തുനിഞ്ഞിറങ്ങി ടാറ്റാ മോട്ടോഴ്‌സ്; എസ്‌യുവി നിര ശക്തമാക്കുന്നു

ഇന്ത്യയില്‍ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുള്ള (എസ്‌യുവി) ഡിമാന്‍ഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തങ്ങളുടെ എസ്‌യുവികളുടെ നിര വര്‍ധിപ്പിച്ചു ആ മേഖലയില്‍ ഒരു കാലത്തു ഉണ്ടായിരുന്ന മേധാവിത്തം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ മോട്ടോഴ്‌സ്.

നെക്‌സണ്‍, ഹാരിയര്‍ എന്നി മോഡലുകള്‍ കൈവശമുള്ള ടാറ്റ ഈ മാസം അവസാനത്തോടെ ഏഴു സീറ്റുകളുള്ള എസ്‌യുവി സഫാരി നിരത്തിലിറക്കും. നേരത്തെ ഈ മോഡലിന് നല്‍കിയിരുന്ന പേര് ഗ്രാവിറ്റാസ് എന്നായിരുന്നു.

കൂടാതെ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടു കൂടി ഒരു എസ്‌യുവി കൂടി രംഗത്തിറക്കി തങ്ങളുടെ മേധാവിത്തം ഈ മേഖലയിലുറപ്പിക്കാനുള്ള വ്യഗ്രതയിലാണ് ടാറ്റാ മോട്ടോര്‍സ്.

രണ്ട് പതിറ്റാണ്ടോളം ഇന്ത്യന്‍ റോഡുകള്‍ ഭരിച്ചിരുന്ന സഫാരി പുതിയ രൂപത്തില്‍ എത്തുമ്പോള്‍ കാര്‍ പ്രേമികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

പുതിയ വാഹനം ഹാരിയറിനു മുകളിലുള്ള ഒരു ജീവിതശൈലി എസ്‌യുവിയായി അവതരിപ്പിക്കുകയാണ് ടാറ്റാ മോട്ടോഴ്‌സ്. ഈ ടോപ്പ്ഓഫ്‌റേഞ്ച് മോഡലിന്റെ ബുക്കിംഗ് ഈ മാസാവസാനം ആരംഭിക്കും. സഫാരിയുടെ വില്പന അടുത്ത മാസം ആരംഭിക്കും.

ഏകദേശം 14 ലക്ഷത്തിനും 18 ലക്ഷത്തിനും രൂപക്കിടയില്‍ വില ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന സഫാരിക്ക് പ്രധാനമായും മത്സരം നേരിടേണ്ടി വരിക മഹീന്ദ്ര എക്‌സ്‌യുവി 500, എംജി ഹെക്ടര്‍ പ്ലസ് എന്നി മോഡലുകളില്‍ നിന്നാകും.

രണ്ടു വര്‍ഷം മുമ്പ് ജനീവ മോട്ടോര്‍ ഷോയില്‍ ബസാര്‍ഡ് എന്ന പേരില്‍ അരങ്ങേറ്റം കുറിച്ച ടാറ്റായുടെ പുതിയ വാഹനം കഴിഞ്ഞ വര്‍ഷം നടന്ന പിന്നീട് ഓട്ടോ എക്‌സ്‌പോയില്‍ ഗ്രാവിറ്റാസ് എന്ന പേരിലാണ് അവതരിപ്പിച്ചത്.

ഇത് ആദ്യം പുതിയ സഫാരിയായി അവതരിപ്പിക്കാനാണ് തീരുമാനിച്ചതെന്ന് ടാറ്റാ മോട്ടോഴ്‌സിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി വിവേക് ശ്രീവാസ്തവ ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു.

