പുതുമോടിയില്‍ സ്‌കോഡയുടെ ഒക്ടാവിയ: മാറ്റങ്ങളിങ്ങനെ

അടിമുടി മാറ്റങ്ങളുമായി ഫോര്‍ത്ത് ജനറേഷന്‍ ഒക്ടാവിയ അവതരിപ്പിച്ച് സ്‌കോഡ. 25.99 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയ്ക്കാണ് സ്‌കോഡ ഒക്ടാവിയ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റൈല്‍, ലോറിന്‍ & ക്ലെമെന്റ് (എല്‍ ആന്‍ഡ് കെ) എന്നീ രണ്ട് വേരിയന്റുകളിലാണ് സ്‌കോഡ ഒക്ടാവിയ ഉപഭോക്താവിലേക്കെത്തുന്നത്. ഉയര്‍ന്ന റേഞ്ചായ സ്‌കോഡ ഒക്ടാവിയയുടെ ലോറിന്‍ & ക്ലെമെന്റ് (എല്‍ ആന്‍ഡ് കെ) വാരിയന്റിന് 28.99 ലക്ഷം രൂപയാണ് വില. വര്‍ഷങ്ങളായി എക്സിക്യൂട്ടീവ് സെഡാന്‍ സെഗ്മെന്റിലെ മുന്‍നിരയിലുള്ള സ്‌കോഡ ഒക്ടാവിയയുടെ മികച്ച ഡ്രൈവിംഗ് അനുഭൂതിയാണ് ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്തുന്നത്. ഹ്യുണ്ടായ് എലാന്‍ട്രയായിരിക്കും വിപണിയില്‍ സ്‌കോഡ ഒക്ടാവിയയ്ക്ക് പ്രധാന എതിരാളിയായി ഉണ്ടാവുക.

2002 ല്‍ ഒക്ടോവിയയുടെ ആദ്യപതിപ്പ് പുറത്തിറക്കിയപ്പോള്‍ തന്നെ ഈ മോഡല്‍ ഏറെ ശ്രദ്ധനേടിയിരുന്നു. തുടര്‍ന്ന് 2004 ലാണ് ഒക്ടാവിയ വിആര്‍എസ് എന്ന പേരില്‍ രണ്ടാം പതിപ്പ് അവതരിപ്പിച്ചത്. പിന്നീട് ഏറെ മാറ്റങ്ങളുമായി പുറത്തിറക്കിയ മൂന്നാം പതിപ്പും വന്‍തോതില്‍ വിറ്റഴിഞ്ഞു. ഇപ്പോള്‍ ഏറെ മാറ്റങ്ങളോടെയും പ്രതീക്ഷകളോടെയുമാണ് സ്‌കോഡ ഒക്ടാവിയയുടെ നാലാംതലമുറ മോഡല്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
സ്‌കോഡ ഒക്ടാവിയയുടെ യഥാര്‍ത്ഥ രൂപകല്‍പ്പന നഷ്ടപ്പെടാതെയാണ് നാലാം തലമുറ മോഡലും പുറത്തിറങ്ങുന്നത്. ഫ്രണ്ട് എന്റും പിന്‍ഭാഗവും സ്ലീക്കര്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളാല്‍ മനോഹരമാക്കിയിരിക്കുന്നു. ഒപ്പം താഴെ ഒരു ബമ്പറും ഉണ്ട്. ബോണറ്റും ആകര്‍ഷകമായാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കൂടാതെ ആകര്‍ഷണീയമായ എയ്‌റോ ബ്ലാക്ക് 17 ഇഞ്ച് മള്‍ട്ടി-സ്‌പോക്ക് ഡ്യുവല്‍ ടോണ്‍ അലോയ്‌വീലുകളുമാണ് ഒക്ടാവിയയുടെ മറ്റൊരു പ്രത്യേകത. എല്‍ ആന്‍ഡ് കെ വാരിയന്റിലാണ് ഈ വീലുകള്‍. 140 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സാണ് ഒക്ടാവിയയ്ക്കുള്ളത്. റിയര്‍ പാര്‍ക്കിംഗ് ക്യാമറും പാര്‍ക്കിംഗ് എളുപ്പമാക്കുന്നതിനുള്ള ഒരു ഓട്ടോ പാര്‍ക്കും സ്‌കോഡ ഒക്ടാവിയയെ ശ്രദ്ധേയമാക്കുന്നു. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയിലൂടെ വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണുകള്‍ ബന്ധിപ്പിക്കാവുന്ന 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്‍സീറ്റ് ഏറെ സൗകര്യത്തോടെ ഒരുക്കിയിതിനാല്‍ തന്നെ പിന്നിലിരിക്കുന്നവര്‍ക്ക് സൗകര്യത്തോടെ യാത്ര ചെയ്യാന്‍ സാധിക്കും.
2.0 പെട്രോള്‍ എന്‍ജിനിലാണ് സ്‌കോഡ ഒക്ടാവിയ പുറത്തിറങ്ങുന്നത്. ടര്‍ബോ-പെട്രോള്‍ യൂണിറ്റ് 4,180-6,000 ആര്‍പിഎമ്മില്‍ 187.4 ബിഎച്ച്പി കരുത്തും 1500-3990 ആര്‍പിഎമ്മില്‍ 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. സ്റ്റൈല്‍ വേരിയന്റ് കാന്‍ഡി വൈറ്റ്, ലാവ ബ്ലു, മാജിക് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും എല്‍ ആന്‍ഡ് കെ വേരിയന്റ് ബ്രില്യന്റ് സില്‍വര്‍, മേപ്പിള്‍ ബ്രൗണ്‍, കാന്‍ഡി വൈറ്റ്, ലാവ ബ്ലു, മാജിക് ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളിലുമാണ് പുറത്തിറക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it