Begin typing your search above and press return to search.
ഇ.വി വില്‍പനയില്‍ കൊച്ചുകേരളം മൂന്നാം സ്ഥാനത്ത്, സ്വീകാര്യത വര്‍ധിക്കുന്നു; ആജീവനാന്ത വാറന്റിയുമായി കമ്പനികള്‍
കാര്‍ബണ്‍ മോണോക്സൈഡിന്റെ വിഷ പുക ചീറ്റുന്ന പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍. പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ക്ക് അനുദിനം ഉണ്ടാകുന്ന ക്രമാതീതമായ വില വര്‍ധന. ഇതിനെല്ലാമിടയില്‍ വാഹന ഉപയോക്താക്കള്‍ വലിയ തോതില്‍ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്.
ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ട് ഈ തലമുറയും ഭാവി തലമുറകളും ആവേശപൂര്‍വം നടപ്പാക്കണമെന്ന് വിദഗ്ധര്‍ ഒരേ സ്വരത്തില്‍ പറയുന്നതിന് രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമത്തേക്ക് ഐസി (ICE) എഞ്ചിനുകള്‍ (പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍) പുറം തളളുന്ന കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ ഡയോക്സൈഡ്, സള്‍ഫര്‍ ഓക്സൈഡുകള്‍, നൈട്രജന്‍ ഓക്സൈഡുകള്‍ തുടങ്ങിയ മാരക മലിനീകരണ വാതകങ്ങള്‍ പ്രകൃതിക്ക് വരുത്തുന്ന വിനാശകരമായ ഫലങ്ങളെക്കുറിച്ചാണ്. രണ്ടാമത്തേത് നാള്‍ക്കുനാള്‍ കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വര്‍ധന ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുളള ജനങ്ങളുടെയും നടു സാമ്പത്തികമായി ഒടിക്കുന്നതിനെക്കുറിച്ചാണ്. ഒരു നാല് കൊല്ലം മുമ്പ് വളരെയേറെ വികസിച്ചിട്ടില്ലാത്ത ഇ.വി സാങ്കേതിക മേഖല, കഴിഞ്ഞ കുറച്ചു നാളുകളായി വലിയ വളര്‍ച്ചയാണ് കാണിക്കുന്നത്.
ഇ.വി വാഹനങ്ങളുടെ ബാറ്ററികളും മറ്റു ഇലക്ട്രിക്ക്, ഇലക്ട്രോണിക് സവിശേഷതകളും സാങ്കേതികമായി ഇപ്പോള്‍ വളരെ മികച്ചതായിരിക്കുകയാണ്. ഇ.വി വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ലൈഫ് ടൈം വാറന്റി (ആജീവനാന്ത വാറന്റി) ആണ് നല്‍കുന്നതെന്ന് പറഞ്ഞാല്‍, ഇ.വി വാഹനങ്ങളില്‍ മോട്ടോര്‍ വാഹന നിര്‍മ്മാണ കമ്പനികള്‍ക്കുളള ആത്മവിശ്വാസമാണ് കാണിക്കുന്നത്.
മൂന്നാം സ്ഥാനത്ത് കേരളം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇ.വി വില്‍ക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രണ്ടാമത് നില്‍ക്കുന്നത് കര്‍ണാടകയാണ്. എന്നാല്‍ മൂന്നാം സ്ഥാനം കേരളത്തിനാണ് എന്നത് മലയാളികളില്‍ ഇ.വി വാഹനങ്ങളെക്കുറിച്ചുളള അവബോധം എത്ര മാത്രം വര്‍ധിച്ചിട്ടുണ്ട് എന്നതിന് തെളിവാണ്.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വാഹന്‍ പരിവാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ അനുസരിച്ച് 2024 ജനുവരി മുതല്‍ ജൂലൈ വരെ കേരളത്തില്‍ ആകെ 1,12,000 കാറുകളാണ് വിറ്റഴിഞ്ഞത്. ഇതില്‍ 80,000 വാഹനങ്ങള്‍ പെട്രോള്‍ കാറുകളാണ്. 13,000 വാഹനങ്ങള്‍ ഹൈബ്രിഡ് പെട്രോള്‍ കാറുകളാണ്.
