എസ്.യു.വികളാണ് താരം; ഫെബ്രുവരിയിലെ വണ്ടിക്കച്ചവടം റെക്കോഡ് ഹിറ്റ്

പ്രമുഖ ഇരുചക്രവാഹന കമ്പനികള്‍ ഫെബ്രുവരിയില്‍ 16.5-82.3 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി
used car
Image by Canva
Published on

ഇന്ത്യന്‍ വാഹന വിപണി തിളങ്ങുകയാണ്. എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയോടെ ഫെബ്രുവരിയില്‍ മൊത്തം 3.73 ലക്ഷം വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ വില്‍പ്പനയെ അപേക്ഷിച്ച് 11 ശതമാനം വര്‍ധിച്ചു. മുന്‍ വര്‍ഷം ഫെബ്രുവരിയില്‍ 3.35 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ 3.94 ലക്ഷം വാഹനങ്ങള്‍ വിറ്റിരുന്നു.

സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്.യു.വി) വില്‍പ്പനയിലെ വര്‍ധനയും മെച്ചപ്പെട്ട വിതരണ സാഹചര്യവുമാണ് നിലവിലെ വില്‍പ്പന വളര്‍ച്ചയുടെ പ്രധാന കാരണം. ഫെബ്രുവരിയില്‍ മാത്രം വില്‍പ്പനയില്‍ എസ.യു.വികളുടെ വിഹിതം 51.5 ശതമാനമാണ്.

കാറുകളും മികച്ച വില്‍പ്പനയില്‍

മാരുതി സുസുക്കി ഇന്ത്യ (എം.എസ്.ഐ.എല്‍) 2023 ഏപ്രില്‍ മുതല്‍ 2024 ഫെബ്രുവരി വരെ 9 ശതമാനം വളര്‍ച്ചാ നിരക്കോടെ മൊത്തം 38.5 ലക്ഷം കാറുകളാണ് വിറ്റഴിച്ചത്. ഫെബ്രുവരിയില്‍ കമ്പനിയുടെ വില്‍പ്പന 1.6 ലക്ഷം വാഹനങ്ങളായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലളവില്‍ ഇത് 1.4 ലക്ഷമായിരുന്നു. വാഗണ്‍ആര്‍, ബലേനോ, സ്വിഫ്റ്റ് എന്നിവയാണ് ഈ വര്‍ഷം ഇതുവരെയുള്ള മുന്‍നിര മോഡലുകളെന്ന് കമ്പനി പറയുന്നു.

ഹ്യുണ്ടായ് ഫെബ്രുവരിയില്‍ 50,201 കാറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.8 ശതമാനം വളര്‍ച്ച. ജനുവരിയില്‍ പുറത്തിറക്കിയ ഹ്യുണ്ടായിയുടെ ക്രെറ്റ ഫെയ്സ്‌ലിഫ്റ്റിനും മികച്ച് വില്‍പ്പനയാണുണ്ടായത്. 15,276 ക്രെറ്റ ഫെയ്സ്‌ലിഫ്റ്റുകള്‍ വിറ്റഴിച്ചു.

ടാറ്റ മോട്ടോഴ്സിന്റെ കറുകളുടെ വില്‍പ്പന കഴിഞ്ഞ ഫെബ്രുവരിയിലെ 42,862 യൂണിറ്റില്‍ നിന്ന് 20 ശതമാനം വര്‍ധിച്ച് ഇത്തവണ 51,267 യൂണിറ്റായി. ഈ ഫെബ്രുവരിയില്‍ 40 ശതമാനം വളര്‍ച്ചയോടെ 42,401 എസ്.യു.വികളും കമ്പനി വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വളര്‍ച്ചയോടെ 72,923 വാഹനങ്ങളാണ് ഫെബ്രുവരിയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിറ്റഴിച്ചത്. 

ഇരുചക്രവാഹനങ്ങളും മുന്നോട്ട്

ഇരുചക്രവാഹന വില്‍പ്പനയില്‍ ഫെബ്രുവരിയില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായി. മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ടി.വി.എസ് മോട്ടോര്‍, ബജാജ് ഓട്ടോ എന്നിവയ്ക്ക് ഫെബ്രുവരിയില്‍ 16.5-82.3 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ആഭ്യന്തര ഇരുചക്രവാഹന വിപണിയില്‍ 80 ശതമാനത്തോളം വരുന്നത് ഈ നാല് കമ്പനികളുടെ വാഹനങ്ങളാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com