ആദ്യം വരുന്നത് ടെസ്‌ലയുടെ ഇറക്കുമതി കാറുകൾ, വില കുറവിൽ വിൽപന, ഇന്ത്യയിൽ നിർമാണം പിന്നീട്

പരസ്പരം പ്രയോജനകരമായ ബിസിനസ് സാധ്യതകളില്‍ എത്തിച്ചേരുന്നതിനെ ആശ്രയിച്ചിരിക്കും അന്തിമ കരാറിലെത്തുക.
tesla
Image courtesy: tesla.com
Published on

ടെസ്‌ല ഇന്ത്യയില്‍ ഉടന്‍ വില്‍പ്പന ആരംഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളിലാണ്. തുടക്കത്തില്‍ ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് ടെസ്‌ലയ്ക്ക് പദ്ധതികള്‍ ഇല്ലെങ്കിലും രണ്ടാം ഘട്ടത്തില്‍ ഇന്ത്യയില്‍ ഫാക്ടറി തുടങ്ങുന്നതിനുളള നീക്കങ്ങളിലാണ് കമ്പനി. ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളായിരിക്കും ടെസ്‌ല തുടക്കത്തില്‍ വില്‍പ്പനയ്ക്ക് എത്തിക്കുക.

ടെസ്‌ല ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുമ്പോള്‍ കാറിന്റെ പ്രധാന ഘടകങ്ങൾ ഇന്ത്യൻ വിതരണക്കാരിൽ നിന്ന് കമ്പനി വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലക്ട്രിക് മോട്ടോറുകൾ, ഗിയർബോക്സുകൾ, ഫോർജ്ഡ് പാർട്സ്, കാസ്റ്റിംഗുകൾ, വയറിംഗ് ഹാർനെസുകൾ, ഷീറ്റ് മെറ്റൽ, ഉയർന്ന ഗുണനിലവാരമുളള ഇലക്ട്രോണിക്സ്, സസ്പെൻഷൻ സിസ്റ്റങ്ങൾ, ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഇന്ത്യൻ വിതരണക്കാരിൽ നിന്ന് വാങ്ങാനാണ് കമ്പനിക്ക് പദ്ധതിയുളളത്. ടാറ്റ ഗ്രൂപ്പ് കമ്പനികൾ ഈ ഘടകങ്ങളുടെ പ്രധാന വിതരണക്കാരായി മാറുന്നതിനുളള സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചര്‍ച്ചകള്‍ സജീവം

ടാറ്റ ഓട്ടോകോമ്പ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ടാറ്റ ടെക്നോളജീസ്, ടാറ്റ ഇലക്ട്രോണിക്സ് തുടങ്ങിയ ടാറ്റ ഗ്രൂപ്പ് കമ്പനികളാണ് പ്രധാന വിതരണക്കാരാകാന്‍ സാധ്യതയുളളത്. ഈ ടാറ്റ ഗ്രൂപ്പ് കമ്പനികൾക്ക് ടെസ്‌ലയുമായി ആഗോളതലത്തില്‍ വിതരണ കരാറുകളുണ്ട്. ഇന്ത്യയില്‍ പ്രധാന ഘടകങ്ങള്‍ വിതരണം ചെയ്യുന്നതിനുളള സാധ്യതകളാണ് ഇവര്‍ തേടുന്നത്.

അതേസമയം ഇന്ത്യയില്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുന്നതിനായി ടെസ്‌ല ഒന്നിലധികം ഇന്ത്യൻ കാർ നിർമ്മാതാക്കളുമായി ചർച്ചകൾ നടത്തിവരികയാണ്. പൂർണ ശേഷിക്ക് താഴെ പ്രവർത്തിക്കുന്ന വാഹന നിർമ്മാതാക്കളുമായി കമ്പനി പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ ലക്ഷ്യം പ്രീമിയം വിഭാഗത്തെ

പരസ്പരം പ്രയോജനകരമായ ബിസിനസ് സാധ്യതകളില്‍ എത്തിച്ചേരുന്നതിനെ ആശ്രയിച്ചിരിക്കും ഇരു കൂട്ടരും തമ്മില്‍ അന്തിമ കരാറിലെത്തുക. ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുന്ന ആദ്യ വർഷം തന്നെ ഇവിടെ ഫാക്ടറി സ്ഥാപിക്കാൻ കമ്പനിക്ക് ഉദ്ദേശമില്ല. രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളെയാണ് ഫാക്ടറി സ്ഥാപിക്കാന്‍ ടെസ്‌ല പരിഗണിക്കുന്നത്. വൈവിധ്യമുളള മോഡലുകള്‍ അവതരിപ്പിക്കുന്നതിനും കുറഞ്ഞ വിലയില്‍ കാറുകള്‍ ലഭ്യമാക്കുന്നതിനും ഇന്ത്യയില്‍ ഉല്‍പ്പാദനം തുടങ്ങുന്നത് ടെസ്‌ലയെ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഓൺ റോഡ് വില 40 ലക്ഷം രൂപയിൽ ($45,000) കൂടുതലാകുന്ന മോഡൽ 3, ​​മോഡൽ വൈ എന്നിവയാണ് കമ്പനി ഇന്ത്യയില്‍ ആദ്യം വില്‍പ്പനയ്ക്ക് എത്തിക്കുകയെന്ന് കരുതുന്നു. 40 ലക്ഷം രൂപ വരെയുള്ള മുഖ്യധാരാ കാർ വിപണിക്കും മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഓഡി തുടങ്ങിയ ബ്രാൻഡുകൾ പ്രവർത്തിക്കുന്ന ഏകദേശം 50 ലക്ഷം രൂപയിൽ ആരംഭിക്കുന്ന ആഡംബര കാർ വിപണിക്കും ഇടയിലുള്ള പ്രീമിയം വിഭാഗത്തെയാണ് ടെസ്‌ല ഉന്നംവെക്കുന്നത്.

പ്രതിബന്ധങ്ങള്‍

അതേസമയം ഉപയോക്താക്കളുടെ ഇടയില്‍ വലിയ താൽപ്പര്യം ഉണ്ടായിരുന്നിട്ടും ഇന്ത്യയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. 2025 ഫെബ്രുവരിയിലെ മൊത്തം പാസഞ്ചർ കാർ വിൽപ്പനയുടെ 2.5 ശതമാനം മാത്രമാണ് ഇ.വി കളുടെ വില്‍പ്പന. ഇന്ത്യയിലെ പരിമിതമായ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളും ദൈനംദിന ഉപയോഗത്തിന് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രായോഗിക വെല്ലുവിളികളുമാണ് ഇ.വി വ്യാപനത്തിന് മുഖ്യ പ്രതിബന്ധങ്ങളായി നില്‍ക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com