Begin typing your search above and press return to search.
ഇന്നോവക്കും കൂട്ടുകാര്‍ക്കും പണി കൊടുക്കാന്‍ ഫോക്‌സ് വാഗണ്‍- സ്‌കോഡ കൂട്ടുകെട്ട്; പുതിയ 7 സീറ്ററുകള്‍ ഉടനെത്തും
ഇന്ത്യന്‍ വിപണിയില്‍ മൂന്ന് എസ്.യു.വികള്‍ കൂടി അവതരിപ്പിക്കാനൊരുങ്ങി സ്‌കോഡ ഓട്ടോ ഫോക്‌സ് വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. അടുത്ത വര്‍ഷത്തോടെ നിരത്തിലെത്തുന്ന വാഹനങ്ങളില്‍ ഒരെണ്ണം സ്‌കോഡയുടെ പേരിലും രണ്ടെണ്ണം ഫോക്‌സ് വാഗന്റെ ബാഡ്ജിലുമാകും ഇറങ്ങുക. അടുത്തിടെ സ്‌കോഡ പുറത്തിറക്കിയ കൈലാഖിനെ അടിസ്ഥാനമാക്കി ടെറ എന്ന പേരില്‍ ഫോക്‌സ് വാഗണിന്റെ പുതിയ മോഡല്‍ അധികം വൈകാതെ നിരത്തിലെത്തും. ഇതിന് പുറമെ ഫോക്‌സ് വാഗണ്‍ ടൈറോണ്‍ 7 സീറ്ററും സ്‌കോഡയുടെ കോഡിയാക്കും അടുത്തുതന്നെ ഇന്ത്യയിലെത്തും. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് പണി കൊടുക്കാനുറച്ച് ഇന്ത്യയിലെത്തുന്ന മൂന്ന് വാഹനങ്ങളെയും പരിചയപ്പെടാം.
ഫോക്‌സ് വാഗണ്‍ ടെറ
സ്‌കോഡ കൈലാഖിനെ അടിസ്ഥാനമാക്കി ഫോക്‌സ് വാഗണ്‍ നിര്‍മിക്കുന്ന സബ് 4 മീറ്റര്‍ എസ്.യു.വിയുടെ പേര് അടുത്തിടെ കമ്പനി പുറത്തുവിട്ടിരുന്നു. കൈലാഖിലെ പ്ലാറ്റ്‌ഫോം, ഫീച്ചറുകള്‍, എഞ്ചിന്‍ എന്നിവ തന്നെയാകും പുതിയ വാഹനത്തിലും. എന്നാല്‍ സ്റ്റൈലിലും ഡിസൈനിലും പുതുമയോടെയാകും വാഹനം നിരത്തിലെത്തുക. പ്രീമിയം ഫീച്ചറുകളും കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തിയാകും ടെറയുടെ വരവ്. എല്ലാ വേരിയന്റുകളിലും ആറ് എയര്‍ ബാഗുകള്‍ ഉള്‍പ്പെടുത്തും. കൈലാഖിലുള്ള 1.0 ലിറ്റര്‍ ടി.എസ്.ഐ എഞ്ചിന്‍ തന്നെയാകും ടെറയിലും ഉപയോഗിക്കുക. ആദ്യഘട്ടത്തില്‍ ബ്രസീലിലായിരിക്കും വാഹനം വില്‍ക്കുക.
സ്‌കോഡ കോഡിയാക്ക്
കോഡിയാക്കിന്റെ 7 സീറ്റര്‍ പതിപ്പ് അടുത്ത വര്‍ഷമായിരിക്കും ഇന്ത്യയിലെത്തുക.
ഇതിനോടകം രാജ്യത്ത് പരീക്ഷണയോട്ടം ആരംഭിച്ച വാഹനം ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2025ല്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം. അടുത്തിടെ യൂറോ എന്‍കാപ് ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കിയ വാഹനമാണിത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 89 ശതമാനവും കുട്ടികളുടേതില്‍ 83 ശതമാനം സ്‌കോറും കോഡിയാക്ക് നേടിയിരുന്നു. യന്ത്രഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ കൂട്ടിയോജിപ്പിക്കുന്ന തരത്തില്‍ സി.കെ.ഡി (കംപ്ലീറ്റിലി നോക്ക് ഡൗണ്‍ യൂണിറ്റ്) രൂപത്തിലായിരിക്കും വാഹനത്തിന്റെ നിര്‍മാണം. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സോടു കൂടിയ 2.0 ലിറ്റര്‍ ടി.എസ്.ഐ എഞ്ചിനായിരിക്കും വാഹനത്തിലുണ്ടാവുക. എം.ജി ഗ്ലോസ്റ്റര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍, ടൊയോട്ട ഇന്നോവ എന്നീ വാഹനങ്ങള്‍ക്ക് കനത്ത മത്സരമാകും കോഡിയാക്ക് ഉയര്‍ത്തുക. 40 ലക്ഷം രൂപ മുതലാകും വാഹനത്തിന്റെ ഏകദേശ വിലയെന്നാണ് സൂചന.
ഫോക്‌സ് വാഗണ്‍ ടൈറോണ്‍
അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ഫോക്‌സ് വാഗണ്‍ ടൈറോണ്‍ 7 സീറ്റര്‍ എസ്.യു.വിയുടെ ഇന്ത്യന്‍ വരവ്.
ഈ വര്‍ഷം നടന്ന ബെയ്ജിംഗ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം കമ്പനിയുടെ നിലവിലുള്ള ടിഗ്വാന്‍ മോഡലിനേക്കാള്‍ വലുതാണ്. എന്നാല്‍ വെന്റിലേറ്റഡ് സീറ്റ്, പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 15 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ടാകും. അന്താരാഷ്ട്ര വിപണിയില്‍ വാഹനത്തിന്റെ പെട്രോള്‍, ഡീസല്‍, മൈല്‍ഡ് ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ് തുടങ്ങിയ പതിപ്പുകള്‍ ലഭ്യമാണെങ്കിലും ഇന്ത്യയില്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സിലുള്ള പെട്രോള്‍ എഞ്ചിനായിരിക്കും ഉള്‍പ്പെടുത്തുക. 40 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില.
Next Story
Videos