Begin typing your search above and press return to search.
കാത്തിരിപ്പിന് വിരാമം: സ്‌കോഡ കുശാഖ് പുറത്തിറക്കി, സവിശേഷതകളറിയാം
വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി സ്‌കോഡ കുശാഖ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എസ് യു വി വിഭാഗത്തില്‍ സ്‌കോഡയുടെ കരുത്തറിയിക്കാനെത്തുന്ന കുശാഖിന്റെ അടിസ്ഥാന മോഡലിന് 10.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ആക്റ്റീവ്, ആമ്പിഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളില്‍ പുറത്തിറങ്ങുന്ന കുശാഖിന്റെ ഏറ്റവും ഉയര്‍ന്ന റേഞ്ചായ സ്‌റ്റൈല്‍ 17.59 ലക്ഷം രൂപയ്ക്കും സ്വന്തമാക്കാവുന്നതാണ്.
വിഷന്‍ ഐഎന്‍ കണ്‍സെപ്റ്റില്‍ നിന്നുള്ള നിരവധി ഘടകങ്ങളോടെയാണ് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ കുശാഖ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മുന്‍ഭാഗത്തെ സ്‌കോഡയുടെ മുദ്രയും ഇരുവശത്തെയും നേര്‍ത്ത ഹെഡ്‌ലൈറ്റുകളും ഒരു സെക്കന്‍ഡറി ലൈറ്റ് ക്ലസ്റ്ററും ഏവരെയും ആകര്‍ഷിപ്പിക്കുന്നതാണ്. പിന്‍ഭാഗത്ത് റാപ്പ്അപ്പ് എല്‍ഇഡി ടെയില്‍-ലൈറ്റുകളും ബമ്പറില്‍ ഒരു ഫോക്‌സ് ഡിഫ്യൂസറും സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഇന്റീരിയറും ഏറെ ആകര്‍ഷകമായാണ് ഒരുക്കിയിട്ടുള്ളത്. ടോപ്പ്-സ്‌പെക്ക് സ്‌റ്റൈല്‍ ട്രിമിലെ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കണക്ടഡ് കാര്‍ ടെക്, ലെതറെറ്റ് സീറ്റുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, കാലാവസ്ഥയ്ക്കായി ടച്ച് സെന്‍സിറ്റീവ് ബട്ടണുകള്‍ എന്നിവയുള്ള 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉപഭോക്താക്കള്‍ക്ക് നവ്യാനുഭൂതി നല്‍കും. വൈ-ഫൈ, വയര്‍ലെസ് ചാര്‍ജര്‍, സണ്‍റൂഫ് എന്നിവയും കുശാഖിന്റെ സവിശേഷതകളാണ്. ആറ് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ടിസിഎസ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഓട്ടോ ഹെഡ്ലാമ്പുകള്‍, വൈപ്പറുകള്‍, ഒരു മള്‍ട്ടി-കൊളിഷന്‍ ബ്രേക്കിംഗ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ കൂടുതല്‍ സുരക്ഷിത യാത്രയൊരുക്കും.
ഒരു ജോഡി ടര്‍ബോ-പെട്രോള്‍ എഞ്ചിനുകളാണ് കുഷാഖിനെ ശക്തിപ്പെടുത്തുന്നത്. ആദ്യത്തേത് 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടിഎസ്ഐ യൂണിറ്റാണ്, ഇത് 115 എച്ച്പിയും 178 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്നു. മറ്റൊന്ന് 150 എച്ച്പിയും 250 എന്‍എമ്മും വികസിപ്പിക്കുന്ന 1.5 ലിറ്റര്‍, നാല് സിലിണ്ടര്‍ ടിഎസ്ഐ യൂണിറ്റാണ്. രണ്ട് എഞ്ചിനുകള്‍ക്കും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. കൂടാതെ, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുടെ ഓപ്ഷനും ഇവയ്ക്ക് ലഭിക്കും. കുഷാഖിന്റെ 1.0 ടിഎസ്ഐ പതിപ്പിന് മാനുവലില്‍ 10.6 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക്കില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 11.7 സെക്കന്‍ഡ് വേണ്ടിവരും. എന്നാല്‍ 1.5 ടിഎസ്ഐക്ക് രണ്ട് ഗിയര്‍ബോക്‌സിലും 8.6 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.
ഇടത്തരം എസ് യു വിയായ കുശാഖിന്റെ ബുക്കിംഗ് നേരത്തെ തന്നെ ഡീലര്‍മാര്‍ മുഖേനയും ഓണ്‍ലൈനായും സ്‌കോഡ ആരംഭിച്ചിരുന്നു. 35,000 രൂപയാണ് വാഹനം ബുക്ക് ചെയ്യുന്നതിനായി നല്‍കേണ്ടത്. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, നിസ്സാന്‍ കിക്ക്‌സ്, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍ എന്നിവയാണ് കുശാഖിന്റെ എതിരാളികളായി വിപണിയിലുണ്ടാവുക.
Next Story