Begin typing your search above and press return to search.
ടൊയോട്ടയുടെ കുഞ്ഞന്‍ 'മാരുതി' എസ്.യു.വി വരുന്നൂ; സി.എന്‍.ജിയുമുണ്ടാകും
മാരുതി സുസുക്കിയുടെ കുഞ്ഞന്‍ എസ്.യു.വിയായ ഫ്രോന്‍ക്‌സിനെ കടമെടുത്ത് ടൊയോട്ട നിര്‍മിക്കുന്ന പുതിയ എസ്.യു.വി അടുത്തമാസം മൂന്നിന് എത്തും. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യന്‍ വിപണിക്കായി അര്‍ബന്‍ ക്രൂസര്‍ ടൈസറിന്റെ നെയിംപ്ലേറ്റ് ടൊയോട്ട ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. ഇതാകും ഫ്രോന്‍ക്‌സിന്റെ റീബ്രാന്‍ഡഡ് പതിപ്പെന്ന് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
സമാനമായ ലുക്കിലായിരിക്കും വാഹനം അവതരിപ്പിക്കുകയെങ്കിലും മാരുതിയുടെ ഫ്രോന്‍ക്‌സില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ചില സൗന്ദര്യവത്കരണം വാഹനത്തിന് പുറത്തും ഉള്‍വശത്തുമുണ്ടായേക്കുമെന്നാണ് കരുതുന്നത്. പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകളോടു കൂടിയ പുതിയ ബമ്പര്‍, എല്‍.ഇ.ഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, പുതിയ അലോയ് വീലുകള്‍, പരിഷ്‌കരിച്ച ബമ്പറോടു കൂടിയ പുതിയ പിന്‍ലൈറ്റുകള്‍ എന്നിവയൊക്കെയാണ് 'ടൊയോട്ടയുടെ' ഫ്രോന്‍ക്‌സില്‍ പ്രതീക്ഷിക്കുന്നത്. മെറ്റല്‍ ഷീറ്റില്‍ മാറ്റങ്ങളുണ്ടാകില്ല. സോഫ്റ്റ് പ്ലാസ്റ്റിക് പാര്‍ട്ടുകളിലാകും പരിഷ്‌കാരങ്ങള്‍.
ഉള്‍വശം ഫ്രോന്‍ക്‌സിന് സമാനമായിരിക്കുമെങ്കിലും അപ്‌ഹോള്‍സ്റ്ററിയിലും തീമിലും ടൊയോട്ടയുടെ സിഗ്നേച്ചര്‍ ടച്ച് കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ പങ്കാളിത്ത മോഡലുകളില്‍ കാണുന്ന ടോപ്-സ്‌പെക് മോഡലുകളിലെ ഉപകരണങ്ങള്‍ സമാനമായിരിക്കുമെങ്കിലും ടൊയോട്ടയുടെ ഫ്രോന്‍ക്‌സില്‍ കുറച്ച് വ്യത്യാസങ്ങൾ കൊണ്ടു വരാനിടയുണ്ട്. കൂടുതല്‍ വ്യത്യസ്തത തോന്നാന്‍ ടൊയോട്ട മികച്ച സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും നല്‍കിയേക്കും.
ടൊയോട്ട ടൈസര്‍
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലായിരിക്കും പുതിയ കാര്‍ വരിക. 89 ബി.എച്ച്.പി പവര്‍ നല്‍കുന്ന 1.2 ലിറ്റര്‍ നാച്വറലി ആസ്പിറേറ്റഡ് ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനായിരിക്കും ആദ്യത്തെ ഓപ്ഷന്‍. ഫ്രോന്‍ക്‌സ് വാങ്ങുന്നവരില്‍ 80 ശതമാനവും തിരഞ്ഞെടുക്കുന്ന എന്‍ജിനാണിത്. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് ഓപ്ഷനാണ് രണ്ടാമത്തേത്. 100 എച്ച്.പി കരുത്തും 147 എന്‍.എം ടോര്‍ക്കും പ്രദാനം ചെയ്യാന്‍ ശേഷിയുള്ളതായിരിക്കുമിത്. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സിമിഷനാകും ഇതില്‍. കൂടാതെ അര്‍ബന്‍ ക്രൂസര്‍ ടൈസറിന്റെ സി.എന്‍.ജി പതിപ്പും വിപണിയിലെത്തിച്ചേക്കും.
2022ല്‍ വിപണിയലവതരിപ്പിച്ച മാരുതിയുടെ തന്നെ ബ്രസയില്‍ നിന്ന് കടം കൊണ്ട എസ്.യു.വിക്ക് ശേഷം സബ് 4 മീറ്റര്‍ വിഭാഗത്തിലേക്കുള്ള ടൊയോട്ടയുടെ തിരിച്ചുവരവായിരിക്കും അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍. ഈ വിഭാഗത്തില്‍ വാഹനങ്ങളില്ലാത്തതിനാല്‍ കുറെയധികം ഉപയോക്താക്കളെ ടൊയോട്ടയ്ക്ക് നഷ്ടമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
മാരുതിയുടെ ഒറിജിനല്‍ ഫ്രോന്‍ക്‌സ് കൂടാതെ കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ വരുന്ന ടാറ്റ നെക്‌സണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്‌സ്.യു.വി300, മാരുതി സുസുക്കി ബ്രെസ്സ എന്നിവയായിരിക്കും ടൈസറിന്റെ മുഖ്യ എതിരാളികള്‍. വിലയുടെ കാര്യത്തില്‍ ഫ്രോന്‍ക്‌സിനേക്കാള്‍ അല്‍പ്പം ഉയര്‍ന്നായിരിക്കും എന്നാണ് സൂചന.
കടംകൊണ്ട മോഡലുകള്‍
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട മാരുതിയുമായി കൂട്ടുകെട്ട് തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ഇരുവരുടെയും സഹകരണത്തിലൂടെ ആദ്യം പുറത്തിറങ്ങിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലാണ് ഗ്ലാന്‍സ. മാരുതിയുടെ ബലേനോയില്‍ നിന്ന് കടംകൊണ്ടതായിരുന്നു ഇത്. പിന്നീട് എര്‍ട്ടിഗ-റൂമിയോണ്‍, ഗ്രാന്‍ഡ് വിത്താര- ഹൈറൈഡര്‍, ഹൈക്രോസ്-ഇന്‍വിക്ടോ എന്നീ വാഹനങ്ങളും ഇരുകമ്പനികളും ബാഡ്ജിംഗിലൂടെ പുറത്തിറക്കിയിരുന്നു. പരസ്പരമുള്ള സഹകരണം ഇരു കമ്പനികള്‍ക്കും വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
Next Story
Videos