തുടക്കത്തില്‍ തന്നെ പിഴച്ചു; സ്‌കോഡ കുശാഖ് മോഡലുകള്‍ തിരിച്ചുവിളിക്കുന്നു, കാരണമിതാണ്

എസ്‌യുവി വിഭാഗത്തില്‍ കരുത്തറിയിക്കാന്‍ സ്‌കോഡ ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ കുശാഖ് മോഡലുകള്‍ തിരിച്ചുവിളിക്കുന്നു. മോഡല്‍ വിപണിയിലെത്തിച്ച് മാസങ്ങള്‍ക്കകമാണ് സ്‌കോഡയുടെ ഈ തിരിച്ചുവിളിക്കല്‍. കുശാഖില്‍ ഇന്ധന പമ്പുമായി ബന്ധപ്പെട്ട തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ മോഡല്‍ തിരിച്ചുവിളിക്കാന്‍ സ്‌കോഡയെ നിര്‍ബന്ധിതരാക്കിയത്. ഇത് കാരണം ഇലക്ട്രിക് പവര്‍ കണ്‍ട്രോളില്‍ (ഇപിസി) മുന്നറിയിപ്പ് ലൈറ്റിലെ തകരാറ്, എഞ്ചിന്‍ കട്ട് ഓഫ്, വൈദ്യുതി നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഒരു മുന്‍കരുതലെന്നോളം ഈ പ്രശ്‌നങ്ങള്‍ ബാധിക്കാത്ത മോഡലുകളിലും 'കൂടുതല്‍ കരുത്തുറ്റ' ഇന്ധന പമ്പ് മാറ്റിസ്ഥാപിച്ച് തകരാറുകള്‍ പരിഹരിക്കുമെന്ന് വാഹന നിര്‍മാതാക്കള്‍ വ്യക്തമാക്കി.

സ്‌കോഡയുടെ അടുത്തുള്ള സര്‍വീസ് സെന്ററുകളുമായി ബന്ധപ്പെട്ട് കുശാഖ് ഉപഭോക്താക്കള്‍ക്ക് തകരാറിലായ ഇന്ധന പമ്പുകള്‍ സൗജന്യമായി മാറ്റാവുന്നതാണ്. പുതിയ ഇന്ധന പമ്പിന്റെ സ്റ്റോക്കുകള്‍ ലഭിക്കുമ്പോള്‍, ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ വഴി ഉപഭോക്താക്കളെ ബന്ധപ്പെടുമെന്നും പുതുതായി നല്‍കുന്ന എല്ലാ കാറുകളിലും പുതുക്കിയ പമ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും സ്‌കോഡ അറിയിച്ചിട്ടുണ്ട്.
അതേസമയം, വാഹനം പുറത്തിറക്കി ചുരുങ്ങിയ ദിവസങ്ങള്‍ക്കും 10,000 ബുക്കിംഗുകളാണ് കുശാഖ് നേടിയത്. ജൂണ്‍ 28ന് മോഡല്‍ അവതരിപ്പിച്ചതിന് ശേഷം ഓഗസ്റ്റില്‍ മാത്രം 6,000 ബുക്കിംഗുകള്‍ ഈ മോഡലിന് ലഭിച്ചിട്ടുണ്ട്. ആക്റ്റീവ്, ആമ്പിഷന്‍, സ്റ്റൈല്‍ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളില്‍ പുറത്തിറങ്ങുന്ന കുശാഖിന്റെ ഏറ്റവും ഉയര്‍ന്ന റേഞ്ചായ സ്റ്റൈലിന് 17.59 ലക്ഷം രൂപയാണ് വില. വിഷന്‍ ഐഎന്‍ കണ്‍സെപ്റ്റില്‍ നിന്നുള്ള നിരവധി ഘടകങ്ങളോടെയാണ് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ കുശാഖ് വിപണിയിലെത്തിക്കുന്നത്. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്ക്സ്, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍ എന്നിവയാണ് കുശാഖിന്റെ വിപണിയിലെ പ്രധാന എതിരാളികള്‍.Related Articles

Next Story

Videos

Share it