എസ്.യു.വി വില്‍പ്പനയും ഇടിഞ്ഞു, അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യം! ട്രെന്‍ഡ് മാറ്റമെന്ന് വിദഗ്ധര്‍, പുതിയ ട്രെന്‍ഡ് എങ്ങോട്ട്, പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയോ?

ഇതിനോടകം ഡിമാന്‍ഡ് കുറഞ്ഞ് പ്രതിസന്ധിയിലായ വാഹന വിപണിയില്‍ എസ്.യു.വികളുടെ വില്‍പ്പന കുറഞ്ഞാല്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്
tata punch , kia seltos, mahindra scorpio, Thar Roxx
Tata Motors, Kia , Mahindra
Published on

രാജ്യത്തെ പ്രതിമാസ എസ്.യു.വി (സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍) വില്‍പ്പനയിലും ഇടിവ്. ജൂണ്‍ മാസത്തിലെ എസ്.യു.വി വില്‍പ്പന അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലാണ്. ഐ.ടി സെക്ടറിലെ പിരിച്ചുവിടലും വ്യാപാര പ്രതിസന്ധിയുമാണ് ഇതിന് കാരണമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനോടകം ഡിമാന്‍ഡ് കുറഞ്ഞ് പ്രതിസന്ധിയിലായ വാഹന വിപണിയില്‍ എസ്.യു.വികളുടെ വില്‍പ്പന കുറഞ്ഞാല്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഒരു കാലത്ത് വാഹന വിപണിയെ പിടിച്ചു നിറുത്തിയിരുന്നത് അഞ്ച് ലക്ഷം രൂപയില്‍ താഴെ വിലയുണ്ടായിരുന്ന ചെറുകാറുകളുടെ വില്‍പ്പനയായിരുന്നു. മികച്ച ഇന്ധനക്ഷമതയുള്ള വാഹനം- ഇതായിരുന്നു അക്കാലത്ത് ഇന്ത്യക്കാരുടെ മനസിലുണ്ടായിരുന്നത്. ഡീസല്‍-പെട്രോള്‍ വിലയിലെ അന്തരം കുറഞ്ഞതോടെ ആളുകള്‍ കുറച്ച് കൂടി സൗകര്യങ്ങളുള്ള വാഹനങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. വാഹന കമ്പനികള്‍ മികച്ച മോഡലുകള്‍ രംഗത്തിറക്കിയതോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാഹന വിപണിയെ നയിക്കുന്നത് എസ്.യു.വികളുടെ വില്‍പ്പനയാണ്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജൂണിലെ എസ്.യു.വി വില്‍പ്പന 2.1 ശതമാനം കുറഞ്ഞു.

കണക്കുകള്‍ ഇങ്ങനെ

നിലവില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന യാത്രാവാഹനങ്ങളില്‍ 55 ശതമാനവും എസ്.യു.വി സെഗ്‌മെന്റിലാണെന്നാണ് കണക്ക്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ആകെ കാര്‍ വില്‍പ്പനയുടെ 14.3 ശതമാനത്തില്‍ നിന്നായിരുന്നു വലിയ വളര്‍ച്ച. മൈക്രോ, കോംപാക്ട്, മിഡ് സൈസ്, ലാര്‍ജ് എന്നീ വിഭാഗങ്ങളിലായി നിരവധി മോഡലുകള്‍ വിപണിയിലെത്തുന്നതും ഇതിന് തെളിവാണ്. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ 2024-2025 സാമ്പത്തിക വര്‍ഷം വരെ മികച്ച രീതിയിലായിരുന്നു എസ്.യു.വി വില്‍പ്പന. എന്നാല്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ എസ്.യു.വി വില്‍പ്പന വളര്‍ച്ച മന്ദഗതിയിലായി. കഴിഞ്ഞ വര്‍ഷത്തെ സമാനപാദത്തില്‍ 11.3 ശതമാനം വളര്‍ച്ച നേടിയെങ്കില്‍ ഇക്കുറി 5.6 ശതമാനം വളര്‍ച്ചയോടെ 5,72,000 വാഹനങ്ങളാണ് എസ്.യു.വി ശ്രേണിയില്‍ വിറ്റത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ സമാനകാലയളവില്‍ 42 ശതമാനവും 2022-23ല്‍ 36 ശതമാനവും 2023-24ല്‍ 27 ശതമാനവും വളര്‍ച്ച നേടിയിരുന്നു.

ട്രെന്‍ഡ് മാറ്റമോ?

കൊവിഡ് കാലത്ത് യാത്രാവാഹനങ്ങളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞപ്പോള്‍ പോലും എസ്.യു.വി സെഗ്‌മെന്റില്‍ കാര്യമായ തിരിച്ചടി ഉണ്ടായിരുന്നില്ല. എന്നാല്‍ ജൂണിലെ ആകെ വാഹന വില്‍പ്പന 7 ശതമാനം കുറഞ്ഞപ്പോള്‍ എസ്.യു.വി വില്‍പ്പന രണ്ട് ശതമാനം ഇടിഞ്ഞു. എസ്.യു.വികളോടുള്ള ആളുകളുടെ താത്പര്യം കുറഞ്ഞോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2025 ജനുവരി മുതലുള്ള പ്രതിമാസ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ എസ്.യു.വി വില്‍പ്പനയില്‍ ആനുപാതികമായ കുറവുണ്ടായെന്ന് കാണാം. ജൂലൈ മാസത്തിലെ സെഗ്‌മെന്റ് തിരിച്ചുള്ള വില്‍പ്പന കണക്കുകള്‍ കൂടി ലഭ്യമായാല്‍ മാത്രമേ ഇതൊരു ട്രെന്‍ഡ് മാറ്റമാണെന്ന് പറയാന്‍ കഴിയൂ. കുറച്ച് മാസങ്ങള്‍ കൂടി ഇതേ പ്രവണത നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം.

പുതിയ ട്രെന്‍ഡ് എങ്ങനെ

എസ്.യു.വികള്‍ക്ക് പകരം മള്‍ട്ടി പര്‍പ്പസ് വെഹിക്കിളുകളിലേക്ക്(എം.പി.വി) ആളുകള്‍ തിരിഞ്ഞുവെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇതൊരു ട്രെന്‍ഡ് മാറ്റമല്ലെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഉടന്‍ ആരംഭിക്കാനിരിക്കുന്ന ഉത്സവ സീസണില്‍ എല്ലാ കമ്പനികളും പുതിയ മോഡലുകള്‍ പുറത്തിറക്കാറുണ്ട്. ഇതിന് വേണ്ടി ആളുകള്‍ കാത്തിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. ഉത്സവ സീസണില്‍ പുതിയ മോഡലുകള്‍ എത്തുമ്പോള്‍ വില്‍പ്പന വീണ്ടും പഴയ ട്രാക്കിലാകുമെന്നാണ് വാഹന നിര്‍മാണ കമ്പനികളും കരുതുന്നത്. ഈ മാസം ഇ.വി ഉള്‍പ്പെടെ ആറോളം എസ്.യു.വികള്‍ പുറത്തിറക്കുമെന്ന് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ആദ്യ ഇ.വിയായ ഇ-വിറ്റാരയടക്കം ചില മോഡലുകള്‍ മാരുതി സുസുക്കിയും പുറത്തിറക്കുന്നുണ്ട്. ടാറ്റ, റെനോ, നിസാന്‍, കിയ തുടങ്ങിയ കമ്പനികളും പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

India’s SUV segment witnessed its first sales decline in over five years this June, reflecting growing economic stress, cautious spending, and tighter financing in the auto market.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com