ന്യൂജന്‍ പിള്ളേരെ ലക്ഷ്യമിട്ട് ആള്‍ട്രോസ് റേസര്‍, i20 ക്ക് പണി കിട്ടുമോ?

ടാറ്റ മോട്ടോഴ്‌സിന്റെ പ്രീമിയം ഹാച്ച് ബാക്കായ ആള്‍ട്രോസിന്റെ റേസ് എഡിഷന്‍ വിപണിയിലെത്തി. സ്‌പോര്‍ട്ടി പെയിന്റ് ജോബിനൊപ്പം 1.2 ലിറ്ററിന്റെ ടര്‍ബോ പെട്രോള്‍ എഞ്ചിനും നല്‍കിയത് കാറിനെ ഈ സെഗ്‌മെന്റിലെ താരമാക്കുമെന്നുറപ്പാണ്. കാര്‍ റേസിംഗില്‍ പങ്കെടുക്കുന്ന വാഹനങ്ങളുടേതിന് സമാനമായ രീതിയിലാണ് വാഹനത്തിന്റെ അകവും പുറവും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാറിന്റെ പ്രീ ബുക്കിംഗ് ടാറ്റ ആരംഭിച്ചിട്ടുണ്ട്. ടാറ്റ ഷോറൂമുകളില്‍ നിന്നും 21,000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാവുന്നതാണ്.
6 സ്പീഡ് ഗിയര്‍ ബോക്‌സ്

5500 ആര്‍.പി.എമ്മില്‍ 120 പി.എസ് പവറും 1750 മുതല്‍ 4000 വരെ ആര്‍.പി.എമ്മില്‍ 170 എന്‍.എം ടോര്‍ക്കും നല്‍കുന്ന വാഹനത്തില്‍ 6 സ്പീഡ് ഗിയര്‍ ബോക്‌സാണുള്ളത്. ആള്‍ട്രോസിന്റെ ടോപ്പ് വേര്‍ഷനായ റേസറിന് 360 ഡിഗ്രി ക്യാമറ, 26.03 സെന്റീമീറ്ററിന്റെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നീ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രൂസ് കണ്‍ട്രോള്‍, പ്രോജക്ടഡ് ഹെഡ്‌ലാംപ്, ഡീ ഫോഗര്‍, 6 എയര്‍ ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ റേസര്‍ എഡിഷന് സ്റ്റാന്‍ഡേര്‍ഡാണ്. സിറ്റിയിലും ഹൈവേയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുന്ന തരത്തില്‍ 6 സ്പീഡ് ഗിയര്‍ ബോക്‌സ് ഉള്‍പ്പെടുത്തിയ ഏക ഹാച്ച് ബാക്കാണിതെന്നും കമ്പനി അവകാശപ്പെടുന്നു. 16 ഇഞ്ച് അലോയ് വീലുള്ള വാഹനത്തിന്റെ ബോണറ്റില്‍ ഡ്യൂവല്‍ ടോണ്‍ സ്‌പോര്‍ട്ടി ഫിനിഷിംഗ് നല്‍കിയിരിക്കുന്നു.

മൂന്ന് വേരിയന്റുകള്‍
മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള വാഹനത്തിന്റെ മൂന്ന് വേരിയന്റുകളാണ് ടാറ്റ വിപണിയിലെത്തിച്ചത്. ആര്‍ 1, ആര്‍ 2, ആര്‍ 3 എന്ന് പേരിട്ടിരിക്കുന്ന മൂന്ന് വേരിയന്റുകള്‍ പ്യൂര്‍ ഗ്രേ, അറ്റോമിക് ഓറഞ്ച്, അവന്യൂ വൈറ്റ് എന്നീ നിറങ്ങളിലാണ് ലഭ്യമാകുക. ആര്‍ 1 - 9,49,000 രൂപ (എക്‌സ് ഷോറൂം ഡല്‍ഹി), ആര്‍ 2 - 10,49,000 (എക്‌സ് ഷോറൂം ഡല്‍ഹി), ആര്‍ 3- 10,99,000 (എക്‌സ് ഷോറൂം ഡല്‍ഹി) എന്നിങ്ങനെയാണ് വാഹനത്തിന്റെ വില.
ആള്‍ട്രോസിനും മൂന്ന് വേരിയന്റ്
ആള്‍ട്രോസ് ലൈനപ്പില്‍ രണ്ട് വേരിയന്റുകളും (XZ LUX and XZ+S LUX) അപ്‌ഗ്രേഡ് ചെയ്ത ഒരു വേരിയന്റും (XZ+OS) ടാറ്റ പുറത്തിറക്കി. ഈ മോഡലുകള്‍ പെട്രോള്‍ മാനുവല്‍, പെട്രോള്‍ ഡി.സി.എ, ഡീസല്‍, സി.എന്‍.ജി എന്നിങ്ങനെ ലഭിക്കും.
ലക്ഷ്യം യുവതലമുറ, ഐ 20 എന്‍ ലൈനിന് പണിയാകും

ഹൈവേയിലും സിറ്റിയിലും അത്യാവശ്യം കാലുകൊടുത്ത് ഓടിക്കാന്‍ ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് വേണ്ടി തയ്യാറാക്കിയ വാഹനമാണ് ആള്‍ട്രോസ് റേസര്‍. ഹാച്ച്ബാക്ക് സെഗ്മെന്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചുരുക്കം ചില വാഹനങ്ങളിലൊന്നാണിത്. ഫോക്‌സ് വാഗണ്‍ പോളോയുടെ വരവോടെ ഒഴിഞ്ഞുകിടന്ന ഹാച്ച് ബാക്ക് വിപണി അടക്കി വാഴുന്ന ഹ്യൂണ്ടായ് ഐ 20 എന്‍ ലൈനിന് കനത്ത മത്സരമാകും ആള്‍ട്രോസ് റേസര്‍ എഡിഷന്‍ കാഴ്ച വയ്ക്കുന്നത്.

Related Articles

Next Story

Videos

Share it