8,000 ത്തോളം വാഹനങ്ങള്‍ ഡീസല്‍ വാഹനങ്ങളാണ്. ഇ.വി വാഹനങ്ങള്‍ ഈ കാലയളവില്‍ വിറ്റഴിഞ്ഞത് 6,672 ആണ്. അതായത് ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയുടെ വളരെ അടുത്ത് എത്താന്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. 7.6 ശതമാനമാണ് ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന എങ്കില്‍ 5.4 ശതമാനമാണ് ഇ.വി കളുടെ വില്‍പ്പന. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ തന്നെ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയെ ഇ.വി കള്‍ മറികടക്കുമെന്നാണ് കരുതുന്നത്.
കൂടുതല്‍ ആളുകള്‍ ഇ.വി യിലേക്ക് തിരിയുന്നു
പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇ.വികളില്‍ വിപുലമായ സെഗ്മെന്റുകള്‍ ഇല്ല എന്നത് നിലവിലെ ഒരു പോരായ്മയാണ്. ഉദാഹരണത്തിന് ഹാച്ച് ബാക്ക് സെഗ്മെന്റ് അതുകഴിഞ്ഞ് ഒരു സെഡാന്‍ സെഗ്മെന്റ് തുടര്‍ന്ന് ഒരു സ്മാൾ യൂട്ടിലിറ്റി സെഗ്മെന്റ്, എം.പി.വി, മൾട്ടിയൂട്ടിലിറ്റി സെഗ്മെന്റ് അങ്ങനെ സെഗ്മെന്റ് തിരിച്ച് വ്യക്തമായ ഒരു വിഭജനം ഐസി എഞ്ചിനുകളില്‍ കാണാനാകും. എന്നാല്‍ ഇ.വി വാഹനങ്ങളില്‍ നിലവില്‍ അത്തരമൊരു വ്യത്യസ്തമായ വാഹന സെഗ്മെന്റുകള്‍ കാണാന്‍ സാധിക്കില്ല. സമീപ ഭാവിയില്‍ (അതായത് 3 വര്‍ഷത്തിനുളളില്‍) ഇ.വി വാഹനങ്ങളില്‍ വളരെ വിപുലമായ സെഗ്മെറ്റ് തിരിച്ചുളള കാറ്റഗറി കാണാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇ.വി യെക്കുറിച്ച് കൂടുതല്‍ ആളുകള്‍ അറിയുകയും മനസിലാക്കുകയും ചെയ്യുന്നതോടെ കൂടുതല്‍ ആളുകള്‍ ഇ.വി വാഹനങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യം അറിയിച്ച് ഷോ റൂമുകളില്‍ എത്തുമ്പോള്‍ കമ്പനികള്‍ കൂടുതല്‍ വ്യത്യസ്ത സെഗ്‌മെന്റുകള്‍ വിപണിയില്‍ എത്തിക്കുമെന്നാണ് കരുതേണ്ടത്.
ഇലക്ട്രിക് കാറുകള്‍ അധികവും വാങ്ങുന്നത് പ്രഫഷണലുകളും ബിസിനസുകാരുമാണ്. എന്നാല്‍ സമീപ ഭാവില്‍ തന്നെ സാധാരണ ജനങ്ങള്‍ കൂടുതലായി ഇ.വി കളിലേക്ക് തിരിയുമെന്നാണ് കരുതുന്നത്. ഡോക്ടര്‍മാര്‍, ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍, അധ്യാപകര്‍, ബിസിനസുകാര്‍ തുടങ്ങിയവരാണ് ഇപ്പോള്‍ ഇ.വി കള്‍ അന്വേഷിച്ച് ഷോറൂമുകളില്‍ എത്തുന്നത്. ജനങ്ങള്‍ക്ക് ഇ.വി കളെക്കുറിച്ച് കൂടുതല്‍ അറിവും അവബോധവും ലഭിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ ഇ.വി കള്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവില്‍ ആളുകള്‍ ഇ.വി കളെക്കുറിച്ച് അത്യാവശ്യം പഠിച്ചിട്ടാണ് ഷോറൂമുകളില്‍ എത്തുന്നത്.
