കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ ടാറ്റയുടെ തേരോട്ടം; മറികടന്നത് മാരുതിയെയും ഹ്യൂണ്ടായിയെയും

2021-22 സാമ്പത്തിക വര്‍ഷം കോംപാക്ട് എസ്‌യുവി (Compact SUV) സെഗ്മെന്റില്‍ ഹ്യൂണ്ടായിയെയും മാരുതി സുസുക്കിയെയും മറികടന്ന് ടാറ്റ മോട്ടോഴ്‌സ് (Tata Motors). ടാറ്റയുടെ നെക്‌സോണ്‍ ആണ് ഇക്കാലയളവില്‍ രാജ്യത്ത് ഏറ്റവും അധികം വില്‍പ്പന നേടിയ കോംപാക്ട് എസ്‌യുവി. 122,000 നെക്‌സോണുകളാണ് ടാറ്റ വിറ്റത്.

മാരുതിയുടെ വിറ്റാര ബ്രസ (114,000), ഹ്യൂണ്ടായി വെന്യു (105,000), കിയ സോണറ്റ് (74,000) എന്നിവയാണ് വില്‍പ്പനയില്‍ പിന്നാലെ. മഹീന്ദ്ര എക്‌സ്‌യുവി 300, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, നിസരാന്‍ മാഗ്നൈറ്റ്, റിനോ കൈഗര്‍, ടാറ്റ പഞ്ച് എന്നീ മോഡലുകള്‍ എല്ലാം ചേര്‍ന്ന് 260,000 യൂണീറ്റുകളാണ് വിറ്റത്. ഇലക്ട്രിക് മോഡലിന്റെ വില്‍പ്പന കൂടാതെയാണ് ഈ നെക്‌സോണിന്റെ നേട്ടം. കഴിഞ്ഞ മെയില്‍ ഹ്യൂണ്ടായിയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായി ടാറ്റ മാറിയിരുന്നു.

വെന്യൂവിന്റെ ഫേസ് ലിഫ്റ്റ് വേര്‍ഷനും ബ്രസയുടെ പുതിയ പതിപ്പും 2022ല്‍ എന്ന വാര്‍ത്ത നേരത്തെ തന്നെ എത്തിയിരുന്നു. അതുകൊണ്ട് പലരും വാങ്ങള്‍ നീട്ടിവെച്ചു. ഇത് ഈ രണ്ട് മോഡലുകളുടെയും വില്‍പ്പനയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ഉല്‍പ്പാദനം ഉയര്‍ത്തിയത് ടാറ്റ മോഡലുകളുടെ വെയിറ്റിംഗ് പിരിയഡ് കുറച്ചിരുന്നു. മറ്റ് കമ്പനികളെ അപേക്ഷിച്ച് ഇത് ടാറ്റയ്ക്ക് ഗുണം ചെയ്തു. കൂടാതെ കേന്ദ്രത്തിന്റെ വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന പദ്ധതിക്ക് കീഴില്‍ ടാറ്റ നടത്തിയ പ്രചാരം ഇന്ത്യയില്‍ നിര്‍മിക്കുന്ന കാര്‍ എന്ന രീതിയിലുള്ള പരിഗണനയും ടാറ്റയുടെ മോഡലുകള്‍ക്ക് നേടിക്കൊടുത്തു. അതേ സമയം പുതിയ വേര്‍ഷനുമായി എത്തുന്നതോടെ നടപ്പ് സാമ്പത്തിക വര്‍ഷം ബ്രസ ഒന്നാം സ്ഥാനം തിരികെ പിടിക്കും എന്നാണ് വിലയിരുത്തല്‍.

Related Articles
Next Story
Videos
Share it