

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലെ വമ്പന്മാരാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ മോട്ടോഴ്സ്. നിലവില്‍ തങ്ങളുടെ പോര്‍ട്ട്ഫോളിയോയിലെ വിവിധ മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകളാണ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇവി രംഗത്ത് സ്വന്തമായി ബാറ്ററി കമ്പനി സ്ഥാപിച്ച് വിപ്ലവകരമായ നീക്കത്തിന് ഒരുങ്ങുകയാണ് ടാറ്റ. ഇന്ത്യയിലും വിദേശത്തും ഒരു ബാറ്ററി കമ്പനി ആരംഭിക്കുന്നതിനുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കുകയാണെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു സ്വകാര്യ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രൂപ്പ് വലിയ പരിവര്‍ത്തനത്തിലാണെന്നും ഭാവിയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആകുന്നതിനുള്ള പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''ടെലികോം ഗിയര്‍ സൃഷ്ടിക്കുന്നതിനായി ഞങ്ങള്‍ ഒരു 5ജി കമ്പനി ആരംഭിച്ചു. ഇന്ത്യയിലും വിദേശത്തും ഞങ്ങളുടെ ബാറ്ററി കമ്പനി അവതരിപ്പിക്കുന്നതിനുള്ള ബ്ലൂപ്രിന്റ് ഞങ്ങള്‍ തയ്യാറാക്കുന്നു'' എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം, ബാറ്ററി കമ്പനിയുടെ വിശദാംശങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല. ''ഞങ്ങളുടെ ഓട്ടോ കമ്പനി പാസഞ്ചര്‍ കാറുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഞങ്ങള്‍ ഈ മാറ്റം വരുത്തിയതിനാല്‍ ഞങ്ങളുടെ വിപണി ഓഹരികള്‍ ഉയര്‍ന്നു. വാണിജ്യ വാഹനങ്ങളിലും ഈ പരിവര്‍ത്തം നോക്കുന്നുണ്ട്. ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ ഞങ്ങള്‍ അത് തന്നെയാണ് ചെയ്യുന്നത്'' - അദ്ദേഹം പറഞ്ഞു. ടാറ്റ മോട്ടോഴ്‌സ് അതിന്റെ മോഡലുകളായ നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവയിലൂടെ വില്‍പ്പനയിലൂടെ ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചര്‍ വാഹന വിപണിയില്‍ മുന്നിലാണ്. അടുത്തിടെ ഒരു ഇലക്ട്രിക് കണ്‍സെപ്റ്റായ അവിന്യ വാഹന നിര്‍മാതാക്കള്‍ അവതരിപ്പിച്ചിരുന്നു.
ഗ്രൂപ്പിന്റെ പവര്‍ കമ്പനിയായ ടാറ്റ പവര്‍ യൂട്ടിലിറ്റി സ്‌കെയില്‍ റിന്യൂവബിള്‍സ് മാത്രമല്ല, കണ്‍സ്യൂമര്‍ റിന്യൂവബിള്‍സ് മേഖലയിലേക്കും വളരെയധികം മാറിക്കൊണ്ടിരിക്കുകയാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine