സ്‌കോഡയുടെ പുതിയ അവതാരം, സ്ലാവിയ ഇന്ത്യയില്‍ അവതരിപ്പിച്ചു

പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌കോഡയുടെ സെഡാന്‍ മോഡലായ സ്ലാവിയ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.0 TSI പവര്‍ പതിപ്പുകളുടെ വില 10.69 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതലാണ് ആരംഭിക്കുന്നത്. ആക്ടീവ്, ആമ്പീഷന്‍, സ്റ്റൈല്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലെത്തുന്ന സ്ലാവിയയുടെ 1.5 TSI പവര്‍ പതിപ്പുകള്‍ മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കും. സ്റ്റൈല്‍ വകഭേദത്തില്‍ വിത്ത് സണ്‍റൂഫ്, വിത്തൗട്ട് സണ്‍റൂഫ് ഓപ്ഷനുകളും ചെക്ക് കാര്‍ നിര്‍മാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

സ്‌കോഡ കുഷാക്കിന് സമാനമായി ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്ലാവിയ പുറത്തിറങ്ങുന്നത്. റാപിഡ് മോഡലിനേക്കാള്‍ അല്‍പ്പം വലുതായ സ്ലാവിയയ്ക്ക് 4,541 മില്ലി മീറ്റര്‍ നീളവും 1,752 മില്ലി മീറ്റര്‍ വീതിയും 2,651 മില്ലി മീറ്റര്‍ ഉയരവുമാണുള്ളത്. 2,651 മില്ലി മീറ്ററുള്ള സ്ലാവിയയുടെ സ്ലാവിയയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 179 മില്ലി മീറ്ററാണ്.

ലേയേര്‍ഡ് ഡാഷ്ബോര്‍ഡ്, ഫ്രീ-സ്റ്റാന്‍ഡിംഗ് 10-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ ടോണ്‍ ബീജ്, ബ്ലാക്ക് ഇന്റീരിയര്‍ തീം എന്നിവയാണ് സ്‌കോഡയുടെ പുത്തന്‍ അവതാരത്തിന്റെ സവിശേഷതകള്‍. കണക്റ്റഡ് കാര്‍ ടെക്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സപ്പോര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, റിയര്‍ എസി വെന്റുകള്‍, റിയര്‍ സെന്റര്‍ ആംറെസ്റ്റ് എന്നിവയാണ് സ്റ്റൈല്‍ ട്രിമ്മിലെ സവിശേഷതകള്‍.

ആറ് എയര്‍ബാഗുകള്‍, ഇഎസ്സി, ഒരു ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ സിസ്റ്റം (ഇഡിഎസ്), ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകളും ഇത് ഉള്‍ക്കൊള്ളുന്നു. 1.0 TSI മാനുവല്‍ പെട്രോള്‍ ലിറ്ററിന് 19.47 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പ് 18.07 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് അവകാശപ്പെടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it