ഏവര്‍ക്കും ഉതകുന്ന വിലയില്‍ ടാറ്റ ടിഗോര്‍ ഇവി, കൂടാതെ, സിഎന്‍ജി പതിപ്പുകളുടെ പ്രഖ്യാപനവും: ടാറ്റ സാധാരണക്കാര്‍ക്ക് ജനപ്രിയമാകുന്നത് ഇങ്ങനെ

ഒരു കുടുംബത്തിന് അനുയോജ്യമായ രീതിയില്‍ ഏറ്റവും ചെറിയ വിലയ്ക്ക് നാനോ കാറുകള്‍ വിപണിയിലെത്തിച്ച് വാഹന രംഗത്ത് തന്നെ വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് ടാറ്റാ മോട്ടോഴ്‌സ്. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ തങ്ങളുടെ മോഡലുകള്‍ക്ക് വലിയ സ്വീകാര്യതായാണ് ടാറ്റയ്ക്ക് ലഭിക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയിലും മുന്‍നിരയിലുള്ള ടാറ്റ, സാധാരണക്കാര്‍ക്ക് ഉതകുന്ന രീതിയിലാണ് തങ്ങളുടെ പുതിയ ഇലക്ട്രിക് കാറായ ടിഗോര്‍ ഇവി പുറത്തിറക്കിയിരിക്കുന്നത്. വലിയ വില ഇല്ലാത്തതിനാല്‍ തന്നെ, ഇന്ധനക്ഷമത കണക്കിലെടുത്ത് വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ ടാറ്റ ടിഗോര്‍ ഇവി നേടിക്കൊടുക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. 11,99,000 രൂപയാണ് ടാറ്റ ടിഗോര്‍ ഇവിയുടെ തുടക്കവില. കൂടാതെ, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറെന്ന സവിശേഷതയും ഈ മോഡലിനാണ്.

ടിഗോര്‍ ഇവിയിലൂടെ ഇലക്ട്രിക് വാഹനങ്ങളെ ഏവര്‍ക്കും താങ്ങാവുന്ന രീതിയില്‍ അടുത്തതലത്തിലേക്ക് കൊണ്ടുപോകാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ്, പാസഞ്ചര്‍ വെഹിക്ക്ള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ടിഗോര്‍ ഇവിയിലൂടെ ഒരു കിലോമീറ്ററിന് ലഭിക്കുന്നത് സേവിംഗ്‌സ് 6.5 രൂപയാണ്. 12,000 കിലോമീറ്ററിലൂടെ 78,000-80,000 രൂപയുടെ ലാഭം ടിഗോര്‍ ഇവി ഉടമയ്ക്ക് ലഭിക്കും. 4-5 വര്‍ഷം കൊണ്ട് 3.5-4 ലക്ഷം രൂപയുടെ സേവിംഗ്‌സ് ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. കൂടാതെ, പൂര്‍ണ ചാര്‍ജില്‍ 306 കിലോമീറ്റര്‍ ദൂരപരിധിയും ടാറ്റ ടിഗോര്‍ ഇവിക്ക് കമ്പനി അവകാശപ്പെടുന്നുണ്ട്.
ടിഗോര്‍ ഇവിയില്‍ 26 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ഒരുക്കിയിട്ടുള്ളത്. 50kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകുമെന്നതാണ് ഇതിന്റെ സവിശേഷത. കൂടാതെ, വീടുകളില്‍ ചാര്‍ജിംഗ് നടത്തുന്നതിന് ഉപഭോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്ത് 15A എസി വാള്‍ ബോക്സ് സോക്കറ്റും കമ്പനി സ്ഥാപിച്ച് നല്‍കും. ഇതുവഴി 80 ശതമാനത്തോളം ചാര്‍ജിംഗ് നടത്തുന്നതിന് 8.5 മണിക്കൂര്‍ സമയം ആവശ്യമായി വരും. എട്ട് വര്‍ഷമാണ് ബാറ്ററിയുടെ വാരണ്ടി. ടിഗോര്‍ ഇവിയിലെ അസിന്‍ക്രണസ് മോട്ടോര്‍ 5.7 സെക്കന്‍ഡിനുള്ളില്‍ 60 കിലോമീറ്റര്‍ വേഗതയിലെത്തിക്കും. ഇത് 55 kW ഉം 170 Nm ആണ് ഉല്‍പ്പാദിപ്പിക്കുക. മോട്ടോര്‍ ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും ഡ്രൈവ്, സ്പോര്‍ട്ട് എന്നീ രണ്ട് മോഡുകള്‍ ഓഫര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. ടിഗോര്‍ ഇവിയുടെ ബുക്കിംഗ് കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 21,000 രൂപയ്ക്ക് ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ വഴി വാഹനം ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
അതേസമയം, ചെറിയ വിലയ്ക്ക് ഇലക്ട്രിക് കാര്‍ പുറത്തിറക്കിയതിന് പിന്നാലെ മോഡലുകളുടെ സിഎന്‍ജി പതിപ്പും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. എന്‍ട്രി ലെവല്‍ പെട്രോള്‍ സെഡാന്‍, ഹാച്ച്ബാക്ക് മോഡലുകളായ ടിയാഗോ, ടിഗോര്‍ എന്നിവയുടെ സിഎന്‍ജി പതിപ്പ് എട്ട് ലക്ഷത്തില്‍ താഴെ വിലയില്‍ വിപണിയിലിറക്കാനാണ് വാഹന നിര്‍മാതാക്കളൊരുങ്ങുന്നത്. പെട്രോള്‍ വില വര്‍ധനവ് കാരണം സിഎന്‍ജി കാറുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടായിട്ടുണ്ട്. ചെറിയ പെട്രോള്‍ കാറുകള്‍ക്ക് ഒരു കിലോമീറ്ററിന് 4.5 രൂപ വേണ്ടിവരുമ്പോള്‍, സിഎന്‍ജി കാറുകള്‍ക്ക് 1.6 രൂപ മാത്രമാണ് വേണ്ടിവരുന്നത്. നിലവില്‍ രാജ്യത്ത് മാരുതി സുസുകി, ഹ്യുണ്ടായ് എന്നിവയാണ് മോഡലുകളുടെ സിഎന്‍ജി പതിപ്പുകള്‍ പുറത്തിറക്കുന്നത്. മാരുതി എട്ട് മോഡലുകളും ഹ്യുണ്ടായ് നാല് മോഡലുമാണ് ഈ വിഭാഗത്തില്‍ വിപണിയിലെത്തിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് കൂടി സിഎന്‍ജിയിലേക്ക് മാറിയാല്‍, ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കാറുകള്‍ പുറത്തിറക്കുന്ന രാജ്യത്തെ മൂന്നാമത്തെ കമ്പനിയാകുമിത്.


Related Articles
Next Story
Videos
Share it