ടാറ്റാ മോട്ടോഴ്സ്, എം.ജി മോട്ടോഴ്സ്, സിട്രോണ്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് കേരളത്തിലെ ഇലക്ട്രിക്ക് കാര്‍ വിപണിയില്‍ നിലവില്‍ പ്രധാനമായും പങ്കാളിത്തമുളളത്. സമീപ ഭാവിയില്‍ കൂടുതല്‍ സെഗ്മെന്റുകളില്‍ ഇ.വി കള്‍ അവതരിപ്പിക്കുന്നതിലൂടെയും കൂടുതല്‍ മോട്ടോര്‍ വാഹന നിര്‍മ്മാണ കമ്പനികള്‍ ഇ.വി വാഹനങ്ങള്‍ പുറത്തിറക്കുന്നതിലൂടെയും വിപണി കൂടുതല്‍ മത്സരാധിഷ്ഠിതമാകുകയും കൂടുതല്‍ മികച്ച വാഹനങ്ങള്‍ താങ്ങാവുന്ന വിലയില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ ഇടയാകുകയും ചെയ്യും.
പ്രമുഖ കമ്പനികള്‍ രംഗത്തേക്ക്
ഇന്ത്യൻ ഇലക്ട്രിക്ക് വാഹന വിപണി 2030 ഓടെ ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഉൻസൂ കിം പറയുന്നു. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ 5,874 ഇ.വി കളാണ് വിറ്റത്. ഇന്ത്യയിൽ ഇലക്ട്രിക്ക് കാർ വിൽപ്പനയില്‍ കഴിഞ്ഞ കുറച്ചു സമയങ്ങളായി നേരിയ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് കിം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നത്.
ഇ.വി വാഹനങ്ങള്‍ക്കു വേണ്ട ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇന്ത്യ പ്രാരംഭ ഘട്ടത്തിലാണെന്നും കിം പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തില്‍ ക്രെറ്റയുടെ ഇ.വി പതിപ്പ് പുറത്തിറക്കാനുളള ഒരുക്കത്തിലാണ് ഹ്യുണ്ടായി.
"ഉദാഹരണത്തിന് എറണാകുളം വൈറ്റിലയില്‍ ഒരു സ്വകാര്യ കമ്പനിയിലോ, പൊതുമേഖല കമ്പനിയിലോ ജോലിയുളള ഒരു വ്യക്തിക്ക് മുവാറ്റുപുഴയില്‍ നിന്ന് വൈറ്റില വന്നു പോകാന്‍ 80 കിലോമീറ്റര്‍ അങ്ങോട്ടും ഇങ്ങോട്ടുമായി സഞ്ചേരിക്കേണ്ടതുണ്ട്. ഒരു ദിവസം 80 കിലോമീറ്റര്‍ കാറില്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക് 15 കിലോമീറ്റര്‍ മൈലേജ് കിട്ടുന്ന ഐസി എഞ്ചിന്‍ വാഹനങ്ങളില്‍ എത്ര രൂപ വരും എന്നുള്ളത് കാൽക്കുലേറ്റ് ചെയ്തു കഴിഞ്ഞാല്‍ മാസം (24 ദിവസം) 12,000 രൂപ മുതല്‍ 15,000 രൂപ വരെ ആവശ്യമായി വരും എന്നു കാണാവുന്നതാണ്. എന്നാല്‍ ഒരു ഇ.വി കാര്‍ എടുത്തു കഴിഞ്ഞാല്‍ അയാള്‍ക്ക് ഇന്ധന വകയില്‍ മാസം ചെലവാക്കേണ്ട തുക 5,000 മുതല്‍ 6,000 രൂപ വരെയായി കുറയ്ക്കാന്‍ സാധിക്കും."- ഇ.വി വാഹനങ്ങളില്‍ സാങ്കേതികമായി മികച്ചു നില്‍ക്കുന്ന എം.ജി മോട്ടോഴ്സിന്റെ എറണാകുളം വൈറ്റില ബ്രാഞ്ചിലെ ഡി.ജി.എം സെയില്‍സ് മുഹമ്മദ് റിയാസ് പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്.
എം.ജി മോട്ടോഴ്സിന്റെ ഇനിയുളള എല്ലാ വാഹനങ്ങളും ന്യൂ എനർജിക്ക് പ്രാധാന്യം നല്‍കിയായിരിക്കും അവതരിപ്പിക്കുകയെന്നും മുഹമദ് റിയാസ് പറഞ്ഞു. ഇലക്ട്രിക്ക് വാഹനങ്ങളും ന്യൂ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുമായിരിക്കും എം.ജി കൂടുതലായും വിപണിയില്‍ എത്തിക്കുക.
