റ് കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. ഡ്യുവല്‍ ബാറ്ററി പായ്ക്കില്‍ ഒന്ന് പോര്‍ട്ടബിള്‍ ആയതിനാല്‍ പുറത്തെടുത്ത് ചാര്‍ജ് ചെയ്യാനാകും.
സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 8.5 kW ഇലക്ട്രിക് മോട്ടോറാണുള്ളത്. ഇത് പരമാവധി 72 Nm ടോര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. വെറും 2.77 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സിമ്പിള്‍ വണ്ണിന് കഴിയും. ബ്രേസന്‍ ബ്ലാക്ക്, നമ്മ റെഡ്, അസൂര്‍ ബ്ലൂ, ഗ്രേസ് വൈറ്റ്, ബ്രേസന്‍ എക്‌സ്, ലൈറ്റ് എക്‌സ് എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളില്‍ സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാകും.
മറ്റ് നഗരങ്ങളിലേക്കും
പുതിയ ഇ-സ്‌കൂട്ടറിന് 18 മാസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പ്രീ-ബുക്കിംഗുകള്‍ ലഭിച്ചതായും ബംഗളൂരുവില്‍ ഡെലിവറി ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും സിമ്പിള്‍ എനര്‍ജിയുടെ സഹസ്ഥാപകനായ ശ്രേഷ്ഠ് മിശ്ര പറഞ്ഞു. 2023 ജൂണ്‍ 6 മുതല്‍ ബംഗളൂരുവില്‍ ഡെലിവറി ആരംഭിക്കും. അടുത്ത 12 മാസത്തിനുള്ളില്‍ 40-50 നഗരങ്ങളിലേക്ക് റീറ്റെയ്ല്‍ വില്‍പ്പന വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ഐ.ഐ.ടി-ഇന്‍ഡോറുമായി സഹകരിച്ച് വികസിപ്പിച്ച തെര്‍മല്‍ മാനേജ്മെന്റ് സിസ്റ്റവുമായി വരുന്ന ആദ്യത്തെ ഇ-സ്‌കൂട്ടറാണിതെന്ന് സിമ്പിള്‍ എനര്‍ജിയുടെ സ്ഥാപകനും സി.ഇ.ഒയുമായ സുഹാസ് രാജ്കുമാര്‍ പറഞ്ഞു.