സബ്‌സിഡി ഉയര്‍ത്തി: പുതുക്കിയ വിലയുമായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ 50 ശതമാനം ഉയര്‍ത്തിയതിന് പിന്നാലെ പുതുക്കിയ വിലയുമായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍. ആതര്‍, ടിവിഎസ്, ആമ്പിയര്‍, ഓകിനാവ തുടങ്ങിയ കമ്പനികളാണ് പുതുക്കിയ വില പ്രഖ്യാപിച്ചത്. പുതുക്കിയ വിലയില്‍ വലിയ കുറവാണുള്ളത്. ഒരു കിലോവാട്ട് അവ്വര്‍ (കെഡബ്ല്യുഎച്ച്) ബാറ്ററി കപ്പാസിറ്റിയുള്ള ഇരുചക്ര ഇലക്ട്രിക് വാഹനത്തിന്റെ 10,000 രൂപയായിരുന്ന സബ്‌സിഡിയാണ് 11,000-15,000 വരെ ആക്കി ഉയര്‍ത്തിയത്.

പുതുക്കിയ വിലപട്ടിക പ്രകാരം ആതര്‍ 450 പ്ലസിന്റെ വില ബംഗളൂരുവില്‍ 125,490 രൂപയായി കുറഞ്ഞു. 43,500 രൂപയാണ് മൊത്തം സബ്‌സിഡി. നേരത്തെ 29,000 രൂപയായിരുന്നു. എന്നാല്‍ ഏറ്റവും കുറവ് വിലയുള്ള ന്യൂഡല്‍ഹിയില്‍നിന്ന് ആതര്‍ 450 പ്ലസ് 113,416 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഡല്‍ഹി സര്‍ക്കാര്‍ അധിക സബ്‌സിഡി നല്‍കിയതാണ് ഡല്‍ഹിയില്‍ വില കുറയാന്‍ കാരണം. ഇവിടെ മൊത്തം സബ്‌സിഡി 58,000 രൂപയാണ്. ആതറിന്റെ 450 എക്‌സിന് 132,426 രൂപയാണ് ന്യൂഡല്‍ഹിയിലെ പുതുക്കിയ വില. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പൂര്‍ണ ഇലക്ട്രിക് മോഡലായ ഐക്യൂബിന് 11,250 രൂപയാണ് കുറച്ചത്. ന്യൂ ഡല്‍ഹിയില്‍ 100,777 രൂപയാണ് ഈ മോഡലിന്റെ പുതുക്കിയ വില.
ഗ്രീവ്‌സ് കോട്ടണ്‍ ഉടമസ്ഥതയിലുള്ള ആമ്പിയര്‍ വെഹിക്കിള്‍സ് തങ്ങളുടെ രണ്ട് മോഡലുകളുടെയും വില കുറച്ചു. ആമ്പിയര്‍ മാഗ്‌നസ് 65,990 രൂപയിലും ആമ്പിയര്‍ സീല്‍ 59,990 രൂപയ്ക്കും ഡല്‍ഹിയില്‍ ലഭ്യമാകും. നേരത്തെ ഇരുമോഡലുകള്‍ക്കും യഥാക്രമം 74,990, 68,990 രൂപ എന്നിങ്ങനെയായിരുന്നു വില.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഓകിനാവ ഓട്ടോടെക് അതിന്റെ മൂന്ന് മോഡലുകളുടെയും വില കുറച്ചു. ഐപ്രൈസ് പ്ലസ്, പ്രൈസ് പ്രോ, റിഡ്ജ് പ്ലസ് എന്നീ മോഡലുകളുടെ വില 7,209 രൂപ മുതല്‍ 17,892 രൂപ വരെയാണ് കുറച്ചത്. പുതുക്കിയ വിലകള്‍ ജൂണ്‍ 11 മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ ഏറ്റവും വലിയ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക് ഉടന്‍ പുതുക്കിയ വില പ്രഖ്യാപിച്ചേക്കും.
2019 ലെ ഫാസ്റ്റര്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് പദ്ധതി പ്രകാരമാണ് സബ്‌സിഡി. മുഴുവന്‍ ചാര്‍ജില്‍ 80 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്നതും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയുള്ളതുമായ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കാണ് സബ്‌സിഡി ലഭിക്കുക. വാഹനത്തിന്റെ ആനുകൂല്യ പരിധി 20 ശതമാനത്തില്‍നിന്ന് 40 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.


Related Articles
Next Story
Videos
Share it