
ടാറ്റ ഗ്രൂപ്പ് ഗുജറാത്തിലെ സനന്ദില്‍ 13,000 കോടി രൂപ(1.6 ബില്യണ്‍ ഡോളര്‍)മുതല്‍ മുടക്കില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള ലിഥിയം ബാറ്ററി നിര്‍മാണ ഫാക്ടറി തുറക്കുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അഗ്രതാസ് എനര്‍ജി സ്റ്റോറേജ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ഗുജറാത്ത് സര്‍ക്കാരുമായി ധാരണ പത്രം ഒപ്പുവച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ പ്ലാന്റ് പൂര്‍ത്തിയാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 20 ജിഗാവാട്ട് അവര്‍ ശേഷിയാണ് ആദ്യ ഘട്ടത്തില്‍ പ്ലാന്റിനുണ്ടാകുക. രണ്ടാം ഘട്ടത്തില്‍ ഇത് ഇരട്ടിയാക്കും.
ഇലക്ട്രിക് വാഹന വിതരണ ശൃഖല നിര്‍മിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് ടാറ്റയുടെ പുതിയ നീക്കം. നിലവില്‍ സനന്ദില്‍ ടാറ്റയ്ക്ക് നിര്‍മാണ ഫാക്‌റിയുണ്ട്. കൂടാതെ ഫോഡ് മോട്ടോര്‍സിന്റെ പ്ലാന്റ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. രണ്ടു പ്ലാന്റുകളും സംയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും.
വൈദ്യുതി വാഹനവിപണിയിലെ ഒന്നാമന്‍
രാജ്യത്തെ ഇ.വി വാഹന വിപണിയില്‍ ടാറ്റാമോട്ടോഴ്‌സാണ് മുന്നില്‍. എന്നാല്‍ മൊത്തം കാര്‍ വിപണിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വൈദ്യുത വാഹന വിപണി. 38 കോടി വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് മൊത്തം വിറ്റഴിച്ചത്.
ടാറ്റ മോട്ടോാഴ്‌സിന്റെ ഉപകമ്പനിയായ ജാഗ്വാര്‍ ആന്റ് ലാന്‍ഡ് റോവര്‍(ജെ.എല്‍.ആര്‍) ഏപ്രിലില്‍ വൈദ്യുതവത്കരണ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹന മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനി 1,900 കോടി ഡോളര്‍ നിക്ഷേപം നടത്തും. യു.കെ വോവര്‍ഹാംപ്റ്റണിലെ ജെ.എല്‍.ആര്‍ പ്ലാന്റില്‍ അടുത്ത തലമുറ വാഹനങ്ങള്‍ക്കായുള്ള ഇലക്ട്രിക് ഡ്രൈവ് യൂണിറ്റും ബാറ്ററി പാക്കും നിര്‍മിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. യൂറോപ്പില്‍ മറ്റൊരു പ്ലാന്റ് സ്ഥാപിക്കാനും ടാറ്റ ഗ്രൂപ്പിന് ഉദ്ദേശ്യമുണ്ട്. ഇതിനായി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഉടന്‍ കൂടികാഴ്ചനടത്തും.
Read DhanamOnline in English
Subscribe to Dhanam Magazine