ലൈഫ് ടൈം വാറന്റി
കേരളത്തില്‍ ഇപ്പോള്‍ വ്യാപകമായി എം.ജി മോട്ടോഴ്സ് ഷോറൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട് ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും നിലവില്‍ എം.ജി യുടെ സെയില്‍സ് ആന്‍ഡ് സര്‍വീസ് സാന്നിധ്യമുണ്ട്. അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ രണ്ട് വാഹനം സര്‍വീസ് ചെയ്യാന്‍ പറ്റുന്ന തരത്തിലുളള സെയില്‍സ് ആന്‍ഡ് സര്‍വീസ് ഫെസിലിറ്റി കേന്ദ്രങ്ങള്‍ എം.ജി യുടെ പരിഗണനയിലാണ്.
ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ലൈഫ് ടൈം വാറന്റിയാണ് എം.ജി നല്‍കുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് കൊടുക്കുന്ന മനഃസമാധാനം വളരെ വലുതാണെന്നും മുഹമദ് റിയാസ് പറയുന്നു. ആദ്യ ഉടമക്കാണ് ഇത്തരത്തില്‍ വാറന്റി നല്‍കുന്നത്. സെക്കന്‍ഡ് ഓണറിന് സാധാരണ നല്‍കുന്ന 8 വര്‍ഷത്തെ വാറന്റി സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
ഇന്ത്യയിലെ ഐസി ഐഞ്ചിന്‍ കാര്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന മാരുതി സുസുക്കിയും ഇ.വി വാഹനം ഉടന്‍ പുറത്തിറക്കാനുളള തയാറെടുപ്പുകളിലാണ്. ഹൈബ്രിഡ് കാറുകൾ വിപണിയില്‍ അവതരിപ്പിച്ച് ഇന്ധനച്ചെലവും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ.സി ഭാർഗവ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. മാരുതിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനം ഏതാനും മാസങ്ങൾക്കുള്ളിൽ പുറത്തിറക്കുമെന്നാണ് കരുതുന്നത്. മാരുതി 800, ഓള്‍ട്ടോ തുടങ്ങിയ ചെറു കാറുകള്‍ വിപണിയില്‍ അവതരിപ്പിച്ച് കാര്‍ വിപണിയില്‍ വിപ്ലവം തീര്‍ത്ത മാരുതിയുടെ പുതിയ നീക്കത്തെ കൗതുകത്തോടെയാണ് വിദഗ്ധര്‍ വീക്ഷിക്കുന്നത്.
സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ സാങ്കേതിക മികവോടെ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക്ക് കാറുകള്‍ വിപണിയില്‍ എത്തിയാല്‍, നിരത്തുകള്‍ ഇത്തരം വാഹനങ്ങള്‍ കൊണ്ട് അതിവിദൂരമല്ലാത്ത ഭാവിയില്‍ നിറയുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രത്യാശ പങ്കുവെക്കുന്നു.
ഇ.വി പ്രോത്സാഹിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി അവതരിപ്പിച്ചിരിക്കുന്ന വെബ്സൈറ്റ്: https://kseb.in
കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രിക്ക് വെഹിക്കിള്‍ ഇന്‍സെന്റീവിനായുളള വെബ്സൈറ്റ്: https://e-amrit.niti.gov.in/electric-vehicle-incentives
സംസ്ഥാന സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന വകുപ്പ് ഇ സബ്സിഡിക്കായി തയാറാക്കിയിരിക്കുന്ന വെബ്സൈറ്റ്: https://mvd.kerala.gov.in/en/e-subsidy
ഓരോ സംസ്ഥാനത്തും ഇ.വി ക്ക് ലഭിക്കുന്ന സബ്സിഡി അറിയുന്നതിനായി ടാറ്റാ എ.ഐ.ജി ഒരുക്കിയിരിക്കുന്ന വെബ്സൈറ്റ്: https://www.tataaig.com/knowledge-center/car-insurance/subsidy-for-electric-vehicles
ബജാജ് ഫിന്‍സെര്‍വ് ബാറ്ററി ഇ.എം.ഐ ആയി നല്‍കുന്ന വെബ്സൈറ്റ്: https://www.bajajfinserv.in/batteries-on-emi
നവ, പുനരുപയോഗ ഊർജ ഗവേഷണ ഏജൻസി (ANERT): https://anert.gov.in/
Next Story
Videos