മഹീന്ദ്രയ്ക്കും ഹ്യൂണ്ടായിക്കും ടാറ്റയുടെ പഞ്ച്!

വാഹന വിപണിയില്‍ ടാറ്റ മോട്ടോഴ്‌സ് കുതിപ്പ് തുടരുന്നു. ഒക്ടോബര്‍ മാസം എസ് യുവി സെഗ്മെൻ്റില്‍ ടാറ്റാ മോട്ടോഴ്‌സ് രാജ്യത്ത് ഒന്നാമതെത്തി. എസ് യുവി വിഭാഗത്തിലെ വമ്പന്മാരായ മഹീന്ദ്രയെയും ഹ്യൂണ്ടായിയെയും പിന്തള്ളിയാണ് ടാറ്റയുടെ മുന്നേറ്റം.

ഒക്ടോബര്‍ 18ന് ടാറ്റ അവതരിപ്പിച്ച കോംപാക്ട് എസ് യുവി പഞ്ചിന് ലഭിച്ച സ്വീകാര്യതയാണ് ഈ സെഗ്മെൻ്റില്‍ കമ്പനിക്ക് മേധാവിത്വം നല്‍കിയത്. 14 ദിവസം കൊണ്ട് 8453 പഞ്ചുകളാണ് വിറ്റുപോയത്. കോംപാക്ട് എസ് യുവി വിഭാഗത്തില്‍ മൂന്ന് മോഡലുകളാണ് ടാറ്റ പുറത്തിറക്കുന്നത്. ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ ടാറ്റയുടെ രണ്ടാമത്തെ മോഡലാണ് പഞ്ച്. ഒന്നാമത് 10,096 യൂണീറ്റുകള്‍ വിറ്റുപോയ കോംപാക്ട് എസ് യുവി നെക്‌സോണ്‍ ആണ്. എസ് യുവി വിഭാഗത്തില്‍ 23381 യൂണീറ്റുകളാണ് ടാറ്റ വിറ്റത്.
രണ്ടാംസ്ഥാനത്തുള്ള മഹീന്ദ്ര 20,022 വാഹനങ്ങളും ഹ്യൂണ്ടായി 18,538 വാഹനങ്ങളും വിറ്റു. കിയ മോട്ടോഴ്‌സ് ആണ് നാലാമത്. 15937 എസ് യുവികളാണ് കിയ വിറ്റത്. കോംപാക്ട് എസ്യുവികള്‍ക്ക് രാജ്യത്ത് ഡിമാന്റ് ഉയര്‍ന്നതും ആകര്‍ഷണീയമായ വിലയും(5.49 ലക്ഷം മുതല്‍) പഞ്ചിൻ്റെ സ്വീകാര്യത വര്‍ധിപ്പിച്ചു.
കഴിഞ്ഞ മാസം 33,925 യൂണീറ്റുകള്‍ വിറ്റ ടാറ്റ, പാസഞ്ചര്‍ വാഹന വിപണിയില്‍ മൂന്നാം സ്ഥാനത്താണ് ടാറ്റ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 43.6 ശതമാനത്തിൻ്റെ വളര്‍ച്ചയാണ് ടാറ്റ നേടിയത്. അതേ സമയം ഒന്നാം സ്ഥാനത്തുള്ള മാരുതി സുസുക്കി 33.4 ശതമാനം ഇടിവോടെ 1,08,991 യൂണീറ്റുകളും രണ്ടാമതുള്ള ഹ്യൂണ്ടായി 34.6 ശതമാനം ഇടിവോടെ 37,021 യൂണീറ്റുകളും വിറ്റു. ഈ വളര്‍ച്ച തുടര്‍ന്നാല്‍ താമസിയാതെ ഹ്യൂണ്ടായിയെ പിന്തള്ളി വിപണിയില്‍ രണ്ടാമനാകാന്‍ ടാറ്റയ്ക്ക് സാധിച്ചേക്കും.


Related Articles
Next Story
Videos
Share it