വൈദ്യുത വാഹനങ്ങള്‍: വമ്പന്‍ ഓഫറുമായി തമിഴ്‌നാട്

തമിഴ്‌നാട് പുതിയ വൈദ്യുത വാഹന (ഇവി) നയം പുറത്തിറക്കി. പുതിയ നയം അനുസരിച്ച് ഇത്തരം വാഹന നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ചാര്‍ജിംഗ് സേവന ദാതാക്കള്‍ക്കും ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

നികുതിയില്‍ ആശ്വാസം

തമിഴ്നാട് വൈദ്യുത വാഹന നയം 2023 പ്രകാരം നിര്‍മ്മാതാക്കള്‍ക്കുള്ള പ്രോത്സാഹനങ്ങളില്‍ അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ സബ്സിഡികള്‍, നിക്ഷേപം അല്ലെങ്കില്‍ വിറ്റുവരവ് അടിസ്ഥാനമാക്കിയുള്ള സബ്സിഡികള്‍, സംസ്ഥാന ചരക്ക് സേവന നികുതി എന്നിവയുടെ 100 ശതമാനം റീഫണ്ട് ഉള്‍പ്പെടുന്നു. അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനം സ്റ്റാമ്പ് ഡ്യൂട്ടി പൂര്‍ണ്ണമായും ഒഴിവാക്കും. കൂടാതെ സര്‍ക്കാരിന്റെ വിതരണ കമ്പനിയില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് നികുതി ഒഴിവാക്കും. ഭൂമി ചെലവുകള്‍ക്ക് സബ്സിഡിയും നല്‍കും.

പൊതുഗതാഗതവും ഇവിയും

പുതിയ നയത്തിന്റെ ഭാഗമായി തമിഴ്നാടിന്റെ പൊതുഗതാഗതത്തില്‍ വൈദ്യുത വാഹനങ്ങളുടെ പങ്ക് ക്രമേണ വര്‍ധിപ്പിക്കും. 2030ഓടെ സംസ്ഥാനം ഇലക്ട്രിക് ബസുകളുടെ വിഹിതം 30 ശതമാനമായി ഉയര്‍ത്തിയേക്കും. സ്വകാര്യ ബസുകള്‍, സ്‌കൂള്‍, കോളേജുകളുടെ വാഹനങ്ങള്‍ എന്നിവ ഇവിയിലേക്ക് മാറാന്‍ പ്രോത്സാഹിപ്പിക്കും.

സഹായങ്ങളേറെ

വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതിന് 5,000 മുതല്‍ 10 ലക്ഷം രൂപ വരെ ധനസഹായംനല്‍കുന്നതിന് പുറമെ ഇത്തരം വഹനങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് റോഡ് നികുതി, രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍, പെര്‍മിറ്റ് ഫീസ് എന്നിവയില്‍ ഇളവുകള്‍ ഉണ്ടാകും. കൂടാതെ ഈ മേഖലയില്‍ ഇനിയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

കമ്പനികള്‍ക്കും ഗുണം

തമിഴ്നാട്ടില്‍ പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും കേന്ദ്ര ഊര്‍ജ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് പോളിസി കാലയളവില്‍ ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങുന്നതിനുള്ള ചെലവിന്റെ 25 ശതമാനം സബ്സിഡി നല്‍കും. ആദ്യത്തെ 50 സ്വകാര്യ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കും ഈ മൂലധന സബ്സിഡി 25 ശതമാനം ലഭിക്കും. പൊതു ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വൈദ്യുതി നിരക്ക് പരിഷ്‌കരിക്കും. ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, മധുരൈ, സേലം, തിരുനെല്‍വേലി എന്നീ ആറ് നഗരങ്ങളെ ഇവി നഗരങ്ങളായി പ്രഖ്യാപിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it