മാരുതി വാഗണ്‍ആറിന്റെ ഇലക്ട്രിക് പതിപ്പോ? പുത്തന്‍ മോഡലിന് പേറ്റന്റെടുത്ത് സുസുക്കി, ടിയാഗോയ്ക്ക് എതിരാളി

ഓള്‍ട്ടോയും വാഗണ്‍ആറും അടക്കമുള്ള ചെറുകാറുകളിലൂടെ ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കിടയില്‍ താരമായ ബ്രാന്‍ഡാണ് മാരുതി സുസുക്കി. ഇന്ത്യന്‍ ഉപയോക്താക്കള്‍ പിന്നീട് ചെറുകാറുകളേക്കാള്‍ എസ്.യു.വികളോട് താത്പര്യം കാട്ടിത്തുടങ്ങിയപ്പോഴും മാരുതി പതറിയില്ല; മെല്ലെയെങ്കിലും ആകര്‍ഷക വിലയ്ക്ക് മികച്ച മോഡലുകള്‍ പുറത്തിറക്കി എസ്.യു.വി ശ്രേണിയിലും മുഖ്യ വിപണിവിഹിതം മാരുതി നേടി.
അപ്പോഴും ഏവരും ഉയര്‍ത്തുന്ന ചോദ്യമായിരുന്നു എന്നുവരും മാരുതി സുസുക്കിയില്‍ നിന്നൊരു ഇലക്ട്രിക് കാര്‍ എന്നത്? ടാറ്റയും ഹ്യുണ്ടായിയും മഹീന്ദ്രയുമടക്കമുള്ള മറ്റ് മുന്‍നിര ബ്രാന്‍ഡുകള്‍ ഇ.വി രംഗത്ത് നേരത്തെ തന്നെ കളംപിടിച്ചുകഴിഞ്ഞു.
Image : topgearmag

2023ലെ ഓട്ടോ എക്‌സ്‌പോയില്‍ ഇ.വി.എക്‌സ് (eVX) എന്നൊരു ഇലക്ട്രിക് എസ്.യു.വി കോണ്‍സെപ്റ്റ് മോഡല്‍ കമ്പനി പരിചയപ്പെടുത്തിയിരുന്നു. ഈ ഇലക്ട്രിക് മോഡൽ മാരുതി 2025ൽ വിപണിയിലെത്തിച്ചേക്കും. ഇപ്പോഴിതാ മാരുതിയുടെ മാതൃകമ്പനിയായ സുസുക്കി മറ്റൊരു കോണ്‍സെപ്റ്റ് മോഡലായ ഇ.ഡബ്ല്യു എക്‌സിന്റെ (Suzuki eWX) പേറ്റന്റ് ഇന്ത്യയില്‍ നേടിയിരിക്കുന്നു.
കഴിഞ്ഞവര്‍ഷത്തെ ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഷോയില്‍ സുസുക്കി പരിചയപ്പെടുത്തിയ മോഡലാണിത്. ഇന്ത്യയില്‍ പേറ്റന്റ് എടുത്തു എന്നതിനര്‍ഥം ഈ മോഡല്‍ ഉടന്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കും എന്നല്ല. മോഡലിന്റെ രൂപകല്‍പനയുടെ അവകാശം കമ്പനിയില്‍ തന്നെ നിക്ഷിപ്തമാക്കുകയെന്നതാണ് ലക്ഷ്യം.
വാഗണ്‍ആറിന്റെ ഇലക്ട്രിക് പതിപ്പോ?
ഇ.ഡബ്ല്യു.എക്‌സിനെ മിനി-വാഗണ്‍ ശൈലിയില്‍ ഇലക്ട്രിക് ഹാച്ച്ബാക്കായാകും സുസുക്കി വിപണിയില്‍ എത്തിച്ചേക്കുക. നിലവിലെ ജനപ്രിയ മോഡലുകളിലൊന്നായ വാഗണ്‍ആറിന്റെ ഇലക്ട്രിക് പതിപ്പായി ഇ.ഡബ്ല്യു.എക്‌സ് ഇന്ത്യയില്‍ എത്തിയേക്കാം. അങ്ങനെയെങ്കില്‍ അത് ഏറ്റവും വെല്ലുവിളിയാവുക വിപണിയില്‍ സ്വീകാര്യതയുള്ള ടാറ്റാ ടിയാഗോ ഇ.വിക്കായിരിക്കും.
Image : topgearmag

ബാറ്ററി ഒറ്റത്തവണ ഫുള്‍ചാര്‍ജില്‍ 230 കിലോമീറ്റര്‍ റേഞ്ച് ഇ.വി.എക്‌സ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമായി ഇലക്ട്രിക് കാര്‍ വാങ്ങുന്നവര്‍, കൂടുതലും നഗരയാത്രകള്‍ നടത്തുന്നവര്‍ എന്നിവരെ പ്രധാനമായും ഉന്നമിട്ടാകും ഇ.ഡബ്ല്യു.എക്‌സ് എത്തുക.
രൂപകല്‍പനയും മികവുകളും
വാഗണ്‍ആറിന് സമാനമായ ബോക്‌സ്-ടൈപ്പ് രൂപകല്‍പനയാണ് ഇ.വി.എക്‌സിനുമുള്ളത്. 4 മീറ്ററില്‍ താഴെയായിരിക്കും കാറിന് നീളം. 1.47 മീറ്റര്‍ വീതിയും 1.62 മീറ്റര്‍ ഉയരവും പ്രതീക്ഷിക്കുന്നു.
മുന്നില്‍ പ്രത്യേക ഹെഡ്‌ലാമ്പിന് പകരം സി-ആകൃതിയില്‍ എല്‍.ഇ.ഡി ലൈറ്റ് ശ്രേണിയാണുണ്ടാവുക. മേല്‍ക്കൂരയിലേക്ക് ചാഞ്ഞുവീഴുന്ന ശൈലിയിലാണ് വിന്‍ഷീല്‍ഡ്. കോണ്‍സെപ്റ്റ് മോഡലിലെ ഇതേ ഫീച്ചറുകളും ഡിസൈനുകളും കമ്പനി വിപണിയിലെത്തിക്കുന്ന മോഡലില്‍ ഉണ്ടാവണമെന്നില്ല.
അത്യാധുനിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാകും അകത്തളവും സുസുക്കി ഒരുക്കുക. വിപണിയിലെത്തുകയാണെങ്കില്‍ പ്രതീക്ഷിക്കുന്നത് 2025 അവസാനമോ 2026ലോ ആയിരിക്കും.
Related Articles
Next Story
Videos
Share it