ടാറ്റയുടെ ആദ്യ പ്യുവര്‍ ഇവി; അവിന്യ കണ്‍സെപ്റ്റ് അവതരിപ്പിച്ചു , 500 കി.മീ റേഞ്ച്

ഇതുവരെ ടാറ്റ (Tata) ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ച ഇലക്ട്രിക് കാറുകള്‍ (ev) എല്ലാം പെട്രോള്‍ പതിപ്പുകള്‍ മാറ്റം വരുത്തി എത്തിയവയാണ്. ഇപ്പോള്‍ ഇവി വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ആദ്യമായി ഒരു പ്യുവര്‍ ഇവി കണ്‍സപ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ. സംസ്‌കൃതത്തില്‍ നൂതനമായ (innovation) എന്ന് അര്‍ത്ഥം വരുന്ന അവിന്യ (Avinya) എന്ന പേരാണ് ഇവി കണ്‍സപ്റ്റിന് ടാറ്റ നല്‍കിയിരിക്കുന്നത്.

ടാറ്റയുടെ മൂന്നാം തലമുറ ആര്‍ക്കിടെക്ച്വറില്‍ ആണ് അവിന്യ ഒരുങ്ങുന്നത്. ഇനി ടാറ്റയില്‍ നിന്ന് പുറത്തിറങ്ങുന്ന ഏതാനും ഇവികളും ഈ തലമുറ ആര്‍ക്കിടെക്ച്വര്‍ അടിസ്ഥാനപ്പെടുത്തി ആയിരിക്കും. ആഗോള വിപണി കൂടി ലക്ഷ്യമിടുന്ന അവിന്യ 2025ഓടെ വിപണിയിലെത്തിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.

ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ ( TPEL) ലോഗോയുമായി എത്തുന്ന ആദ്യ മോഡലും അവിന്യ ആയിരിക്കും. വാഹനത്തിന്റെ ഇരു ഹെഡ്‌ലൈറ്റുകളില്‍ നിന്നും ആരംഭിച്ച് മധ്യത്തില്‍ അവസാനിക്കുന്ന ടി-ആകൃതിയിലുള്ള എല്‍ഇഡി ലൈറ്റ് ആണ് ടിപിഇഎല്‍ ലോഗോ. ഓഡി അര്‍ബന്‍സ്‌പെയര്‍ കണ്‍സപ്റ്റിന് സമാനമായ എസ്‌യുവി-എംപിവി മിശ്രിതമായ സ്റ്റൈലാണ് അവിന്യയിക്ക് നല്‍കിയിരിക്കുന്നത്.

പ്യുവര്‍ ഇവി ജെന്‍ 3 ടെക്‌നോളജിയില്‍ എത്തുന്ന അവിന്യക്ക് ഒറ്റ ചാര്‍ജില്‍ 500 കി.മീറ്റര്‍ പരിധി ലഭിക്കുമെന്നാണ് വിലയിരുത്തല്‍. അരമണിക്കൂറില്‍ ചാര്‍ജിംഗ് സാധ്യമാവുന്ന ഡിസി ഫാസ്റ്റ് ചാര്‍ജറും വാഹനത്തിന് നല്‍കിയേക്കും. 4300 എംഎം ആണ് അവിന്യ കണ്‍സപ്റ്റിന്റെ നീളം.

Related Articles
Next Story
Videos
Share it