വാഹനലോകത്ത് ജര്‍മന്‍-ഇന്ത്യന്‍ കമ്പനികളുടെ കൂട്ടുകെട്ട്, ചില മോഡലുകളുടെ വില കുറയാന്‍ സാധ്യത

വാഹനലോകത്ത് ഇന്ത്യന്‍-ജര്‍മന്‍ കൂട്ടുകെട്ട് ഒരുങ്ങുന്നു. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ പതിപ്പായ സ്‌കോഡ ഓട്ടോ ഫോക്‌സ് വാഗണ്‍ ഇന്ത്യയും ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമാണ് ഒന്നിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുകമ്പനികളുടെയും പരിശോധനകള്‍ പൂര്‍ത്തിയായെന്നും സഹകരണം സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമായ ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി എന്നീ ബ്രാന്‍ഡുകളെ മറ്റൊരു കമ്പനിയായി നിലനിറുത്താനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട് ഇരുകമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എന്താണ് നേട്ടം

ഇരുകമ്പനികള്‍ക്കുമിടയിലെ കരാര്‍ സാധ്യമായാല്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം യൂണിറ്റുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ഫോക്‌സ് വാഗന്റെ പ്ലാന്റ് മഹീന്ദ്രയ്ക്ക് കൂടി ഉപയോഗിക്കാം. പേരുകേട്ട ജര്‍മന്‍ സാങ്കേതിക വിദ്യയും സംവിധാനങ്ങളും അടുത്തറിയാനുള്ള അവസരവുമാണിത്. സ്‌കോഡയുടെ നിലവിലെ പ്ലാന്റിന് സമീപമുള്ള ഭൂമിയില്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാനുള്ള ഇടമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ 8.4 ലക്ഷം യൂണിറ്റുകളാണ് മഹീന്ദ്രയുടെ വാര്‍ഷിക ഉത്പാദന ക്ഷമത. ഇത് വര്‍ധിപ്പിക്കാനും മഹീന്ദ്രയ്ക്ക് കഴിയും.

വില കുറയാന്‍ സാധ്യത

മഹീന്ദ്രയുടെ വെഹിക്കിള്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ സ്‌കോഡയ്ക്ക് കഴിയുമെന്നതാണ് കരാറിനെ ശ്രദ്ധേയമാക്കുന്നത്. വില കുറഞ്ഞതും വിശ്വസിക്കാനാവുന്നതുമായ ഈ പ്ലാറ്റ്‌ഫോമില്‍ പെട്രോള്‍/ഡീസല്‍/ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനാണ് സ്‌കോഡയുടെ പദ്ധതി. അങ്ങനെ വന്നാല്‍ ഇന്ത്യയില്‍ ഫോക്‌സ് വാഗണ്‍ വാഹനങ്ങള്‍ക്ക് വില കുറയാന്‍ സാധ്യതയുണ്ട്. സ്‌കോഡ ഫോക്‌സ് വാഗന്റെ ജനപ്രിയ മോഡലുകളായ കുഷാഖ്, ടയ്ഗൂന്‍ എന്നിവയ്ക്ക് നിലവിലെ എം.ക്യൂ.ബി എ0 37 പ്ലാറ്റ്‌ഫോമിന് പകരം പേരുകേട്ട മഹീന്ദ്രയുടെ എന്‍.എഫ്.എ പ്ലാറ്റ്‌ഫോം ഉപയോഗിക്കും. സ്‌കോഡയുടെ സി.എം.പി പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ ഇതിനോടകം മഹീന്ദ്രയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

പ്ലാന്‍ ഇങ്ങനെ

പൂനെയ്ക്കടുത്ത് ചക്കനിലുള്ള ഇരുകമ്പനികളുടെയും പ്ലാന്റുകളായിരിക്കും സംയുക്ത സംരംഭത്തിനായി ഉപയോഗിക്കുന്നത്. കരാറിന്റെ ഭാഗമായി 4,000 മുതല്‍ 5,000 കോടി വരെ മഹീന്ദ്ര നിക്ഷേപിക്കും. ചക്കനിലെ പ്ലാന്റ് നവീകരണത്തിനും ഈ തുക ഉപയോഗിക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഒരു ഇന്ത്യന്‍ വാഹന നിര്‍മാണ കമ്പനിയുമായി സഹകരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സ്‌കോഡ ഓട്ടോ ഗ്ലോബല്‍ സി.ഇ.ഒ ക്ലോസ് സെല്‍മര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സ്‌കോഡ രാജ്യം വിട്ടേക്കുമോ എന്ന അഭ്യൂഹവും വാഹന ലോകത്ത് സജീവമായിരുന്നു.

Related Articles

Next Story

Videos

Share it