സഫാരിയെ തുടര്‍ന്ന് നിരത്തിലെത്തുന്നത് ടാറ്റായുടെ മൈക്രോ എസ്‌യുവിയായ ഹോണ്‍ബില്ലാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഈ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊറോണയെ തുടര്‍ന്ന് സ്വന്തം വാഹനം ഉപയോഗിക്കാനുള്ള പ്രവണത കൂടിയതായി പൊതുവെ വിലയിരുത്തപ്പെടുന്നു. കൂടാതെ കുടുംബമടക്കം സ്വയം വാഹനം ഓടിച്ചു ദൂരെ സ്ഥലങ്ങളിലടക്കം പോകുവാനുള്ള ആളുകളുടെ താല്പര്യം എസ്‌യുവി വില്പന മഹാമാരിയുടെ സമയത്തും കൂടുകയുണ്ടായി.

കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ മൂന്ന് പാസഞ്ചര്‍ വാഹനങ്ങളില്‍ ഒന്ന് എസ്‌യുവിയാണെന്ന് ശ്രീവാസ്തവ പറഞ്ഞു.

പുതിയ സഫാരി സാമൂഹികമായി സജീവവും സാഹസികമായ അനുഭവങ്ങളും തേടുന്നവരെയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോവിടിന്റെ സാഹചര്യത്തിന് ശേഷം സ്വന്തം വാഹങ്ങങ്ങളില്‍ കൂട്ടുകാരുടെയും കുടുംബക്കാരുടെയും ഒപ്പം അവധിക്കാല യാത്രക്ക് പോകുന്നവരുടെ എണ്ണത്തില്‍ വര്ധനവുണ്ടാകുകയും അത് എസ്‌യുവി വില്പനയില്‍ പ്രതിഫലിക്കുകയും ചെയ്തു.

മഹാബലേശ്വര്‍, ലോണാവാല, മനാലി തുടങ്ങിയ സ്ഥലങ്ങളിലെ റിസോര്‍ട്ടുകളിലെയും ഹോട്ടലുകളിലേം പാര്‍ക്കിംഗ് സ്ഥലം മുഴുവന്‍ വാഹനങ്ങള്‍ നിറഞ്ഞു കിടക്കുന്നതു ഇതിന്റെ തെളിവാണെന്ന് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.

കൂടാതെ ടാറ്റാ മോട്ടോഴ്‌സിന്റെ കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയിലും ഇതിന്റെ പ്രതിഫലനമുണ്ട്. കഴിഞ്ഞ വര്‍ഷം മറ്റ് കാര്‍ നിര്‍മാതാക്കള്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ ടാറ്റ മോട്ടോഴ്‌സ് എട്ട് മാസങ്ങള്‍ കൊണ്ട് തന്നെ 51,000 എസ്‌യുവികള്‍ (നെക്‌സണ്‍, ഹാരിയര്‍ ഉള്‍പ്പെടെ) വില്പന നടത്തി. എന്നാല്‍ 20192020 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി വിറ്റത് 59,000 യൂണിറ്റ് ആയിരുന്നു.

അത് കൊണ്ട് തന്നെ എസ്‌യുവി രംഗത്ത് ഒരു വര്‍ഷം മുമ്പ് വരെ 8.2 ശതമാനം വിഹിതമുണ്ടായിരുന്ന ടാറ്റാ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അത് 9.4 ശതമാനമായി വര്‍ധിപ്പിച്ചു. രണ്ടു മോഡലുകള്‍ കൂടി വരുമ്പോള്‍ എസ്‌യുവി രംഗത്തുള്ള മാര്‍ക്കറ്റ് വിഹിതം ഇനിയും ഗണ്യമായി കൂട്ടാന്‍ ടാറ്റാക്കാകും.

യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന ഒരു വര്‍ഷത്തെ അപേക്ഷിച്ചു കഴിഞ്ഞ നവംബറില്‍ 17.2 ശതമാനം വര്‍ധിച്ചു 103,525 യൂണിറ്റില്‍ എത്തിയെന്നാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്റ്ററേഴ്‌സ് നല്‍കുന്ന കണക്ക്.


Related Articles

Next Story

Videos

Share it