

വാഹനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനുള്ള ഡിജിറ്റല്‍ റീട്ടെയില്‍ ഫിനാന്‍സ് പദ്ധതിക്കായി ടാറ്റ മോട്ടോഴ്സും യെസ് ബാങ്കും സഹകരിക്കുന്നു. ചരക്ക്, പാസഞ്ചര്‍ കാരിയറുകളുടെ മുഴുവന്‍ ശ്രേണിയിലും സംയുക്തമായി പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് കമ്പനികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വാഹനങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന തരത്തിലാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ടാറ്റാ മോട്ടോഴ്സിന്റെ സാങ്കേതിക വിദ്യ പ്ലാറ്റ്‌ഫോമായ ഇ-ഗുരു ആപ്ലിക്കേഷന്‍ വഴി ഉപഭോക്താക്കളുടെ ബിസിനസ്സ് ആവശ്യങ്ങള്‍ മനസിലാക്കും. അതിലൂടെ ഓരോ ഉപഭോക്താക്കള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ള വാഹനങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ ടാറ്റ മോട്ടോര്‍സ് നല്‍കും.
അതിനോടൊപ്പം യെസ് ബാങ്ക് സഹകരണത്തോടെ ഉപഭോക്താവിന് ആവശ്യമായ ഫിനാന്‍സ് പാക്കേജുകള്‍ നിര്‍ദ്ദേശിക്കും. ഫിനാന്‍സ് പദ്ധതി, സ്‌കീമുകള്‍, ആദ്യ അടവ്, ഇഎംഇ എന്നിവയില്‍ എല്ലാം ടാറ്റാ മോട്ടോര്‍സും യെസ് ബാങ്കും തമ്മില്‍ സഹകരിച്ചാകും സഹായങ്ങള്‍ ലഭ്യമാക്കുക.
സാങ്കേതികവിദ്യയെ മുന്‍നിര്‍ത്തി ചടുലമായി മുന്നോട്ട് പോകുന്ന സാങ്കേതിക വിദഗ്ദ്ധരായ രണ്ട് പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള സ്വാഗതാര്‍ഹമായ പങ്കാളിത്തമാണിതെന്നും ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഈ സഹകരണം സഹായിക്കുമെന്നും ധാരണാപത്രത്തില്‍ ഒപ്പുവെച്ചുകൊണ്ട് ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജേഷ് കൗള്‍ പറഞ്ഞു.
ടാറ്റാ മോട്ടോഴ്സുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനിക്കുന്നുവെന്നും വാണിജ്യ വാഹന ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും സാങ്കേതികവിദ്യയിലൂടെ മെച്ചപ്പെട്ട സൗകര്യം വാഗ്ദാനം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും യെസ് ബാങ്ക് നാഷണല്‍ ഹെഡ് കൊമേഴ്സ്യല്‍ റീട്ടെയില്‍ അസറ്റ്‌സ് ആന്‍ഡ് എംഐബി ഗ്രൂപ്പ് പ്രസിഡന്റ് നിപുന്‍ ജെയിനും പറഞ്ഞു.
ടാറ്റ മോട്ടോഴ്സ് സബ് 1 ടണ്‍ മുതല്‍ 55 ടണ്‍ വരെയുള്ള എന്‍ഡ്-ടു-എന്‍ഡ് സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ രാജ്യത്തെ 3700 ടച്ച് പോയിന്റുകളിലൂടെ വിശാലമായ വില്‍പ്പന, സേവന വിതരണ ശൃംഖലയുമുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine