എസ് യു വിയില്‍ കരുത്ത് തെളിയിക്കാന്‍ സുസുകി

ഹ്യുണ്ടായിയും കിയയും പിടിച്ചടക്കിയ മിഡ്-സൈസ് എസ് യു വി വിഭാഗത്തിലെ വിടവ് നികത്താന്‍ സുസുകി. ഈ വിഭാഗത്തില്‍ അതിവേഗം വളരുന്ന ദക്ഷിണ കൊറിയയുടെ ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിന് ഒരു വലിയ വെല്ലുവിളി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഇന്ത്യയ്ക്കായി ഒരു മിഡ്-സൈസ് സ്‌പോര്‍ട്ട്-യൂട്ടിലിറ്റി വെഹിക്കിള്‍ (എസ് യു വി) വികസിപ്പിക്കുന്നത്. സുസുകിയുടെ ജനപ്രിയ ആഗോള എസ് യു വി ബ്രാന്‍ഡായ ഗ്രാന്‍ഡ് വിറ്റാരയെ അടിസ്ഥാനമാക്കിയാണ് പുതിയ വാഹനം.

2022 മുതല്‍ കര്‍ണാടകയിലെ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ ഇന്ത്യന്‍ യൂണിറ്റിലെ ഫാക്ടറിയില്‍ വാഹനത്തിന്റെ ഉത്പാദനം ആരംഭിക്കും. രണ്ട് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ തമ്മിലുള്ള വിശാലമായ പങ്കാളിത്തത്തിന്റെ ഭാഗമായി ടൊയോട്ട ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സുസുക്കി ഉല്‍പന്നമാകുമിത്.
ഗ്രാന്‍ഡ് വിറ്റാര അധിഷ്ഠിത എസ് യു വിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള സുസുകിയുടെ നീക്കം മിഡ്-സൈസ് എസ് യു വി സെഗ്മെന്റിലെ വിടവ് നികത്തുകയെന്നതാണ്. ഹ്യൂണ്ടായിയും കിയയുമാണ് ക്രെറ്റ, സെല്‍റ്റോസ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുമായി എസ് യു വി വിഭാഗത്തില്‍ കാര്‍ വിപണിയില്‍ മുന്നിട്ടുനില്‍ക്കുന്നത്.
മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്, എസ്-ക്രോസ് ക്രോസ്ഓവര്‍ വില്‍ക്കുന്നുണ്ടെങ്കിലും ജനപ്രീതി സമ്പാദിക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ലാഭം വര്‍ദ്ധിപ്പിക്കുന്നതിന് സുസുകി ഇന്ത്യയിലെ എസ് യു വി വിഭാഗത്തില്‍ ആധിപത്യം സ്ഥാപിക്കേണ്ടതുണ്ട്. സുസുകിയും ടൊയോട്ടയും പങ്കാളിത്തത്തോടെ വാഹനം പുറത്തിറക്കുകയാണെങ്കില്‍ അത് വിപണിയില്‍ മാറ്റമുണ്ടാക്കുമെന്നണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷത്തില്‍ സുസുകിയുടെ മൊത്തത്തിലുള്ള വിപണി വിഹിതം നിലനിര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും, എസ് യു വി വിഭാഗത്തില്‍ ഇത് ഗണ്യമായി കുറഞ്ഞിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുകി. മിതമായ നിരക്കില്‍ ഇന്ധനക്ഷമതയുള്ള ചെറിയ കാറുകള്‍ പുറത്തിറക്കുന്നതിനാല്‍ തന്നെ സാധാരണക്കാരായ നിരവധി ഉപഭോക്താക്കളാണ് മാരുതി സുസുകിക്കുള്ളത്.


Related Articles

Next Story

Videos

Share it