വിലകുറഞ്ഞ ഇലക്ട്രിക് കാറുകള്‍ ഉടന്‍ സാധ്യമല്ല; നയം വ്യക്തമാക്കി മാരുതി

ബജറ്റ് സെഗ്മെന്റ് മോഡലുകളാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ (Maruti Suzuki) മുഖമുദ്ര. ടാറ്റ ഉള്‍പ്പടെയുള്ള മറ്റ് വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് മോഡലുകള്‍ (ഇവി) പുറത്തിറക്കുമ്പോള്‍ 2025 ഒടെ മാത്രമേ തങ്ങള്‍ ഈ സെഗ്മെന്റിലേക്കെത്തു എന്ന് മാരുതി നേരത്തെ തന്നെ അറിയിച്ചിരുന്നു. 2025ലും വിലക്കുറഞ്ഞ ഇവികള്‍ പുറത്തിറക്കാന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ മാരുതി പറയുന്നത്.

മാരുതി സുസുക്കി സിഇഒയും എംഡിയുമായ ഹിസാഷി ടകൂച്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാറ്ററി വില, ചാര്‍ജിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവയാണ് വില ഉയരുന്നതിന് കാരണമായി സിഇഒ ചൂണ്ടിക്കാട്ടിയത്. ഇവി സെഗ്മെന്റില്‍ സുസുക്കി ഗ്രൂപ്പ് രാജ്യത്ത് നടത്തുന്ന നിക്ഷേപങ്ങള്‍ ഇവികള്‍ പുറത്തിറക്കുമെന്നതിന്റെ വ്യക്തമായ സൂചന തന്നെയാണ്. ഇന്ത്യയില്‍ തന്നെയുള്ള നിര്‍മ്മാണം വാഹനങ്ങളുടെ വില വീണ്ടും കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാറ്ററി നിര്‍മ്മാണച്ചെലവ് ഇപ്പോഴും വളരെ കൂടുതലാണ്. ടെക്‌നോളജി പുരോഗമിക്കുമ്പോള്‍ ബാറ്ററി വില കുറയുമായിരിക്കും. പക്ഷെ അതിന് സമയം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 2030ഓടെ രാജ്യത്തെ ആകെ കാര്‍ വില്‍പ്പനയില്‍ 8-10 ശതമാനം ആയിരിക്കും ഇവികള്‍ എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മാരുതി ഏതാനും മോഡലുകള്‍ അവതരിപ്പിക്കും. ഇവി സെഗ്മെന്റിലെ വിപണി വളര്‍ച്ചയുടെ വേഗവുമായി പൊരുത്തപ്പെടാനുള്ള നടപികള്‍ കമ്പനി സ്വീകരിക്കുമെന്നും സിഇഒ വ്യക്തമാക്കി. ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കുമ്പോള്‍ ഷോറൂമുകള്‍ ചാര്‍ജിംഗ് സ്‌റ്റേഷനായി ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ ഉള്‍പ്പടെ മാരുതി പരിഗണിക്കുന്നുണ്ട്.

അടുത്ത 10-15 വര്‍ഷത്തേക്ക് രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രതീക്ഷിക്കുന്ന ഗുണം ഉണ്ടാക്കില്ലെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ നേരത്തെ പറഞ്ഞിരുന്നു. ഇവി ബാറ്ററികള്‍ നിര്‍മിക്കാന്‍ നിക്കല്‍, കൊബാള്‍ട്ട്, ലിഥിയം പോലുള്ളവ ആവശ്യമാണ്. ഇവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യണം. ഇവിയിലേക്കുള്ള മാറ്റം ക്രൂഡ് ഓയില്‍ നിന്ന് ബാറ്ററി നിര്‍മാണ വസ്തുക്കളുടെ ഇറക്കുമതിയിലേക്കുള്ള മാറ്റം ആയിരിക്കുമെന്നാണ് ആര്‍സി ഭാര്‍ഗവ മുന്നറിയിപ്പ് നല്‍കിയത്. കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കാന്‍ സിഎന്‍ജി. ബയോ-സിഎന്‍ജി, എഥനോള്‍, ഹൈബ്രിഡ് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പകരം സിഎന്‍ജി വാഹനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്ന് മാരുതി സുസുക്കി നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ടാറ്റയും എംജി മോട്ടോഴ്സുമൊക്കെ ഇവി മേഖലയില്‍ മേധാവിത്വം തുടരുമ്പോള്‍, വിപണി സാഹചര്യം അനുകൂലമല്ലെന്നാണ് ഇപ്പോഴും മാരുതിയുടെ നിലപാട്. ഗുജറാത്തില്‍ 1200 കോടിമുടക്കി മാരുതി, തോഷിബ, ഡെന്‍സോ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച രാജ്യത്തെ ആദ്യ ലിഥിയം അയണ്‍ ബാറ്ററി സെല്‍ പ്ലാന്റ് കഴിഞ്ഞ വര്‍ഷം കമ്മീഷന്‍ ചെയ്തിരുന്നു. കൂടാതെ രാജ്യത്തെ ഇവി , ബാറ്ററി നിര്‍മാണ മേഖലയില്‍ 10,445 കോടിയോളം രൂപയുടെ നിക്ഷേപവും സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles
Next Story
Videos
Share it