അമേരിക്കയില്‍ 'വാഹന' സമരം; ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടി
പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോഡ്, ജനറല്‍ മോട്ടോഴ്സ്, സ്റ്റെല്ലാന്റിസ് എന്നിവയ്ക്കെതിരെ അമേരിക്കന്‍ തൊഴിലാളി സംഘടനയായ യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ് (യു.എ.ഡബ്ല്യു) നടത്തുന്ന പണിമുടക്ക് ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു. വാഹന നിര്‍മാണ ഘടകങ്ങളുടെ കയറ്റുമതിക്കാരാണ് തിരിച്ചടി നേരിടുന്നത്. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള വാഹന ഘടക കയറ്റുമതിയുടെ മൂന്നിലൊന്ന് വടക്കേ അമേരിക്കയിലേക്കാണ്.
വേതനം വര്‍ധിപ്പിക്കണം
തൊഴിലാളികൾക്ക് നിലവില്‍ മണിക്കൂറിന് 32 ഡോളറാണ് ലഭിക്കുന്നത്. ഇതില്‍ 36% വര്‍ധന ആവശ്യപ്പെട്ടാണ് യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സിന്റെ സമരം. ഈ പണിമുടക്ക് മിഷിഗണ്‍, ഒഹിയോ, മിസോറി എന്നിവിടങ്ങളിലെ ഫാക്ടറികളുടെ അടച്ചുപൂട്ടിയതായി സൂചനയുണ്ട്. അതേസമയം തൊഴിലാളികളുടെ ആവശ്യങ്ങളില്‍ സമവായത്തിലെത്താന്‍ വാഹന നിര്‍മ്മാതാക്കളുമായി ചര്‍ച്ചകള്‍ തുടരുകയാണ്.
വാഹന ഘടക കയറ്റുമതിയില്‍
2022-23 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ വാഹന ഘടക കയറ്റുമതി 54,000 കോടി രൂപയായിരുന്നു. ഇതില്‍ 30% സംഭാവന ചെയ്തത് വടക്കേ അമേരിക്കയിലേക്കുള്ള കയറ്റുമതിയാണ്. നിലവില്‍ പണിമുടക്ക് തുടര്‍ന്നാല്‍ സോന കോംസ്റ്റാര്‍, സുന്ദരം ഫാസ്റ്റനേഴ്സ്, ഭാരത് ഫോര്‍ജ്, മദര്‍സണ്‍ ഗ്രൂപ്പ് എന്നിവയുള്‍പ്പെടെ വടക്കേ അമേരിക്കയിലേക്ക് വാഹന ഘടകങ്ങള്‍ കയറ്റുമതി ചെയ്യുന്ന കമ്പനികളെ ഇത് ബാധിച്ചേക്കാം.
വലിയ പ്രത്യാഘാതമുണ്ടാകാം
ജനറല്‍ മോട്ടോഴ്സിനെതിരായ യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സിന്റെ പ്രതിഷേധത്തില്‍ 2019ല്‍ യു.എസിലെ 50 ഫാക്ടറികളില്‍ നിന്ന് 49,000 തൊഴിലാളികള്‍ കമ്പനി വിട്ടിരുന്നു. നിലവിലുള്ള പണിമുടക്ക് സെപ്തംബര്‍ 15 നാണ് ആരംഭിച്ചത്. ഈ സമരം ദീര്‍ഘകാലം നീളുകയോ മറ്റ് പ്ലാന്റുകളിലേക്കും വ്യാപിക്കുകയോ ചെയ്താല്‍ വലിയ പ്രത്യാഘാതമുണ്ടാകാമെന്ന് സോന കോംസ്റ്റാര്‍ പറഞ്ഞു. ഇത്തവണ ഈ വിഷയം യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത് അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍, രാഷ്ട്രീയ ഇടപെടല്‍ എന്നിവ വേഗത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ വിദഗ്ധര്‍ പറയുന്നു.