എസ്‌യുവി വിഭാഗത്തില്‍ മേധാവിത്വം ഉറപ്പിച്ച് ടാറ്റ

ചിപ്പ് ക്ഷാമത്തിനിടയിലും (Chip shortage) നേട്ടമുണ്ടാക്കി ടാറ്റ മോട്ടോഴ്‌സ്. സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമം രാജ്യത്തെ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളുടെയും വില്‍പ്പനയെ ബാധിച്ചിരുന്നു. അതേ സമയം ഏറ്റവും അധികം എസ്‌യുവികള്‍ വിറ്റുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ഹൂണ്ടായിക്കുണ്ടായിരുന്ന മേധാവിത്വം മറികടക്കുകയായിരുന്നു ടാറ്റ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സബ് കോംപാക്ട് എസ്‌യുവി പഞ്ച് അവതരിപ്പിച്ചതോടെയാണ് ഈ വിഭാഗത്തില്‍ ടാറ്റ ഒന്നാമതെത്തിയത്.

ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം വില്‍പ്പനയ ഉയര്‍ന്ന ഏക വാഹന നിര്‍മാതാക്കളും ടാറ്റയാണ് (
Tata Motors
). വില്‍പ്പനയില്‍ 157 ശതമാനത്തിന്റെ വര്‍ധനവാണ് ടാറ്റ, എസ്‌യുവി വിഭാഗത്തില്‍ നേടിയത്. 2020 ഒക്ടോബര്‍ മുതല്‍ 2021 ജനുവരി വരെയുള്ള കലയളവില്‍ 37,242 നിന്ന് ഈ വര്‍ഷം 96,083 യൂണീറ്റുകളായാണ് ടാറ്റയുടെ വില്‍പ്പന ഉയര്‍ന്നത്. അതേ സമയം ഹ്യൂണ്ടായിയുടെ വില്‍പ്പന 9.5 ശതമാനം ഇടിഞ്ഞ് 82,737 യൂണീറ്റിലെത്തി. മഹീന്ദ്ര എസ്‌യുവികളുടെ വില്‍പ്പന 24.3 ശതമാനമാണ് ഇടിഞ്ഞത്. 74,735 എസ്‌യുവികളാണ് ഇക്കാലയളവില്‍ മഹിന്ദ്ര വിറ്റത്. കിയയുടെയും മാരുതി സുസുക്കിയുടെയും വില്‍പ്പന ഇടിഞ്ഞത് 20 ശതമാനം വീതമാണ്. കിയ 57,661 യൂണീറ്റുകളും മാരുതി 53,069 എണ്ണവും വിറ്റു.
നിലവില്‍ എസ്‌യുവി വിഭാഗത്തില്‍ 17 ശതമാനം ആണ് ടാറ്റയുടെ വിപണി വിഹിതം. ടാറ്റ വില്‍ക്കുന്ന ഓരോ 10 പാസഞ്ചര്‍ വാഹനങ്ങളിലും എഴെണ്ണം എസ്‌യുവി മോഡലാണ്. ഏറ്റവും ഒടുവില്‍ ടാറ്റ അവതരിപ്പിച്ച പഞ്ച് നേടുന്ന വില്‍പ്പനയാണ് ടാറ്റയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത് . പ്രതിമാസം ശരാശരി 10,000 യൂണീറ്റ് പഞ്ചുകളാണ് ടാറ്റ വില്‍ക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ വിപണി വിഹിതം 19-20 ശതമാനമായി ഉയര്‍ത്തുകയാണ് ടാറ്റയുടെ ലക്ഷ്യം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it