ടാറ്റാ മോട്ടോഴ്‌സ് ഇനി ഒന്നല്ല, രണ്ടാണ്! വിഭജന പ്രഖ്യാപനത്തില്‍ റെക്കോഡിട്ട് ഓഹരികള്‍

രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയായ ടാറ്റ മോട്ടോഴ്സ് ഇനി ഒന്നല്ല, രണ്ട് കമ്പനിയായി മാറും. അപ്രതീക്ഷിതമായാണ് കമ്പനിയെ വിഭജിച്ച് രണ്ടു കമ്പനികളായി ലിസ്റ്റ് ചെയ്യാനുള്ള തീരുമാനം ടാറ്റ മോട്ടോഴ്‌സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. വാണിജ്യ വാഹന ബിസിനസ് ടാറ്റ മോട്ടോഴ്സ് എന്ന പേരില്‍ തുടരും. യാത്രാവാഹന ബിസിനസ് മറ്റൊരു പേരില്‍ ലിസ്റ്റ് ചെയ്യും. ടാറ്റ മോട്ടോഴ്സിലെ ഓഹരി ഉടമകള്‍ക്ക്‌ രണ്ടു കമ്പനികളിലും തുല്യമായ ഓഹരികള്‍ ലഭിക്കും.

നിലവില്‍ ടാറ്റാ മോട്ടോഴ്സിന്റെ 1.11 ലക്ഷം കോടി രൂപയുടെ ത്രൈമാസ വരുമാനത്തില്‍ 18 ശതമാനം മാത്രമാണു വാണിജ്യ വാഹനങ്ങള്‍ നല്‍കുന്നത്. 70 ശതമാനം ജഗ്വാര്‍ ലാന്‍ഡ് റോവറും 12 ശതമാനം മറ്റു യാത്രാവാഹനങ്ങളുമാണ് നല്‍കുന്നത്. അതിനാല്‍ ഇതുള്‍പ്പെടുന്ന പാസഞ്ചര്‍ വാഹന ഡിവിഷനാകും വാണിജ്യ വാഹന ഡിവിഷനേക്കാള്‍ മൂല്യമുള്ളത്.
വിഭജനം കാര്‍ ബിസിനസിന്റെ, പ്രത്യേകിച്ച് ഇലക്ട്രിക് കാറുകളുടെ നേട്ടങ്ങള്‍ മുതലാക്കാന്‍ സഹായിക്കും. വാണിജ്യ വാഹനങ്ങളുടെ കാര്യത്തില്‍ നിലവിലെ വലിയ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ അവസരം ലഭിക്കും എന്നാണു പ്രതീക്ഷ. എന്‍.സി.എല്‍.ടിയുടെ അംഗീകാരം കിട്ടുന്ന മുറയ്ക്കായിരിക്കും വിഭജനം. വിഭജന-ലിസ്റ്റിംഗ് പ്രക്രിയ 15 മാസത്തോളം എടുക്കും

നേട്ടം കൊയ്യാൻ

വിഭജനം ദീര്‍ഘകാലത്തില്‍ നേട്ടമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാണിജ്യ വാഹനങ്ങള്‍ (കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍/CV), പാസഞ്ചര്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും (PV+EV), ജെ.ല്‍.ആര്‍ എന്നിവയ്ക്കായി പ്രത്യേക നയം നടപ്പാക്കിയത് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

മാരുതി സുസുക്കി പോലുള്ള ലിസ്റ്റഡ് കമ്പനികളുമയായിരിക്കും പിവി ബിസിനസ് മത്സരിക്കുക. ഹ്യൂണ്ടായ് ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യുമെന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ മുഖ്യ പങ്കും ജെ.എല്‍.ആര്‍ ആണെന്നതിനാല്‍ ആഗോള കാര്‍ കമ്പനിയില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. ഇന്ത്യ കൂടാതെ ചൈന, യൂറോപ്പ്, യു.കെ, യു.എസ് എന്നിവിടങ്ങളിലെയും പ്രീമിയം കാര്‍ വിപണി പിടിക്കാന്‍ ജെ.എല്‍.ആറിന് സാധിക്കും.

അശോക് ലെയ്‌ലാന്‍ഡ് പോലുള്ള കമ്പനികളുമായിട്ടാകും വാണിജ്യ വാഹന വിപണിയില്‍ താരതമ്യം വരിക.
ഓഹരി 5% ഉയർന്നു
വിഭജന വാര്‍ത്തകളുടെ പിന്‍ബലത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ ഇന്ന് കുതിച്ചുയര്‍ന്ന് 1,000 രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ന് അഞ്ച് ശതമാനത്തോളം ഉയര്‍ന്ന ഓഹരി വില 1,031.70 രൂപ വരെയായി. ഇന്നലെ വിപണിയില്‍ വ്യാപാരം അവസാനിച്ചതിനു ശേഷമായിരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ വിഭജന പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം 100 ശതമാനം നേട്ടം ഓഹരി നല്‍കിയിട്ടുണ്ട്.

Related Articles

Next Story

Videos

Share it