

ഇറ്റാലിയന്‍ ട്രക്ക് നിര്‍മാതാക്കളായ ഈവീക്കോയെ (Iveco) ഏറ്റെടുക്കാന്‍ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറ്റലിയിലെ അഗ്‌നേലി കുടുംബത്തിന്റെ കൈവശമുള്ള ഈവീക്കിയുടെ നിയന്ത്രണാധികാരം സ്വന്തമാക്കാനാണ് ടാറ്റയുടെ ശ്രമം. വാണിജ്യ വാഹന വിപണിയില്‍ (Commercial Vehicle Market) കഴിഞ്ഞ ആറ് വര്‍ഷമായി ടാറ്റ മോട്ടോഴ്‌സിനേറ്റ തിരിച്ചടി മറികടക്കാനുള്ള ശ്രമത്തിനിടെയാണ് പുതിയ നീക്കങ്ങള്‍. ബ്രിട്ടീഷ് വാഹന കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, സൗത്ത് കൊറിയന്‍ കമ്പനിയായ ദൈവൂ (Daewoo) എന്നിവ നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്.
ട്രക്കുകള്‍ക്ക് പുറമെ ബസുകളും എഞ്ചിനുകളും നിര്‍മിക്കുന്ന ഈവീക്കോയുടെ വിപണിമൂല്യം 4.9 ബില്യന്‍ ഡോളറാണെന്ന് (ഏകദേശം 42,200 കോടി രൂപ) കണക്കുകള്‍ പറയുന്നു. ഇറ്റലിയില്‍ 14,000 പേര്‍ ഉള്‍പ്പെടെ 36,000 തൊഴിലാളികളാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. വോള്‍വോ, ഡൈംലൂ (Daimler), ട്രാറ്റോണ്‍ പോലുള്ള വമ്പന്മാര്‍ വാഴുന്ന ഇറ്റാലിയന്‍ ട്രക്ക് വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ഈവീക്കോക്ക് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിക്ക് പുറമെ ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ് മേഖലകളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.
കമ്പനിയില്‍ അഗ്‌നേലി കുടുംബത്തിന്റെ നിക്ഷേപക കമ്പനിയായ എക്‌സോറിന് (Exor) 27.1 ശതമാനം ഓഹരിയാണുള്ളത്. 2022ല്‍ ഒരു ചൈനീസ് കമ്പനി ഈവീക്കോയെ ഏറ്റെടുക്കാന്‍ തയ്യാറായെങ്കിലും ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയില്ല. പ്രതിരോധ രംഗത്ത് ഈവീക്കോ നടത്തിയ നിക്ഷേപങ്ങളാണ് സര്‍ക്കാര്‍ തടസമായി പറഞ്ഞത്. നിലവില്‍ ഈവീക്കോയുടെ ട്രക്ക് യൂണിറ്റ് ഏറ്റെടുക്കാനുള്ള ചര്‍ച്ചകളാണ് ടാറ്റ മോട്ടോഴ്‌സ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
2019ലെ സാമ്പത്തിക വര്‍ഷത്തില്‍ വാണിജ്യ വാഹന വിപണിയിലെ 42 ശതമാനവും ടാറ്റ മോട്ടോഴ്‌സിന്റെ കീഴിലായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) ഇത് 36 ശതമാനമായി ഇടിഞ്ഞതായി വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുകള്‍ പറയുന്നു. രണ്ട് ടണ്ണില്‍ താഴെ ഭാരം വഹിക്കാന്‍ കഴിയുന്ന ചെറു ഭാരവാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞതാണ് തിരിച്ചടിക്കുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ശ്രേണിയില്‍ ആറ് വര്‍ഷം മുമ്പ് 66 ശതമാനമുണ്ടായിരുന്ന വിപണി വിഹിതം 53 ശതമാനത്തിലുമെത്തി. കഴിഞ്ഞ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ കമ്പനി ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ തന്നെ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു.
ചെറു ഭാരവാഹനങ്ങളുടെ ഡിമാന്‍ഡ് വിപണിയില്‍ കുറഞ്ഞുവരികയാണെന്നാണ് കണക്കുകള്‍ പറയുന്നത്. 2019ല്‍ ആകെ നിരത്തിലിറങ്ങിയ വാണിജ്യ വാഹനങ്ങളുടെ 23 ശതമാനവും രണ്ട് ടണ്ണില്‍ താഴെയുള്ളതായിരുന്നു. 2024-25ലിത് 16 ശതമാനമായി കുറഞ്ഞു. ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ വിപണിയിലെത്തിയത്, വായ്പാ മാനദണ്ഡങ്ങള്‍ കടുപ്പിച്ചത്, ചരക്ക് നീക്കത്തിനുള്ള കൂലി വര്‍ധിച്ചത്, ചെറു ഭാര വാഹനങ്ങളുടെ വില വര്‍ധിച്ചത് തുടങ്ങിയ കാരണങ്ങളാണ് വില്‍പ്പന കുറയാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.
ഇതിനെ മറികടക്കാന്‍ പുതിയ മോഡലുകളുമായി കളം നിറയാനുള്ള ശ്രമത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. അടുത്തിടെ ഇലക്ട്രിക്, സി.എന്‍.ജി, പെട്രോള്‍ പതിപ്പുകളില്‍ പുറത്തിറങ്ങിയ എയ്‌സ് പ്രോ (Ace Pro)യുടെ വില 3.99 ലക്ഷം രൂപ മുതലാണ്. ചെറു ഭാരവാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിച്ച് വാണിജ്യ വാഹന വിപണിയില്‍ 40 ശതമാനം വിഹിതം നേടാനാണ് കമ്പനിയുടെ പദ്ധതി. ഈവീക്കോ പോലുള്ള കമ്പനികളെ ഏറ്റെടുക്കാന്‍ കഴിഞ്ഞാല്‍ അന്താരാഷ്ട്ര വിപണിയിലെ സാന്നിധ്യം വര്‍ധിപ്പിക്കാനും കമ്പനിക്കാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Tata Motors has approached the Agnelli family’s Exor to buy a controlling stake in truck‑maker Iveco, bolstering its global commercial‑vehicle reach.
Read DhanamOnline in English
Subscribe to Dhanam Magazine