തായ്‌വാനിലെ വമ്പന്‍ ഇലക്ട്രിക് വാഹന കമ്പനി ഗോഗോറോയുടെ 'ക്രോസ്ഓവര്‍' സ്‌കൂട്ടര്‍ ഇന്ത്യയില്‍

തായ്‌വാനിലെ പ്രമുഖ വൈദ്യുത വാഹന (EV) നിര്‍മ്മാതാക്കളായ ഗോഗോറോയുടെ (Gogoro) പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ 'ക്രോസ്ഓവര്‍' (CrossOver) ഇന്ത്യന്‍ വിപണിയിലെത്തി. അഡ്വഞ്ചര്‍-ശൈലിയില്‍ ഒരുക്കിയിട്ടുള്ള സ്‌കൂട്ടര്‍ ഇന്ത്യയിലാണ് നിര്‍മ്മിച്ചത്. പൂനെയില്‍ ഛത്രപതി സാംബാജി നഗറിലാണ് കമ്പനിയുടെ പ്ലാന്റ്.

'സ്മാര്‍ട്ട്‌സ്‌കൂട്ടര്‍' എന്ന വിശേഷണത്തോടെ കമ്പനി ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്ന ക്രോസ്ഓവറിന് ജി.എക്‌സ്250, ക്രോസ്ഓവര്‍ 50, ക്രോസ്ഓവര്‍ എസ് പതിപ്പുകളുണ്ട്. ഒറ്റത്തവണ ബാറ്ററി ഫുള്‍ചാര്‍ജിംഗില്‍ 111 കിലോമീറ്റര്‍ റേഞ്ചാണ് ജി.എക്‌സ്250 അവകാശപ്പെടുന്നത്. ജി.എക്‌സ് 250 ഉടന്‍ തന്നെ വിപണിയിലെത്തും. മറ്റ് രണ്ട് പതിപ്പുകളുടെ വിപണിപ്രവേശനം 2024ല്‍ ആയിരിക്കും. വലിയ സ്റ്റോറേജുമായാണ് ഇത് എത്തിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

ബാറ്ററി സ്വാപ്പിംഗ് സംവിധാനം

ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയ്ക്ക് പേരുകേട്ട ഗൊഗോറോയുടെ ക്രോസ്ഓവര്‍ GX250ന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് നൂതനമായ ബാറ്ററി സ്വാപ്പിംഗ് സംവിധാനമാണ്. പ്ലഗില്‍ ഘടിപ്പിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ദീര്‍ഘസമയം ചെലവഴിക്കേണ്ടെന്നതാണ് ബാറ്ററി സ്വാപ്പിംഗിന്റെ നേട്ടം. ചാര്‍ജ് തീര്‍ന്ന ബാറ്ററി കൊടുത്ത്, പൂര്‍ണ ചാര്‍ജുള്ള ബാറ്ററി ഉടനടി വാങ്ങി വാഹനത്തില്‍ ഘടിപ്പിച്ച് ഉപയോഗിക്കാം.

Image courtesy: gogoro

ഉപയോക്താക്കള്‍ക്ക് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇ-സ്‌കൂട്ടറുകളെ ഫുള്‍ ചാര്‍ജ്ജുമായി റോഡില്‍ തിരികെയെത്തിക്കാന്‍ ബാറ്ററി സ്വാപ്പിംഗ് സംവിധാനത്തിലൂടെ കഴിയുമെന്ന് കമ്പനി പറയുന്നു. കമ്പനി ബാറ്ററി സ്വാപ്പിംഗ് സംവിധാനവും രാജ്യത്ത് അവതരിപ്പിക്കും. തുടക്കത്തില്‍ ഡല്‍ഹിയിലും ഗോവയിലും ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ശേഷം മുംബൈയിലും പൂനെയിലും. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് വ്യപിപ്പിക്കും.

തായ്‌വാനില്‍ കമ്പനി രാജ്യവ്യാപകമായി 12,000-13,000 ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളില്‍ 13 ലക്ഷം ബാറ്ററികള്‍ വിന്യസിക്കാന്‍ 65-70 കോടി ഡോളര്‍ ചെലവഴിച്ചു. ഇന്ത്യ തായ്‌വാനേക്കാള്‍ 24 മടങ്ങ് വലുതാണ്. അതിനാല്‍ ഇന്ത്യയില്‍ ചെലവഴിക്കേണ്ടത് വലിയ തുകയായിരിക്കുമെന്ന് ഗോഗോറോയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഹോറസ് ലൂക്ക് പറഞ്ഞു.

10 വര്‍ഷത്തേക്ക് 150 കോടി ഡോളര്‍ നിക്ഷേപിക്കുന്നതിന് ജൂണില്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി കമ്പനി കരാര്‍ ഒപ്പുവെച്ചു. ഇതില്‍ 50 കോടി ഡോളര്‍ വാഹന നിര്‍മ്മാണത്തിനും 100 കോടി ഡോളര്‍ ബാറ്ററി നിര്‍മ്മാണ സൗകര്യം, സ്വാപ്പിംഗ് സ്റ്റേഷനുകള്‍ തുടങ്ങിവയ്ക്കായി ചെലവഴിക്കും.ഇന്ത്യയെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ആഗോള ഉല്‍പ്പാദന കേന്ദ്രമായി മാറ്റാന്‍ കമ്പനി ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it